Sunday, July 24, 2011

This Is All I Have To Say !

This Is All I Have To Say ഈ പുസ്തകം എഴുതിയ Swapan Seth ആരാണോ ആവോ ! എന്തായാലും ഈ സേത്ജിയ്ക്ക് എന്നോടെന്തോ പറയാനുണ്ട്. അതുറപ്പ്. അല്ലെങ്കില്‍ പിന്നെ ഞാന്‍ ആ പോസ്റ്റ് പിന്നെയും പിന്നെയും വായിക്കില്ലല്ലോ. നമ്മുടെ ജനകീയ വായനശാലയില്‍ പോയി നോക്കാം, ഈ മാഷെ അവിടെങ്ങാനും കണ്ടുകിട്ടുമോ എന്ന്. കാണാന്‍ തരമില്ല. ഇല്ലെങ്കില്‍ പിന്നെ ഏലൂര്‍ തന്നെ ശരണം.

‘The book contains Seth’s observations, opinions, and advice on a variety of topics like love, failure, friends, success, marriage, brotherhood, parents, giving, peace, God, trust, grace, passion, helping, responsibility, knowledge, leadership, ambition, and money.’

ഈ പറഞ്ഞതില്‍ ഏത് വാക്കാണ് എനിക്ക് ഏറ്റവും പ്രസക്തമായത്? ഈ പുസ്തകത്തില്‍ എനിക്കായി എഴുതിയ ഒരു വരി കാണും. അതായത്, ഇന്നത്തെ എന്റെ അവസ്ഥയില്‍ എന്തെങ്കിലും ഒരു പ്രത്യേക കാര്യം എന്നോട് പറയാന്‍ ദൈവം ആ സേത്ജിയെ ഏല്‍പ്പിച്ചു കാണും. അത് ആ മാഷ് ആ പുസ്തകത്തില്‍ എഴുതിയിട്ടുമുണ്ടാകും. അത് എന്തിനെക്കുറിച്ചാവും? Love? Failure? friends? success?... responsibility? ... ആത്മവിശ്വാസത്തെക്കുറിച്ച് അതില്‍ വല്ലതും പറഞ്ഞിട്ടുണ്ടാവുമോ? എന്തേ ഞാന്‍ അങ്ങനെ ചോദിച്ചത്?!

Saturday, July 23, 2011

Mark 2:11 "I tell you, get up, take your mat and go home."

ഓടിയെത്തുകയായിരുന്നു, എന്റെയീ മുറിയിലേയ്ക്ക്. എന്തെന്നറിയാത്ത ഒരു ആശ്വാസം എനിക്കായി ഇവിടെയുണ്ടെന്നൊരു തോന്നല്‍.. ഇന്നും പകല്‍ മുഴുവന്‍ തണുപ്പായിരുന്നു. വല്ലാത്ത മഴയും തണുപ്പും. മനസ്സിലെ നൊമ്പരങ്ങളൊക്കെ ഘനീഭവിച്ച് മനസ്സിലേയ്ക്കിറങ്ങി. മഞ്ഞു മൂടിക്കിടക്കുന്ന താഴ്വരകളെ ഓര്‍ത്തു.

