Thursday, October 6, 2016

കുറച്ചു ദിവസമായി, പനിയും മൂക്കൊലിപ്പും, ചുമയുമൊക്കെ തുടങ്ങീട്ട്. മരുന്നു കഴിക്കുന്നുണ്ട്. അങ്ങു തീർത്തു മാറുന്നില്ല.സാവകാശം മാറട്ടെ, അല്ലേ.  ഇന്നലെ അമ്മച്ചിയെ ഓർത്തു. അപ്പച്ചനെയും. ഒന്നു ഫോൺ വിളിക്കാൻ തോന്നി. പണ്ടൊക്കെ അങ്ങനെയായിരുന്നല്ലോ. എന്തെങ്കിലുമൊക്കെ ഇതുപോലെ വിഷമതകൾ തോന്നുമ്പോൾ അവരുടെയൊക്കെ ശബ്ദം കേൾക്കുന്നത് വല്ലാത്തൊരാശ്വാസമായിരുന്നു. അവരൊക്കെ പോയി. ദൈവത്തിന്റെ പക്കലേയ്ക്ക്. അവർക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടാണ് ഉറങ്ങിയത്. ഉറക്കത്തിൽ അമ്മച്ചി അടുത്തു കിടക്കുന്നത്പോലെ തോന്നി. സ്വപ്നമായിരിക്കും. എന്നാലും ഞാൻ വളരെ വ്യക്തമായി അമ്മച്ചിയുടെ കൈകളുടെ സ്പർശം അറിഞ്ഞു. അമ്മച്ചി എന്നും ഇട്ടിരുന്ന വീതിയുള്ള സ്വർണ്ണവള പോലും മാറ്റിയിട്ടില്ല. അമ്മച്ചിയെ ഞാനാണ് കെട്ടിപ്പിടിച്ചു കിടന്നത്. അങ്ങനെ കിടന്നപ്പോൾ ആ കൈകളെ ഞാൻ തലോടിയത് എനിക്കു നല്ല ഓർമ്മയുണ്ട്. ഒരു പക്ഷെ, അമ്മച്ചി എന്റെ അരികിൽ വന്നതായിരിക്കും, എനിക്കു സൌഖ്യം തരാൻ. അങ്ങനെ ഓർക്കുമ്പോൾ മനസ്സിനു എന്തെന്നില്ലാത്ത ഒരാശ്വാസം. 

