കഴിഞ്ഞ പോസ്റ്റിന്റെ തുടർച്ചയാണിത്. എം.ടി.യെക്കുറിച്ച് പിന്നെയും എഴുതാൻ തോന്നിപ്പോവുന്നു. ‘സ്നേഹാദരങ്ങളോടെ’ എന്ന പുസ്തകത്തിലെ ആദ്യത്തെ അദ്ധ്യായം ശ്രീ.വി.എ.കേശവൻ നായരെക്കുറിച്ചാണ്. അദ്ദേഹത്തെക്കുറിച്ച് പറയുന്നതിനു മുന്നോടിയായി സ്വന്തം പത്രാധിപത്തൊഴിലിനെക്കുറിച്ചും അതിൽ വന്നു പെട്ടിരുന്ന ധർമ്മസങ്കടങ്ങളെക്കുറിച്ചും പറയുന്നുണ്ട്. ആപ്പീസിൽ നിന്നും വാങ്ങുന്ന ശമ്പളപ്പാക്കറ്റിനേക്കാൾ വലുതാണ് ഒരു നല്ല സാഹിത്യസൃഷ്ടി കയ്യിൽക്കിട്ടുമ്പോഴുള്ള സന്തോഷം എന്ന് അദ്ദേഹം പറയുമ്പോൾ അതു വായിക്കുന്ന നമ്മളും അറിയാതെ ഒന്നു ചിരിച്ചുപോവും. ശ്രീ.വി.എ.കേശവൻ നായർ എഴുതിയ ‘കാലത്തിന്റെ കലവറയിൽ നിന്ന്’ എന്ന ലേഖനപരമ്പര എഡിറ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ അതുവരെ അനുഭവിച്ചിരുന്ന വിരസതയിൽ നിന്ന് മോചനം കിട്ടി എന്ന് എം.ടി. സാക്ഷ്യപ്പെടുത്തുന്നത് ശ്രീ.കേശവൻ നായരുടെ പ്രതിഭയ്ക്കുള്ള അഭിനന്ദനവും അംഗീകാരവുമാണ്. ( ഇടയ്ക്ക് നല്ല ആത്മകഥകളെ കുറിച്ച് പറയുന്ന കൂട്ടത്തിൽ അദ്ദേഹം ചാർലി ചാപ്ലിന്റെ ആത്മകഥയെക്കുറിച്ച് പറയുന്നുണ്ട്. ഞാനത് വായിച്ചിട്ടില്ല. വായിക്കണം, വൈകാതെ തന്നെ. മനസ്സിൽ കുറിച്ചൂവച്ചു.)
No comments:
Post a Comment