ഈ ലോകത്തേയ്ക്ക് ഒത്തിരി സന്തോഷം ദൈവം അയച്ചുകാണും. ഈ കോടാനുകോടി മനുഷ്യരും ജീവജാലങ്ങളും മനസ്സു നിറയെ വാരി വാരിയെടുത്താലും തീരാത്ത അത്രയ്ക്ക് സന്തോഷം ദൈവം അയച്ചുകാണും. ദൈവം നല്ലവനാണ്. ആരുടെയും കണ്ണീരു കാണാന്‍ ഇഷ്ടമുണ്ടാവില്ല. ഉറപ്പ്. എന്നിട്ടും, എന്തുകൊണ്ടാണ് ഈ ഭൂമിയില്‍ കണ്ണീരിന്റെ ഉപ്പ് വീഴുന്നത്? മനുഷ്യര്‍ തെറ്റു ചെയ്യുന്നതു കൊണ്ടാണോ? എങ്കില്‍ ഒരു തെറ്റും ചെയ്യാത്തവര്‍ എന്തിന്നാണ് കരയേണ്ടിവരുന്നത്? ഒരു ഉറുമ്പിനെ പോലും നോവിക്കാന്‍ കഴിയാത്ത ഈ പാവം മനസ്സുകള്‍ക്കുള്ളില്‍ നൊമ്പരങ്ങള്‍ തിങ്ങുന്നത് എന്തു കൊണ്ടാണ്?ഒരു ക്രിസ്മസ് പിറ്റേന്നിന്റെ നിറമുള്ള സ്വപ്നങ്ങള്‍ ചിതറിപ്പോയതെന്തുകൊണ്ടാണ്?

കടലിന്റെ മീതെ നടന്നവനേ.. കടലിനെ ശാസിച്ചു ശാന്തമാക്കിയവനേ..നീ എവിടെയാണ്? നിനക്ക് അസാദ്ധ്യമായത് ഒന്നുമില്ലല്ലോ. എല്ലാ മനസ്സുകളിലും സ്നേഹവും ശാന്തിയും നിറയ്ക്കാന്‍ നിനക്ക് ഒരു നിമിഷം മാത്രം മതിയല്ലോ. എന്തേ, അത് ചെയ്യാത്തത്? ഈ ലോകം തന്നെ നിന്റെ സ്വന്തമല്ലേ.. മനുഷ്യരും ജീവജാലങ്ങളും .. മനസ്സും ചിന്തകളും എല്ലാം എല്ലാം നിന്റെ മാത്രമല്ലേ.

തളര്‍വാതരോഗിയോട് ‘എഴുന്നേല്‍ക്കുക, നീ നിന്റെ കിടക്കയുമെടുത്ത് വീട്ടിലേയ്ക്ക് പോവുക’ എന്നു നീ ഒരിക്കല്‍ കൂടി പറയുമോ? നീ അതു പറയും. പറയാതിരിക്കാന്‍ നിനക്കാവില്ല. കാരണം, നീ സ്നേഹമാണ്. എല്ലാ മുറിവുകളും ഉണക്കുന്ന സ്നേഹം.


Monday, July 18, 2011

ഉറക്കത്തിന്റെ വെളുത്ത വട്ടം

രാവേറെയായിരിക്കുന്നു. രാക്കുയില്‍ പാട്ടു നിര്‍ത്തി, പറന്നേതോ ചില്ലയില്‍ ചേക്കേറി. ചെറിയൊരു വെളുത്ത വട്ടത്തില്‍ ഒരു രാത്രിയുടെ ഉറക്കം നിറച്ച്, ഉള്ളംകയ്യിലെടുത്തു. അതില്‍ നോക്കിയിരുന്നു. പിന്നെ, ജനാലയ്ക്കപ്പുറത്തെ മഴനനഞ്ഞ മണ്ണിലേയ്ക്കെറിഞ്ഞു. അതവിടെ കിടന്ന് കിളിര്‍ത്ത് ഒരു മരമായ് പൂത്തുലയട്ടെ. അതിന്റെ ചില്ലകളില്‍ തഴുകിയെത്തുന്ന കാറ്റില്‍ നിദ്രയുടെ ലഹരിയുണ്ടാവും.

Thursday, July 7, 2011

വീണ്ടും വീണ്ടും എഴുതി മായ്‌ക്കുന്ന ഒരു പാവം മനസ്സ്..