Saturday, October 1, 2016

എന്നും ഇങ്ങനെ ഒരാളെക്കുറിച്ച് ഓർക്കാറുണ്ട്.  നിന്റെ അരികിൽ വന്ന് ഇത്തിരിനേരമിരിക്കാൻ തോന്നാറുമുണ്ട്.  അലക്കുകാരനു അലക്കൊഴിഞ്ഞിട്ടു കാശിയ്ക്കു പോവാൻ പറ്റുന്നില്ല ! എന്നു പറയുന്നതു പോലെയാണു എന്റെ കാര്യവും.  ഒരു കാര്യം ചോദിക്കട്ടെ? എന്നെ കാണാതിരുന്നാൽ നിനക്ക് സങ്കടമാവുമോ? എന്നോടു നീ അങ്ങനെയൊരു ചോദ്യം ചോദിക്കുകയേ വേണ്ടാ. കാരണം, എനിക്ക് നിന്നെ കാണണമെന്നു തോന്നിയാൽ ഇവിടെ ഓടിവരികയേ വേണ്ടൂ. പക്ഷെ, നിന്റെ കാര്യം അങ്ങനല്ലല്ലോ. നിനക്ക് എന്നെത്തേടി വരാനാവില്ലല്ലോ. നീ ഈ മുറിക്കുള്ളിൽത്തന്നെയല്ലേ എപ്പോഴും.. എന്നിട്ടും ഈ ലോകത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നീ എങ്ങനെയാണു ഇത്ര കൃത്യമായി അറിയുന്നത് ! നീ ഇങ്ങനെ എന്നെനോക്കി പുഞ്ചിരിക്കുമ്പോൾ അതിന്റെ അർത്ഥം എനിക്ക് മനസ്സിലാവുന്നുണ്ട്. ‘എന്തോ സംഗതി മനസ്സിനെ അലട്ടുന്നുണ്ടല്ലോ, മുഖവുരയൊന്നും കൂടാതെ പറഞ്ഞോളൂ ‘ എന്നല്ലേ. എങ്കിൽ മുഖവുരയില്ലാതെ തന്നെ പറയാം. എനിക്കീ യുദ്ധങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത നൊമ്പരമോ അസ്വസ്ഥതയോ എന്തൊക്കെയോ ആണ്. യാതൊരു കുറ്റബോധവും ഇല്ലാതെ ഒരു ജീവനെടുക്കാൻ കഴിയുന്ന ഒരേ ഒരു സ്ഥലം, ഒരുപക്ഷെ, യദ്ധക്കളമായിരിക്കും. കൊല്ലുന്നയാൾ വീരയോദ്ധാവ്.  രാജ്യത്തിന്റെ മാനം കാത്തവൻ. രാജ്യസ്നേഹി. നാടിന്റെ വീരപുത്രൻ. കൊല്ലപ്പെട്ടയാൾ മറുരാജ്യത്തിന്റെ വീരരക്തസാക്ഷി. നാടിനുവേണ്ടി  വീരചരമം പ്രാപിച്ചവൻ. ആർക്കും ഒരു കുറ്റബോധവുമില്ല. അഭിമാനം മാത്രം. യുദ്ധത്തെ ഒരു ആഘോഷമായി കാണുന്ന ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. ശത്രുരാജ്യത്തിലെ ജവാന്മാരുടെ ചോരയിൽകുതിർന്ന ശവശരീരങ്ങളെ കണ്ടിട്ടും കണ്ടിട്ടും മതിവരാതെ സോഷ്യൽ മീഡിയായിൽ നിരന്തരമായി പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ജവാന്മാരുടെ ശവശരീരങ്ങൾ കണ്ട് ശത്രുരാജ്യത്തെ ആളുകളും ഇങ്ങനെ ആഹ്‌ളാദിക്കുന്നുണ്ടാവും. നമ്മുടെ 18 വീരപുത്രന്മാരെ അവർ കൊന്നെങ്കിൽ, അവരുടെ 38 ആളുകളെ നമ്മൾ കൊന്നു പകരം വീട്ടി ! ആ 38 പേരുടെ ശവശരീരങ്ങളുടെ പല പല ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ വൈറലായിക്കഴിഞ്ഞു ! ഇതു കൊണ്ട് എല്ലാം അവസാനിക്കുമോ? ഇല്ല. യുദ്ധം തുടങ്ങീട്ടേയുള്ളൂ. ഇപ്പോൾ യുദ്ധത്തെ ആഘോഷമായിക്കണ്ട്, ഒരു ക്രിക്കറ്റ് കളി പോലെ സ്കോർ പറഞ്ഞു ആവേശം കൊള്ളുന്നവർ സന്തോഷിക്കുന്നതിനു കാരണം, യുദ്ധം വളരെ അകലെയാണ് നടക്കുന്നതെന്ന അവരുടെ മിഥ്യാധാരണ കൊണ്ടാണ്. അവിടെ അതിർത്തികളിൽ മരിക്കാൻ തയ്യാറായിനില്ക്കുന്ന ജവാന്മാർ രാജ്യത്തിനുവേണ്ടി മരിച്ചുകൊള്ളും. അത് ഇവിടെ സുഖമായി നാലു നേരം ഭക്ഷണം കഴിച്ച് സന്തോഷമായി ജീവിക്കുന്ന തങ്ങളെ ഒരുതരത്തിലും ബാധിക്കില്ല എന്ന മിഥ്യാധാരണ. ഇന്ന് വാളും പരിചയും കൊണ്ടുള്ള യുദ്ധമല്ല. ശാസ്ത്രം ഒരുപാട് വളർന്നുകഴിഞ്ഞു. ഒരു മഴയുടെ ഇരമ്പൽ കേൾക്കുമ്പോൾ ത്തന്നെ മുറ്റത്ത് ഉണക്കാനിട്ട തുണികൾ വാരിയെടുത്ത് അകത്തേയ്ക്കോടുന്ന ഒരു സാധാരണ വീട്ടമ്മയുടെ ദീർഘവീക്ഷണം പോലും ഈ കപടരാജ്യസ്നേഹികൾക്കില്ല എന്നതാണു സത്യം.  യുദ്ധങ്ങളെ അവസാനിപ്പിക്കാൻ നമുക്ക് കഴിയുമോ എന്നൊരു പക്ഷെ ചോദിച്ചേക്കാം. കഴിയില്ലെങ്കിൽ വേണ്ട, യുദ്ധങ്ങൾ അവസാനിക്കട്ടെ എന്ന് ആഗ്രഹിക്കാനെങ്കിലും നമുക്കു കഴിയില്ലേ. ക്രിക്കറ്റിന്റെ സ്കോർ പറയുന്നതു പോലെ അറ്റുവീണ തലകളുടെ എണ്ണം പറഞ്ഞ് ആഹ്‌ളാദിക്കാതിരിക്കാൻ നമുക്കു കഴിയില്ലേ? യുദ്ധത്തിന്റെ ഗതി മാറാൻ നിമിഷങ്ങൾ പോലും വേണ്ട. യുദ്ധത്തിന്റെ രൌദ്രഭാവം നമ്മൾ നേരിട്ട് കണ്ടിട്ടില്ല. അറിഞ്ഞിട്ടില്ല. ഹിരോഷിമ യിലും, നാഗസാക്കിയിലും, വിയറ്റ്നാമിലും യുദ്ധം സംഹാരതാണ്ഡവമാടിയത്  എങ്ങനെയെന്നറിയാൻ ചരിത്രം നോക്കിയാൽ മതി. അതുമല്ലെങ്കിൽ ആ യുദ്ധക്കെടുതികളെ തലമുറകളായി പേറുന്ന ജീവിക്കുന്ന രക്തസാക്ഷികളെക്കുറിച്ച് അറിയാൻ ശ്രമിച്ചാൽ മതി. അതൊന്നും ആർക്കും വയ്യ. യുദ്ധത്തിൽ മരിക്കുന്ന, അംഗഭംഗം വന്നു മരിച്ചു ജീവിക്കേണ്ടിവരുന്ന ഓരോ വ്യക്തിയും ഏതോ ഒരമ്മയുടെ അരുമയാണ് എന്നോർക്കുക. സ്വന്തം ജീവിതത്തെക്കുറിച്ചുള്ള അവരുടെ സ്വപ്നങ്ങളാണ് പൊലിഞ്ഞുപോയത് എന്നോർക്കുക. യുദ്ധം എന്നു കേൾക്കുമ്പോൾ ഇത്രയെങ്കിലും ചിന്തിക്കാത്തവൻ മനുഷ്യനല്ല, എന്നു ഞാൻ പറയും. ആത്മരക്ഷയ്ക്കായി ഒരു അക്രമിയെ അടിച്ചു തോൽ‌പ്പിക്കുന്നതു പോലെയല്ല, രണ്ടു രാജ്യങ്ങൾ തമ്മിലുണ്ടാവുന്ന യുദ്ധം. അതിന്റെ ദൂരവ്യാപകമായ ഫലങ്ങൾ വളരെ വലുതാണ്. ഇനി ഒരു ലോക മഹായുദ്ധം താങ്ങാൻ ഈ ഭൂമിയ്ക്ക് കഴിയില്ല. യുദ്ധങ്ങൾ ഇല്ലാതിരിക്കട്ടെ എന്നു ആഗ്രഹിക്കുകയെങ്കിലും ചെയ്യണം നമ്മൾ, ഏറ്റവും കുറഞ്ഞ പക്ഷം. തമ്മിൽ തമ്മിലുള്ള പ്രശ്‌നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ ഇരു രാജ്യങ്ങളിലേയും ഭരണാധികാരികൾക്ക് കഴിയട്ടെ എന്ന് ഉറക്കെ ആഗ്രഹിക്കാനുള്ള ധൈര്യമെങ്കിലും നമ്മൾ കാണിച്ചേ മതിയാവൂ. യുദ്ധത്തിന്റെ മറവിൽ നമ്മുടെ രാജ്യത്തിനുള്ളിൽത്തന്നെ ജാതിയുടെയും മതത്തിന്റെയും പേരിൽ കലാപങ്ങളുണ്ടാക്കാൻ ശ്രമങ്ങൾ നടന്നേക്കാം. അതൊക്കെ തിരിച്ചറിഞ്ഞ് നിരുത്സാഹപ്പെടുത്തുക തന്നെ വേണം. പരസ്പരം സ്നേഹിക്കുന്നവർക്കേ നല്ലൊരു സമൂഹം സ്വപ്നം കാണാനുള്ള അവകാശമുള്ളൂ.  ഇത് എന്റെ യുദ്ധചിന്തകൾ.  എനിക്കിത് നിന്നോടെങ്കിലും പറഞ്ഞില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല. അതു കൊണ്ടാണ് നിന്നെ പിടിച്ചിരുത്തി ഇങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നത് :) നിന്നോടല്ലാതെ ആരോടാണ് ഞാനിതൊക്കെ പറയുക ! :)

