2016 ആഗസ്റ്റ് 21 ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സന്തോഷ് എച്ചിക്കാനം എഴുതിയ ഒരു കഥയുണ്ട്. ‘ബിരിയാണി’. ഈ കഥ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു. ഈ കഥയിൽ പുതുമയുണ്ട്. അത് വിഷയത്തിലല്ല. കഥ എഴുതിയിരിക്കുന്ന രീതിയിലാണ്. പൊയിനാച്ചിയിലെ കലന്തൻ ഹാജി എന്ന എൺപത്തിയാറുകാരൻ കുബേരന്റെ കൊച്ചുമകന്റെ കല്ല്യാണം. അവിടെ പണിക്കു വന്നിരിക്കുന്ന ബീഹാറുകാരൻ ഗോപാൽ യാദവ്. ഒരു ദരിദ്രഗ്രാമീണൻ. ഭക്ഷണത്തിനു പോലും വക കണ്ടെത്താൻ കഴിയാതെ അലഞ്ഞുതിരിഞ്ഞ് ഒടുവിൽ എങ്ങനെയോ ഭാര്യ മാതംഗിയോടൊപ്പം പൊയിനാച്ചിയിൽ എത്തിപ്പെട്ട ഒരു പച്ചപ്പാവം മനുഷ്യൻ. ബസുമതി അരിയുടെ മണം കേട്ട് കൊതിയോടെ നോക്കിനിന്ന ഭാര്യക്ക് 50 ഗ്രാം ബസുമതി അരി വാങ്ങിക്കൊടുത്ത സ്നേഹധനനായ ഭർത്താവ്. ആ അരി കുറേശ്ശേയായി ഭാര്യ വായിലിട്ട് ചവച്ച് അതിന്റെ മണം ആസ്വദിച്ചു കഴിക്കുന്നത് നിർവൃതിയോടെ നോക്കിനിന്നവൻ. കലന്തൻ ഹാജിയുടെ വീട്ടിലെ കല്ല്യാണവിരുന്നിനായി ഏറ്റവും മുന്തിയതരം ബസുമതി അരി എത്തിയിരിക്കുന്നു. അതും ഒരു ലോഡ്. പഞ്ചാബിൽ നിന്ന്. അത് വന്നപ്പോൾ നാടു മുഴുവൻ മുല്ല പൂത്ത സുഗന്ധമായിരുന്നുവത്രെ! ഗോപാൽ യാദവിനെ ഏൽപ്പിച്ചജോലി അയാളുടെ പൊക്കത്തിനൊപ്പം ആഴവും വീതിയുമുള്ള ഒരു കുഴി ഉണ്ടാക്കുക എന്നതായിരുന്നു. മണ്ണു കിളച്ചും വെട്ടിമാറ്റിയും കുഴി തീർത്തുകഴിയുമ്പോഴേയ്ക്കും അയാൾ തളർന്ന് ആ കുഴിയിൽ തന്നെ ബോധമറ്റു കിടന്നു. കണ്ണുതുറക്കുമ്പോൾ സൽക്കാരമെല്ലാം ക്ഴിഞ്ഞ് ആളുകൾ പോയിത്തുടങ്ങിയിരുന്നു. വണ്ടികൾ തിരിച്ചു പോവുന്ന ശബ്ദങ്ങൾ. കുഴി തയ്യാറായോ എന്നു നോക്കാൻ വന്നവർ അയാളെ കൈപിടിച്ച് കയറ്റി. പിന്നെ വലിയ വീപ്പ നിറച്ച് സുഗന്ധം പരത്തുന്ന ബിരിയാണി കുഴിയിലേയ്ക്ക് കമഴ്ത്തി. പിന്നെയും. പിന്നെയും. കുഴിനിറയും വരെ. ഒടുവിൽ പൊട്ടിക്കാത്ത ഒരു ചെമ്പ് ബിരിയാണി കൂടി കമഴ്ത്തി. അത് മണ്ണിട്ടു മൂടി ചവിട്ടി അമർത്താൻ ഗോപാൽ യാദവിനോട് ആ വീട്ടിലെ ചെറുക്കൻ പറയുന്നുണ്ട്. അയാൾക്ക് അനങ്ങാൻ കഴിയുന്നില്ല. കിടക്കുന്നത് ബസ്‌മതിയാണ്. ഒടുവിൽ അയാൾ ചവിട്ടി.നെഞ്ചിൽത്തന്നെ. അയാൾ ഒരു കരച്ചിൽ കേട്ടു.ഒരു ഞരക്കം. പിന്നെ അതും നേർത്ത്നേർത്ത് ഇല്ലാതായി. പണിയെടുപ്പിക്കാൻ വന്ന ചെറുക്കൻ ചോദിച്ചു, “ഭായീ... ഭായിക്കെത്ര മക്കളാ?” “ഒരു മോള് “ “എന്താ പേര്?” “ബസ്‌മതി” നിക്കാഹ് കയിഞ്ഞാ?” “ഇല്ല” പഠിക്ക്യാണോ?” “അല്ല” “പിന്നെ?” “മരിച്ചു” “എങ്ങനെ?” വിശന്നിട്ട്”.
No comments:
Post a Comment