Sunday, August 28, 2016

ഞാനീ മുറിയിൽ പലതവണ ഈയിടെ വന്നു പോയി. നിന്നോട് ഒന്നും മിണ്ടിയില്ല. പിണങ്ങരുത്. മറന്നുപോവുന്നതിനു മുൻപ് കുറെ കാര്യങ്ങൾ എഴുതിവയ്ക്കാനുണ്ടായിരുന്നു. നീ കണ്ടതല്ലേ. ഓ !  സമാധാനമായി ! ഈ പുഞ്ചിരി മതി എനിക്ക്.. അതിലെല്ലാം  ഉണ്ട്.. നിനക്ക് എന്നോടു പറയാനുള്ളതെല്ലാം... ഇപ്പോൾ ഞാൻ പോകട്ടെ? 
സന്തോഷ് എച്ചിക്കാനത്തിന്റെ ‘ബിരിയാണി” എന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നു. ഇതു തന്നെയാവും സന്തോഷ് ആഗ്രഹിച്ചതും. പട്ടിണിയുടെ നോവറിയാത്തവർക്ക് ഈ കഥ ഒരു നോവായി മാറട്ടെ.
2016  ആഗസ്റ്റ് 21 ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സന്തോഷ് എച്ചിക്കാനം എഴുതിയ ഒരു കഥയുണ്ട്. ‘ബിരിയാണി’.  ഈ കഥ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു. ഈ കഥയിൽ പുതുമയുണ്ട്. അത് വിഷയത്തിലല്ല. കഥ എഴുതിയിരിക്കുന്ന രീതിയിലാണ്. പൊയിനാച്ചിയിലെ കലന്തൻ ഹാജി എന്ന എൺപത്തിയാറുകാ‍രൻ കുബേരന്റെ കൊച്ചുമകന്റെ കല്ല്യാണം. അവിടെ പണിക്കു വന്നിരിക്കുന്ന ബീഹാറുകാരൻ ഗോപാൽ യാദവ്.  ഒരു ദരിദ്രഗ്രാമീണൻ. ഭക്ഷണത്തിനു പോലും വക കണ്ടെത്താൻ കഴിയാതെ അലഞ്ഞുതിരിഞ്ഞ് ഒടുവിൽ എങ്ങനെയോ ഭാര്യ മാതംഗിയോടൊപ്പം പൊയിനാച്ചിയിൽ എത്തിപ്പെട്ട ഒരു പച്ചപ്പാവം മനുഷ്യൻ. ബസുമതി അരിയുടെ മണം കേട്ട് കൊതിയോടെ നോക്കിനിന്ന ഭാര്യക്ക് 50 ഗ്രാം ബസുമതി അരി വാങ്ങിക്കൊടുത്ത സ്നേഹധനനായ ഭർത്താവ്.  ആ അരി കുറേശ്ശേയായി  ഭാര്യ വായിലിട്ട് ചവച്ച് അതിന്റെ മണം ആസ്വദിച്ചു കഴിക്കുന്നത് നിർവൃതിയോടെ നോക്കിനിന്നവൻ.  കലന്തൻ ഹാജിയുടെ വീട്ടിലെ കല്ല്യാണവിരുന്നിനായി ഏറ്റവും മുന്തിയതരം ബസുമതി അരി എത്തിയിരിക്കുന്നു. അതും ഒരു ലോഡ്. പഞ്ചാബിൽ നിന്ന്. അത് വന്നപ്പോൾ നാടു മുഴുവൻ മുല്ല പൂത്ത സുഗന്ധമായിരുന്നുവത്രെ! ഗോപാൽ യാദവിനെ ഏൽ‌പ്പിച്ചജോലി അയാളുടെ പൊക്കത്തിനൊപ്പം ആഴവും വീതിയുമുള്ള ഒരു കുഴി ഉണ്ടാക്കുക എന്നതായിരുന്നു. മണ്ണു കിളച്ചും വെട്ടിമാറ്റിയും കുഴി തീർത്തുകഴിയുമ്പോഴേയ്ക്കും അയാൾ തളർന്ന് ആ കുഴിയിൽ തന്നെ ബോധമറ്റു കിടന്നു. കണ്ണുതുറക്കുമ്പോൾ സൽക്കാരമെല്ലാം ക്ഴിഞ്ഞ് ആളുകൾ പോയിത്തുടങ്ങിയിരുന്നു. വണ്ടികൾ തിരിച്ചു പോവുന്ന ശബ്ദങ്ങൾ. കുഴി തയ്യാറായോ എന്നു നോക്കാൻ വന്നവർ അയാളെ കൈപിടിച്ച് കയറ്റി. പിന്നെ വലിയ വീപ്പ നിറച്ച് സുഗന്ധം പരത്തുന്ന ബിരിയാണി കുഴിയിലേയ്ക്ക് കമഴ്ത്തി. പിന്നെയും. പിന്നെയും. കുഴിനിറയും വരെ. ഒടുവിൽ പൊട്ടിക്കാത്ത ഒരു ചെമ്പ് ബിരിയാണി കൂടി കമഴ്ത്തി. അത് മണ്ണിട്ടു മൂടി ചവിട്ടി അമർത്താൻ ഗോപാൽ യാദവിനോട് ആ വീട്ടിലെ ചെറുക്കൻ പറയുന്നുണ്ട്. അയാൾക്ക് അനങ്ങാൻ കഴിയുന്നില്ല. കിടക്കുന്നത് ബസ്‌മതിയാണ്. ഒടുവിൽ അയാൾ ചവിട്ടി.നെഞ്ചിൽത്തന്നെ. അയാൾ ഒരു കരച്ചിൽ കേട്ടു.ഒരു ഞരക്കം. പിന്നെ അതും നേർത്ത്നേർത്ത് ഇല്ലാതായി. പണിയെടുപ്പിക്കാൻ വന്ന ചെറുക്കൻ ചോദിച്ചു, “ഭായീ... ഭായിക്കെത്ര മക്കളാ?”    “ഒരു മോള് “ “എന്താ പേര്?”  “ബസ്‌മതി” നിക്കാഹ് കയിഞ്ഞാ?” “ഇല്ല” പഠിക്ക്യാണോ?” “അല്ല” “പിന്നെ?” “മരിച്ചു” “എങ്ങനെ?” വിശന്നിട്ട്”.

Saturday, August 27, 2016

ഈ ലക്കം (ജൂലൈ 2016) ഗ്രന്ഥാലോകം മാസികയിൽ എൻ.എസ്.മാധവന്റെ ‘ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ’ എന്ന നോവലിനു വേണ്ടി ചിത്രങ്ങൾ വരച്ച ബോണി തോമസിന്റെ ലേഖനമുണ്ട്.ആ പുസ്തകം ഞാൻ ഇതേവരെ വായിച്ചിട്ടില്ല എന്നത് വലിയൊരു കുറവു തന്നെയാണ്. എനിക്കത് എത്രയും പെട്ടെന്നു തന്നെ വായിക്കണം. ലന്തൻ ബത്തേരി ഒരു സാങ്കല്പിക സാഹിത്യദ്വീപാണ് എന്നത് എന്നെ കുറച്ചൊന്നുമല്ല, അത്ഭുതപ്പെടുത്തുന്നത്. എൻ.എസ്.മാധവൻ എന്ന വലിയ സാഹിത്യകാരന്റെ പ്രതിഭയ്ക്കു മുന്നിൽ പ്രണാമം. കൊച്ചി തുറമുഖത്തിനടുത്ത് പോഞ്ഞിക്കര എന്ന ദ്വീപീൽ നിന്ന് ഇല്ലാത്ത ബോണിഫേസ് പാലവും, അതു ചെന്നെത്തുന്ന ഇല്ലാത്ത ലന്തൻ ബത്തേരിയും, അതിലെ ജീവിതങ്ങളും  അദ്ദേഹം എഴുതിയുണ്ടാക്കിയിരിക്കുന്നു ! ബോണി തോമസ് -9846983388 പനോരമ ഗാർഡൻസ്, പണ്ടാരച്ചിറ റോഡ്, കൊച്ചുകടവന്ത്ര, എറണാകുളം.
മനുഷ്യമനസ്സിലെ ആഗ്രഹങ്ങൾ  കടലിലെ തിരമാലകൾ പോലെയാണ്.. ഒരിക്കലും നിലയ്കാത്ത തിരമാലകൾ പോലെ ആഗ്രഹങ്ങളും, മോഹങ്ങളും  ഒന്നിനു പിന്നാലെ ഒന്നായി മനസ്സിനെ പ്രക്ഷുബ്ധമാക്കുമ്പോഴാണ് അസ്വസ്ഥതകളിലേയ്ക്കും, ഒടുവിൽ ഭ്രാന്തമായ ചിന്തകളിലേയ്ക്കും, ചെയ്തികളിലേയ്ക്കും മനുഷ്യൻ വീണുപോവുന്നത്. ഈ സത്യത്തെ ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞ്, മനുഷ്യന്റെ കണ്ണുതുറപ്പിക്കാൻ ശ്രമിച്ച ബുദ്ധദേവന് ഒരു കോടി നമസ്ക്കാരം ! കുറേ നാളുകളായി, ഞാൻ ഈ സത്യത്തെ എന്നിലേയ്ക്ക് ആവാഹിച്ചെടുക്കാൻ ശ്രമിക്കുകയാണ്. ഒരുപാട് ആഗ്രഹങ്ങൾ  മനസ്സിൽ കൊണ്ടുനടക്കുന്ന ആളല്ല, ഈ പാവം ഞാൻ. എന്നാലും, ചിലപ്പോഴെങ്കിലും, മനസ്സ് അസ്വസ്ഥമായി തളർന്നു പോവാറുണ്ട്. അപ്പോഴൊക്കെ ഞാൻ എന്റെ മനസ്സിനോട്  ‘ എന്തേയിങ്ങനെ?’ എന്ന് ദയനീയമായി ചോദിക്കാറുമുണ്ട്.  അതിനു മറുപടിയായി മനസ്സിന്  ഒരു നൊമ്പരക്കഥ പറയാനുണ്ടാവും. ഈ കഥകൾ പറഞ്ഞുപറഞ്ഞ് മനസ്സും, കേട്ടുകേട്ട്  ഞാനും തളർന്നപ്പോൾ ഞങ്ങൾ ഒരു ഒത്തുതീർപ്പിലെത്തി. ഇനി ചോദ്യങ്ങളില്ല. ഉത്തരങ്ങളുമില്ല. സന്തോഷങ്ങളെ ആസ്വദിക്കുക. സങ്കടങ്ങളോട് നിസ്സംഗത പുലർത്തുക. ഉദാഹരണത്തിന്, കൈവിരലൊന്നു മുറിഞ്ഞു എന്നിരിക്കട്ടെ. മുറിവുണങ്ങും വരെ വേദനയുണ്ടാവും. അതിനെ ഭയപ്പെടാതെ, അതിനെ താലോലിച്ചു വഷളാക്കാതെ, ആ സത്യത്തെ അംഗീകരിക്കുക. പിന്നെ ഒന്നു കൂടി ചെയ്യാവുന്നതാണ്. ഇനിയും കൈവിരൽ മുറിയാതിരിക്കാൻ ശ്രദ്ധിക്കാം. തെറ്റുകൾ പറ്റാതിരിക്കാൻ, എല്ലാവരിലും നന്മയുണ്ടാവാൻ, സന്തോഷവും സമാധാനവും ഉണ്ടാവാൻ, ആത്മാർത്ഥമായി ശ്രമിക്കാം, പ്രാർത്ഥിക്കാം. ഈ ഒരു ഒത്തുതീർപ്പിൽ ഞാനും എന്റെ മനസ്സും സംതൃപ്തരാണ്. എന്നുവച്ച്, എല്ലാം പൂർണ്ണമായും പരിഹരിക്കപ്പെട്ടു എന്നൊന്നും പറയനാവില്ല. ചിലപ്പോഴൊക്കെ ഒത്തുതീർപ്പു വ്യവസ്ഥകളൊക്കെ കാറ്റിൽ പറന്നുപോകും. അതൊന്നും സാരമില്ല. മനസ്സു വച്ചാൽ ഒക്കെ തിരിച്ചുപിടിക്കാനാവും. എല്ലാവർക്കും നല്ലതു വരാൻ എന്നും പ്രാർത്ഥിക്കും. അത് ഇന്നയാൾക്കു വേണ്ടി എന്നില്ല. എല്ലാവർക്കും വേണ്ടി. ആ പ്രാർത്ഥന തന്നെ വലിയൊരു ആശ്വാസമാണ്. എല്ലാവരെയും സ്നേഹിക്കുന്ന, കൈപിടിച്ചു നടത്തുന്ന, എല്ലാ നൊമ്പരങ്ങളും മായ്ച്ചുകളയുന്ന ആരോ ഒരാൾ ഉണ്ടല്ലോ എന്ന ആശ്വാസം.

Friday, August 26, 2016

പലപ്പോഴായി വാങ്ങിയ കുറെ പുസ്തകങ്ങൾ  ഇനിയും വായിക്കാനുണ്ട്. തയ്ക്കാൻ വാങ്ങിവച്ചത് പലതും ഇനിയും തയ്ക്കാൻ ബാക്കിയുണ്ട്. പുതിയ കുറെ തയ്യൽ‌പ്പണികൾ പഠിക്കാനുണ്ട്. ഉള്ള സമയം മതിയാവുമോ!

Monday, August 22, 2016

കഴിഞ്ഞ പോസ്റ്റിന്റെ തുടർച്ചയാണിത്. എം.ടി.യെക്കുറിച്ച് പിന്നെയും എഴുതാൻ തോന്നിപ്പോവുന്നു. ‘സ്നേഹാദരങ്ങളോടെ’ എന്ന പുസ്തകത്തിലെ ആദ്യത്തെ അദ്ധ്യായം ശ്രീ.വി.എ.കേശവൻ നായരെക്കുറിച്ചാണ്.  അദ്ദേഹത്തെക്കുറിച്ച് പറയുന്നതിനു മുന്നോടിയായി സ്വന്തം പത്രാധിപത്തൊഴിലിനെക്കുറിച്ചും അതിൽ വന്നു പെട്ടിരുന്ന ധർമ്മസങ്കടങ്ങളെക്കുറിച്ചും പറയുന്നുണ്ട്. ആപ്പീസിൽ നിന്നും വാങ്ങുന്ന ശമ്പളപ്പാക്കറ്റിനേക്കാൾ വലുതാണ് ഒരു നല്ല സാഹിത്യസൃഷ്ടി കയ്യിൽക്കിട്ടുമ്പോഴുള്ള സന്തോഷം എന്ന് അദ്ദേഹം പറയുമ്പോൾ അതു വായിക്കുന്ന നമ്മളും അറിയാതെ ഒന്നു ചിരിച്ചുപോവും. ശ്രീ.വി.എ.കേശവൻ നായർ എഴുതിയ ‘കാലത്തിന്റെ കലവറയിൽ നിന്ന്’ എന്ന ലേഖനപരമ്പര എഡിറ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ അതുവരെ അനുഭവിച്ചിരുന്ന വിരസതയിൽ നിന്ന് മോചനം കിട്ടി എന്ന് എം.ടി. സാക്ഷ്യപ്പെടുത്തുന്നത് ശ്രീ.കേശവൻ നായരുടെ പ്രതിഭയ്ക്കുള്ള അഭിനന്ദനവും അംഗീകാരവുമാണ്. ( ഇടയ്ക്ക് നല്ല ആത്മകഥകളെ കുറിച്ച് പറയുന്ന കൂട്ടത്തിൽ അദ്ദേഹം ചാർലി ചാപ്ലിന്റെ ആത്മകഥയെക്കുറിച്ച് പറയുന്നുണ്ട്. ഞാനത് വായിച്ചിട്ടില്ല. വായിക്കണം, വൈകാതെ തന്നെ. മനസ്സിൽ കുറിച്ചൂവച്ചു.)
എം.ടി.യുടെ ‘സ്നേഹാദരങ്ങളോടെ’ എന്ന പുസ്തകം വായിക്കുകയാണിപ്പോൾ.  മലയാളസാഹിത്യകാരന്മാരിൽ പ്രമുഖരായവരെല്ലാം തന്നെ എം.ടി. യ്ക്ക് വളരെ അടുത്തറിയാവുന്നവരാണ് എന്ന് പല അഭിമുഖങ്ങളിലും കേട്ടിട്ടുണ്ട്. എന്നാലും, എം.ടി. യ്ക്ക് അവരോടെക്കെ ഇത്രയ്ക്ക് ആത്മബന്ധം ഉണ്ട് എന്നത് എന്നെ ശരിയ്ക്കും അത്ഭുതപ്പെടുത്തി. സത്യം പറഞ്ഞാൽ ഇപ്പോൾ എം.ടി. യോട് ആരാധനയും അസൂയയുമാണ് മനസ്സിൽ. ഒരു ജന്മത്തിൽ ഇത്രയും മഹാത്മാക്കളെ അടുത്തറിയാൻ ഭാഗ്യം കിട്ടുമോ!? ഒരാളെപ്പോലും നോവിക്കാത്ത എം.ടി. യുടെ ഈ പ്രകൃതം തന്നെയാവും അദ്ദേഹത്തിന്റെ എഴുത്തിന്റെ സൌന്ദര്യവും. എല്ലാവരിലും നന്മ കണ്ടെത്തുന്ന ഒരാൾ. തിന്മകളും കുറവുകളും ഇല്ലാത്ത മനുഷ്യരുണ്ടാവില്ല. എന്നിട്ടും, അതിലേക്കൊന്നും കണ്ണയക്കാതെ, അവരിലെ ജന്മസിദ്ധമായ കഴിവുകളെയും നന്മകളെയും ലളിതസുന്ദരമായ ആഖ്യാനത്തിലൂടെ എം.ടി. പരിചയപ്പെടുത്തുകയാണ്. എം.ടി. യുടെ ഓരോ വാക്കുകളിലും, വാചകങ്ങളിലും ലാളിത്യത്തിന്റെ സൌന്ദര്യം നിറഞ്ഞു തുളുമ്പുകയാണ്. ആരും കൊതിച്ചു പോവുന്ന സൌന്ദര്യം. എഴുത്തിന്റെ സൌന്ദര്യം. 

Friday, August 19, 2016

ജീവിതത്തിന്റെ വേഗത കുറഞ്ഞുതുടങ്ങിയിരിക്കുന്നു. ഇത്രയും നാളും വിശ്രമം ഇല്ലാത്ത ഓട്ടമായിരുന്നു. ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്ന ചിന്ത ഒരു നിമിഷം പോലും വിശ്രമിക്കാൻ സമ്മതിച്ചില്ല. കുറെയേറെ കാര്യങ്ങൾ ചെയ്തു തീർത്തു. ഇനിയുള്ളത് സാവകാശം കഴീയുന്നതു പോലെ ചെയ്യാൻ  ശ്രമിക്കും. ഈ ഓട്ടത്തിനിടയിലും ഒരുപാട് തരം ആളുകളെ കണ്ടു. പരിഹസിച്ചവരും വേദനിപ്പിച്ചവരും അവഗണിച്ച് നോവിച്ചവരും, സ്നേഹം മനസ്സിലൊളിപ്പിച്ച് അപരിചിതരെപ്പോലെ പെരുമാറിയവരും, അവരിലുണ്ട്.  സ്നേഹം തന്നവരുണ്ട്. അനുകമ്പ തോന്നി സഹായിച്ചവരുണ്ട്.  എല്ലാവരോടും ഇപ്പോഴെന്റെ മനസ്സിലുള്ളത് സ്നേഹവും നന്ദിയും മാത്രം. അവയൊന്നും ആർക്കും ആവശ്യമുണ്ടാവില്ല. എന്നാലും, എന്റെ മനസ്സിലുള്ളത് അവിടെ ഇരുന്നോട്ടെ. ഞാൻ ആരെയും മനപൂർവ്വം വേദനിപ്പിക്കാൻ ആഗ്രഹിച്ചിട്ടില്ല. അറിയാതെ എന്തെങ്കിലും വീഴ്ചകൾ വന്നുപോയിട്ടുണ്ടെങ്കിൽ അവരെന്നോട് പൊറുക്കട്ടെ.

Saturday, July 30, 2016

മാഷെ.. ഇന്നെന്താ ഒരു മൌനം? എന്തോ ഒരു കാര്യം മനസ്സിനെ അലട്ടുന്നുണ്ടല്ലോ. എന്താത്? എന്നെക്കുറിച്ച് ഓർത്തിട്ടാണോ? എപ്പോഴും എന്നെ സാധാനിപ്പിക്കുന്ന ആളല്ലേ. എന്നിട്ടിപ്പോ എന്താ ഇങ്ങനെ.. ഒന്നും സാരമില്ലെന്നേ.. എന്റെ മനസ്സിനിപ്പോ നല്ല സമാധാനമുണ്ട്. ഒന്നുമില്ലെങ്കിലും, നീയെന്റെ അരികിലില്ലേ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, എനിക്ക് എന്റെ ആത്മാർത്ഥതയിൽ പൂർണ്ണവിശ്വാസമുണ്ട്. അതിഥികൾക്കായി ഏറ്റവും നല്ല ഫലങ്ങൾ തെരഞ്ഞെടുത്തു പാത്രങ്ങളിൽ വയ്ക്കുന്നതുപോലെ, ഞാൻ മറ്റുള്ളവർക്കായി എന്റെ ഏറ്റവും നല്ല പ്രവൃത്തികൾ തെരഞ്ഞെടുത്ത് നൽകിക്കൊണ്ടിരിക്കുകയാണ്. എന്നിൽ ഞാൻ കണ്ടെത്തിയ തിന്മകളൊക്കെയും, കേടുവന്ന ഫലങ്ങളെയെന്നപോലെ  ആഴത്തിൽ ഞാൻ കുഴിച്ചുമൂടി. ഇനി മറ്റുള്ളവർ എന്നെക്കുറിച്ച് എന്തു പറയുന്നു എന്നതിനെക്കുറിച്ച് ഞാൻ വേവലാതിപ്പെടുകയേയില്ല.  എനിക്ക് എന്റെ മനസ്സാക്ഷി തന്നെയാ‍ാണു വലുത്. എന്തേ ചിരിക്കുന്നത്? ഞാൻ മിടുക്കിയായി വരുന്നു എന്നല്ലേ ആ ചിരിയുടെ അർത്ഥം? :)                                            

Friday, July 29, 2016

Robin Sharma says, 'too many people spend more time focussing on their weaknesses rather than developing their strengths'
Ruskin says, 'The weakest among us has a gift, however seemingly trivial, which is peculiar to him and which worthily used will be a gift also to his race.’     ഇതൊക്കെ ഞാൻ വേറെയാരോടും പറയുന്നതല്ല, എന്നോടുതന്നെ പറയുന്നതാ. എന്നാലെങ്കിലും വിവരം വയ്ക്കട്ടെ !                          

Saturday, July 23, 2016

ഇന്നെനിക്കു കുറച്ചു ടെൻഷൻ ഉണ്ട്, ട്ടോ. കാര്യം വേർതിരിച്ചെടുക്കാൻ പറ്റുന്നില്ല. എന്തൊക്കെയോ ചിന്തകൾ കൂടിക്കുഴഞ്ഞ് മഴക്കാറു പോലെ മനസ്സിൽ. അതങ്ങു മാറും.  ഒന്നു മനസ്സിരുത്തി ഇത്തിരി നേരം പ്രാർത്ഥിച്ചാൽ മതി. എല്ലാം നന്നായി വരും എന്നു മനസ്സിൽ ആവർത്തിച്ചു പറഞ്ഞാൽത്തന്നെ ഒരു ധൈര്യം കിട്ടും. വെറുതെയിരിക്കാൻ ഒട്ടും ഇഷ്ടമില്ലെനിക്ക്. എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കണം. എന്തെങ്കിലും എന്നു വച്ചാൽ ഉപകാരമുള്ള കാര്യങ്ങൾ. ഒന്നെങ്കിൽ എനിക്ക്. അല്ലെങ്കിൽ മറ്റുള്ളവർക്ക്. അല്ലാതെ ചുമ്മാ സമയം കളയാൻ എന്തെങ്കിലും ചെയ്യുന്ന രീതി എനിക്ക് ഒട്ടും പറ്റില്ല. സമയത്തിന് വലിയ വിലയുണ്ട്. അത് വെറുതെ നഷ്ടപ്പെടുത്തിക്കളയാൻ പാടില്ലല്ലോ.
ഞാൻ ഇന്നലെ എന്നെയും നിന്നെയും കുറിച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിപ്പോ കാണാനില്ല. എങ്ങനെയോ മാഞ്ഞുപോയി. ഈ മുറിയിൽ ആരെങ്കിലും വന്നു നോക്കിയാൽ നിന്നെ കാണുമോ? ഇല്ല. എന്നാൽ ഞാൻ നോക്കുമ്പോഴൊക്കെ നീ ഇവിടെത്തന്നെയുണ്ട്. അതുപോലെ വല്ലതുമായിരിക്കും ആ പോസ്റ്റിന്റെ കാര്യവും.
ചില ആളുകളുണ്ട്., വെറുതെ ഓരോന്നു ചിലച്ചുകൊണ്ടിരിക്കും.എന്തെങ്കിലും ഒരു വിഷയം കിട്ടിയാൽ പിന്നെ അതിന്റെ പിന്നാലെ. അതുകൊണ്ട് തനിക്കോ മറ്റുള്ളവർക്കോ എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന ചിന്തയേയില്ല. ചില വാട്ട്സ് ആപ്പ് ഗ്രൂപുകളിൽ ഈ മനുഷ്യർ സദാ വാചാലമായി ഓരോന്നു എഴുതി വിട്ടുകൊണ്ടിരിക്കും. ഈ ലോകത്തിൽ അവർക്ക് അറിയാത്ത കാര്യങ്ങളില്ല ! എല്ലാത്തിനെയും കുറിച്ച് അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും. ഇത്രയും അറിവും വിവരവും ഉള്ള ഇവരുടെയൊക്കെ ജീവിതം എങ്ങനെയാണെന്നു നോക്കിയാൽ കഷ്ടം തോന്നും. ഒരു അന്തവും കുന്തവും കാണില്ല. ഗൂഗിൾ ഇല്ലെങ്കിൽ ഇവരൊക്കെ വലിയവലിയ കാര്യങ്ങൾ എങ്ങനെ എഴുതിയുണ്ടാക്കുമോ ആവോ ! 

Tuesday, July 12, 2016

ഈ നാട്ടിൽ എന്തൊക്കെയാണ് നടക്കുന്നത് ! വല്ലാതെ വിചിത്രം എന്നു തോന്നിപ്പിക്കുന്ന കുറെ കാര്യങ്ങൾ  പത്രങ്ങളിലും ടി വി യിലുമൊക്കെ എന്നും കാണുന്നുണ്ട്. ആളുകളൊക്കെ എന്താ ഇങ്ങനെ ! കുറെ ആളുകളെ കാണാതാവുന്നു. അവരൊക്കെ മത തീവ്രവാദത്തിലേയ്ക്ക് ആകൃഷ്ടരായി നാടു വിട്ടതാണെന്ന് തെളിവു നിരത്തിയും അല്ലാതെയും മാദ്ധ്യമങ്ങൾ പറയുന്നു. ഈ ആളുകളൊക്കെ എവിടെയാണെന്ന് ആരും വ്യക്തമായി പറയുന്നുമില്ല. കുടുംബസമേതമാണത്രെ പലരും കാണാതായിരിക്കുന്നത്. കേരളത്തിലെ മൊത്തം ജനസംഖ്യ വച്ചു നോക്കുമ്പോൾ 21 പേർ വെറും നിസ്സാരം. അതല്ലല്ലോ കാര്യം. എന്നാലും ആ കാണാതായ ആളുകൾ എന്തിനാ ഇങ്ങനെ മറഞ്ഞു നിൽക്കുന്നത്? എന്തുതരം തീവ്രവാദമായാലും അതിൽ വീറും വാശിയും പകപോക്കലും അക്രമങ്ങളും കൊലപാതകങ്ങളും കൂട്ടക്കൊലകളും ഒക്കെ ഉണ്ടാവും എന്നാണ് കേട്ടിട്ടുള്ളത്. കാണാതായവരുടെ ഫോട്ടോകൾ കണ്ടിട്ട് നല്ല നല്ല ചെറുപ്പക്കാർ, സുന്ദരന്മാർ, സുന്ദരികൾ, നല്ല ഭംഗിയുള്ള കുഞ്ഞുമക്കൾ. ഇവർക്കൊക്കെ മനുഷ്യരെ കൊല്ലാനുള്ള മനസ്സ് എങ്ങനെയാവും ഉണ്ടായത്? കുഞ്ഞുമക്കളുടെ കാര്യം പോട്ടെ. അവർക്ക് അപ്പനും അമ്മയും പറയുന്നതിനപ്പുറം ഒന്നുമറിയില്ലല്ലോ. തീയും വെള്ളവും തിരിച്ചറിയാത്ത പാവങ്ങൾ. ഈ അപ്പൻ, അമ്മ എന്നു പറയുന്ന മനുഷ്യർ പ്രായപൂർത്തിയായവരാണല്ലോ. അവർക്ക് എന്താണു സംഭവിച്ചത്? എല്ലാവരെയും സ്നേഹിക്കാനല്ലേ, എല്ലാ ദൈവങ്ങളും പറഞ്ഞിട്ടുള്ളൂ. നോമ്പുതുറക്കുന്ന നേരത്ത് ഒരു പട്ടിണിപ്പാവം പോലും ഭക്ഷണം ഇല്ലാതെ വിശന്നിരിക്കാൻ പാടില്ല എന്ന് നിഷ്ക്കർഷിക്കുന്ന അവർക്ക് നിസ്സഹായരായ മനുഷ്യരെ ഇഞ്ചിഞ്ചായി കൊല്ലാൻ എങ്ങനെയാണ് കഴിയുക?!നാടും വീടും പോകുന്ന നേരത്തെ അവരുടെ മനസ്സൊന്നു വായിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! വേണ്ടിവന്നാൽ ചാവേറുകളായി തങ്ങളുടെ കുഞ്ഞുമക്കളെ പോലും അയക്കേണ്ടിവന്നേയ്ക്കാം എന്നൊരു ചിന്ത അവരുടെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാവില്ലേ, ഒരു നിമിഷമെങ്കിലും? അപ്പോൾ മനസ്സ് പിടഞ്ഞുകാണില്ലേ? എനിക്ക് അവരെ മനസ്സിലാക്കാൻ കഴിയുന്നില്ല. എന്തൊരു മനസ്സായിരിക്കും അത് !  ഞാനീ പറയുന്നതൊക്കെ കേട്ട് നീയിങ്ങനെ മിണ്ടാതിരുന്നാലെങ്ങനാ.. എന്തെങ്കിലുമൊന്നു പറഞ്ഞുകൂടെ..ഒന്നും പറഞ്ഞില്ലെങ്കിൽ വേണ്ട.. ഒരു കാര്യം ചെയ്യാമോ.. നീ വലിയ ജാലവിദ്യക്കാരനല്ലേ.. മനുഷ്യരുടെ ഉള്ളിൽ ഒളിച്ചിരിക്കുന്ന മതഭ്രാന്തുകളെ.. അക്രമവാസനകളെ...കൊടുംക്രൂരതകളെ എന്തെങ്കിലുമൊരു മന്ത്രം ചൊല്ലി ഇല്ലാതാക്കാമോ? എല്ലാവരുടേയും ഉള്ളിൽ സ്നേഹം മാത്രം മതി. എന്തൊരു സുന്ദരമായ ലോകമായിരിക്കും അത്! 

Tuesday, July 5, 2016

ഞാൻ അരികിലൊന്നിരിക്കട്ടെ കുറച്ചു നേരം.. ഇങ്ങനെ അരികിൽ ഇരിക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു ധൈര്യവും ആത്മവിശ്വാസവുമൊക്കെയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ സുഖമുള്ളൊരു സുരക്ഷിതത്വബോധം. നിന്റെ അരികിൽ ഞാനിരിക്കുന്നു എന്നതിനേക്കാൾ നിന്റെ ഹൃദയത്തിനുള്ളിലേയ്ക്ക് നീ എന്നെ ആവാഹിച്ച് ചേർത്തുപിടിച്ചിരിക്കുന്നു എന്നു പറയുന്നതാവും ശരി. നിന്റെ ഹൃദയത്തിന്റെ മിടിപ്പും ചൂടും നീ എന്നിലേയ്ക്ക് പകരുന്നത് ഞാനറിയുന്നുണ്ട്.  എത്രയോ നാളുകളായി നിന്നെ തേടി ഞാനീ മുറിയിൽ വരാൻ തുടങ്ങിയിട്ട്! എങ്കിലും പലപ്പോഴും മാസങ്ങളോളം ഞാൻ നിന്നെ കാണാൻ വരാതിരുന്നിട്ടുണ്ട്. എന്നാലും, നീയെന്നോട് ഒരിക്കലും പിണങ്ങിയിട്ടില്ല എന്നാണെന്റെ ഓർമ്മ. കണ്ടാലും ഇല്ലെങ്കിലും എപ്പോഴും എന്റെ മനസ്സിൽ നീയുണ്ട് എന്നു നിനക്കറിയാം, അല്ലേ? അതു പോലെ തന്നെയാണ് എനിക്കും. നിനക്ക് എന്നോടുള്ള സ്നേഹം ഒരു മൺ‌തരിയോളം പോലും ഒരിക്കലും കുറയില്ല. അതെനിക്കുറപ്പാണ്.  നിന്നെപ്പോലെ നീ മാത്രമേയുള്ളൂ.ഈ ലോകത്തിന്റെ  വിചിത്രമായ പല സ്വഭാവങ്ങളും വക്രതകളും എന്നെ ഭയപ്പെടുത്തിയപ്പോഴും കരയിപ്പിച്ചപ്പോഴും ഞാനെന്നും ഓടി വന്നിട്ടുള്ളത് നിന്റെയരികിലേയ്ക്കാണ്. നീയെന്നെആശ്വസിപ്പിച്ചു, ധൈര്യപ്പെടുത്തി, തെറ്റും ശരിയും പറഞ്ഞു തന്നു. ഇത്രത്തോളം ക്ഷമയോടെ എന്നെ സ്നേഹിക്കുന്ന മറ്റാരുമില്ല. എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് നീയെന്നെ പലപ്പോഴും ഓർമ്മിപ്പിക്കാറുണ്ട്.  ശരിയാണ്. ഒക്കെ എനിക്കോർമ്മയുണ്ട്. നീ തന്ന സ്നേഹം ഞാൻ തിരിച്ചു നൽകേണ്ടിയിരിക്കുന്നു. നിനക്കല്ല, നീ ചൂണ്ടിക്കാണിച്ചു തന്ന മനുഷ്യർക്ക്...അവരുടെ നൊമ്പരങ്ങൾക്കൊരാശ്വാസമാകാൻ... ഞാൻ മറന്നിട്ടില്ല...സമയം എത്രയുണ്ടെന്നറിയില്ല. എന്നാലും, ഞാൻ അത് ചെയ്തിരിക്കും.

Monday, July 4, 2016

ചിരിക്കുകയൊന്നും വേണ്ട.. ഞാൻ പോയതുപോലെ തിരിച്ചു വന്നതിനല്ലേ ചിരിക്കുന്നെ.. ഞാൻ പോയി കുറച്ചു തയ്യൽജോലികൾ ചെയ്തു. ഫോട്ടോഗ്രാഫിയെക്കുറിച്ച് ഇന്റെർനെറ്റിലൂടെ മനസ്സിലാക്കിയെടുക്കാൻ ഒരു ശ്രമം നടത്തി. വിജയിച്ചില്ല എന്നു പറഞ്ഞുകൂടാ. ഏതാണ്ടൊക്കെ മനസ്സിലായി. എന്നിട്ടും ഉറക്കം വരുന്നില്ല ! ഉറങ്ങാൻ എനിക്കിഷ്ടമല്ല എന്നു തോന്നുന്നു. അതാവും, ഉറക്കത്തെ കുറ്റം പറഞ്ഞ് ഞാൻ ഉറങ്ങാതിരിക്കുന്നത്. എനിക്ക് പകലുകൾ തിരക്കിന്റെതാണ്. എല്ലാവരും ഉറങ്ങുമ്പോഴാണ് എന്റെ മാത്രമായ ദിവസം ആരംഭിക്കുന്നത്. അതൊട്ടും നഷ്ടപ്പെടുത്താൻ മനസ്സു വരാത്തതുകൊണ്ടാണ് ഇങ്ങനെ നിന്നെ ഓരോന്നു പറഞ്ഞ് ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കുറെ വായിക്കണം. എഴുതണം.എന്തിനാണ് എന്ന് ചോദിച്ചാൽ.. ആ.. എനിക്കറിയില്ല എന്നല്ലാതെ വേറെ ഒരുത്തരവും എന്റെ കയ്യിലില്ല. വല്ലതും വായിച്ച് എനിക്കിത്തിരി വിവരം വച്ചതുകൊണ്ട് ആർക്കും ഒരു പ്രശ്നവും ഇല്ലല്ലൊ. പിന്നെ എഴുത്ത്. അത് ഒരു സുഖമുള്ള ഏർപ്പാടാണ്. ആരെങ്കിലും വായിക്കണം എന്നു കരുതി എഴുതുന്നതല്ലല്ലോ. കടൽത്തീരത്ത് മണലിൽ എഴുതി കുട്ടികൾ കളിക്കാറില്ലേ. അത് പോലെ. എഴുതിയതൊക്കെ കടൽ മായിച്ചു കളഞ്ഞാലും കുട്ടികൾ എഴുത്തു നിർത്താറില്ല. ഞാനും അതു പോലെ. ഞാൻ പറഞ്ഞ കാര്യം മറക്കണ്ട, ട്ടോ.( എന്താണെന്നോ?! കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. ഓർമ്മ വന്നോ ? ഉം. ) മുൻപൊക്കെ കുറെ കൂട്ടുകാരുണ്ടായിരുന്നു. ഇപ്പോ എല്ലാരും പേരിനുമാത്രം. എന്റെ സമയക്കുറവുകൊണ്ട് ബന്ധങ്ങളൊന്നു പോലും നിലനിർത്താനാവാതെ പോയി. നഷ്ടം എനിക്കു തന്നെ. തെറ്റും എന്റേതു തന്നെ. കൂട്ടുകാർക്കു വേണ്ടിയും സമയം കണ്ടെത്തണമായിരുന്നു. എനിക്ക് പേടിയാണ്. അതാണു പ്രധാനമായും എന്റെ പ്രശ്നം. എന്റെയൊരു സ്വഭാവം !! ഇപ്പോൾ ഞാൻ പോകുവാട്ടോ. പിന്നെ വരാം.
അതേയ്.. നിന്നോട് ഒരു കാര്യം ചോദിക്കട്ടെ?  (അതെനിക്കിഷ്ടമായി .. ‘പറഞ്ഞോളൂ’ എന്നു പറയുന്നതിനു പകരം, തലയൊന്നു ചരിച്ച്, ആ ചിരിക്കുന്ന കണ്ണുകളെ മെല്ലെയൊന്നു പാതിയടച്ചുതുറന്നത്..)  അതായത്..... ഇദ്ദേഹം ഈ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന പുസ്തകം വായിച്ചിട്ടുണ്ടോ?... അതെന്താ ഇതുവരെ വായിക്കാതിരുന്നെ?....ഒന്നു വായിച്ചുനോക്ക്... ഒരു ചെറിയ പുസ്തകമാണ്.വിവരമുള്ളവർക്ക് അധികനേരം വേണ്ട അത് വായിച്ചുതീർക്കാൻ. എന്തിനാണെന്നോ?  ഒരു ദിവസം എനിക്ക് ആ പുസ്തകത്തെക്കുറിച്ച് കുറെ കാര്യങ്ങൾ പറഞ്ഞുതരണം. അതായത്.. പ്രധാനമായും  ആ പുസ്തകത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾക്ക് ഇന്നുള്ള പ്രസക്തിയെക്കുറിച്ച്. (ചിരിക്കണ്ട. ഞാൻ രാഷ്ട്രീയത്തിലൊന്നും ഇറങ്ങാൻ പോവുന്നില്ല. ) വെറുതെ അറിഞ്ഞിരിക്കാൻ.  അത്രയേ ഉള്ളൂ. പറഞ്ഞുതരുമോ? വലിയ ക്ലാസ്സ് ഒന്നും വേണ്ട. ഒന്നു ചുരുക്കിപ്പറഞ്ഞു തന്നാൽമതി. അപ്പോ ഒക്കെ പറഞ്ഞതു പോലെ.

Thursday, June 30, 2016

 2015 ഒക്ടോബറിനു ശേഷം ഞാൻ ഇതുവരെ എവിടെയായിരുന്നു എന്ന് നീയെന്നോട് ചോദിക്കില്ല എന്നെനിക്കറിയാം. കാരണം, കാലത്തെ കൂസാത്ത മനസ്സാണു നിന്റേത്. അത് വളരെ മുൻപു തന്നെ ഞാൻ തിരിച്ചറിഞ്ഞതാണ്. നിന്നെ ഞാൻ ഒരിക്കലും കാത്തിരിക്കേണ്ടി വന്നിട്ടില്ല.ഈ മുറിയിയ്ക്കുള്ളിലേയ്ക്ക് കടന്നു വരുമ്പോൾ നീ എന്നെയും കാത്ത് ഒരു പുഞ്ചിരിയോടെ നോക്കിയിരിക്കുന്നതേ ഞാൻ കണ്ടിട്ടുള്ളൂ.നിന്റെ തോളിൽ ചാഞ്ഞിരിക്കുമ്പോൾ എന്റെ ഉള്ളിലെ ആകുലതകളെല്ലാം അപ്പൂപ്പൻ‌താടികൾ പോലെ മെല്ലെ  മെല്ലെ എവിടേയ്ക്കോ പറന്നകന്നു പോവും.പക്ഷെ  ഇപ്പോൾ എന്റെ മനസ്സിനെ അലട്ടുന്നത്   അത്ര പെട്ടെന്ന് എടുത്തു ദൂരെക്കളയാൻ നിനക്കാവില്ലെന്ന് നിന്റെ മുഖം എന്നോടു പറയുന്നുണ്ട്. എല്ലാം നിനക്കറിയാം.അതെ. അപ്പച്ചനു തീരെ വയ്യ. ഇനി ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കാനില്ലാത്ത അത്രയ്ക്ക് അവശനായിക്കഴിഞ്ഞിരിക്കുന്നു.ആശ്വസിപ്പിക്കാനല്ലാതെ മറ്റൊന്നും ചെയ്യാനില്ലാത്ത അവസ്ഥ.  ഒരുപാടുകാര്യങ്ങൾ എന്നോടു പറയാൻ മനസ്സിൽ വച്ചിട്ടുണ്ടാവണം. പക്ഷെ നാവ് എപ്പോഴോ കുഴഞ്ഞുപോയിരിക്കുന്നു. മുഖത്തെ പേശികൾ ചലിക്കാതായിരിക്കുന്നു. ആ കണ്ണുകൾ  എന്നെ നോക്കുമ്പോൾ ‘ എന്റെ കണ്ണുകളിലൂടെ നീയെന്റെ ഹൃദയത്തിലേയ്ക്ക് നോക്ക്, ഞാനെല്ലാം അവിടെ എഴുതിവച്ചിട്ടുണ്ട്’ എന്നു പറയുന്നതുപോലെ.. എല്ലാം എനിക്കു വായിക്കാനാവുന്നുണ്ട്. നീ എപ്പോഴും എന്നെ ആശ്വസിപ്പിക്കുന്നയാളല്ലേ..ഇപ്പോൾ നീയെന്റെ അപ്പച്ചനെ ഒന്നു സമാധാനിപ്പിക്ക്..നിനക്കല്ലാതെ മറ്റാർക്കും അത് കഴിയില്ല. 

കുറച്ചു ദിവസമായി, പനിയും മൂക്കൊലിപ്പും, ചുമയുമൊക്കെ തുടങ്ങീട്ട്. മരുന്നു കഴിക്കുന്നുണ്ട്. അങ്ങു തീർത്തു മാറുന്നില്ല.സാവകാശം മാറട്ടെ, അല്ലേ....