ഈ ചുവരില്‍ എഴുതിയിട്ട് ഒരുപാട് നാളായി. ഇന്ന് ഈ ചുവരില്‍ എനിക്കൊന്നും എഴുതാനില്ല. എങ്ങനെയാ മായ്‌ക്കുക ഈ ചുവരെഴുത്തുകളൊക്കെ...? എനിക്കിതെല്ലാം മായ്ച്ചേ പറ്റൂ.. എങ്ങനെ? എങ്ങനെയാ ഞാന്‍ ഇതെല്ലാം.. ആരുമില്ല അരികില്‍.. എന്നെ അറിയുന്ന ആരുമില്ല അരികില്‍... ഞാന്‍ തനിച്ച്... ഒരുപാട് തിരിക്കുകള്‍ക്കിടയില്‍ ഞാന്‍ തനിച്ച്... എനിക്ക് ആരുടെ നെഞ്ചില്‍ മുഖം ചേര്‍ത്താണ് കരയാന്‍ കഴിയുക.. ആരുമില്ല അങ്ങനെ.. എന്നെ അറിയുന്ന... എന്നെ അറിഞ്ഞു സ്നേഹിക്കുന്ന.. ആരുണ്ട് എനിക്ക്.. ആരുമില്ല.. ഓരോ സൌഹൃദങ്ങളെയും ഞാന്‍ ആര്‍ത്തിയോടെയാണ് നോക്കുന്നത്.. അവരുടെ കണ്ണുകളിലെങ്ങാനും എന്നെ അറിഞ്ഞുതരുന്ന സ്നേഹമുണ്ടോ... .. ആരിലും ഞാന്‍ കണ്ടില്ല.. .. എല്ലാവര്‍ക്കും പറയാന്‍ പരിമിതികളേറെയാണ് ..ഒന്നും വേണ്ട..എല്ലാം ഞാനിന്ന് വലിച്ചെറിയുകയാണ്.. സൌഹൃദങ്ങളെക്കുറിച്ചുള്ള എന്റെ എല്ലാ പ്രതീക്ഷകളെയും ഞാനിവിടെ ഉപേക്ഷിക്കുകയാണ്.. പരിചയം പുതുക്കാന്‍ വല്ലപ്പോഴും വരുന്ന ഫോണ്‍ കോളുകള്‍.. അതെന്നെ ആശ്വസിപ്പിക്കുന്നില്ല. അന്റെ മനസ്സിന്റെ അനാഥത്വം അത് തീര്‍ക്കുന്നില്ല.... ഔപചാരികത കൊണ്ട് അവരെന്നെ കീറി മുറിയ്ക്കുകയാണ്. എനിക്കെല്ലാം മറക്കണം... എന്റെ എല്ലാ നൊമ്പരങ്ങളെയും ഈ ചുവരില്‍ ഞാന്‍ എഴുതി മായ്‌ക്കട്ടെ.. നാളെ ഉണരുമ്പോള്‍ എന്റെ പുതിയൊരു ജന്മം.. പിന്നീട്, ആരില്‍ നിന്നും ഒന്നും കാത്തിരിക്കാതെ, എനിക്കെന്റെ തിരക്കുകളില്‍ മുഴുകണം..

ഇത്രയൊക്കെ പറയുമ്പോഴും എനിക്ക് പേടി തോന്നുകയാണ് .‍..എന്റെ മനസ്സെങ്ങനെ തനിച്ച്.. എനിക്കു കഴിയുമോ.. ഞാന്‍ വീണുപോവില്ലേ..

അല്ലെങ്കില്‍ ഞാന്‍ എന്തിനു പേടിക്കണം.. അങ്ങ് ദൂരെ അകലങ്ങളില്‍ എവിടെയെങ്കിലും എന്നെ അറിയുന്ന ഒരു വലിയ മനസ്സ് ഉണ്ടാവില്ലേ.. ഞാന്‍ ഉറങ്ങുമ്പോള്‍ എന്റെ അരികെയെത്താതിരിക്കുമോ... എന്റെ സ്വപ്നങ്ങളില്‍ വന്ന് എന്റെ നെറ്റിയില്‍ തലോടാതിരിക്കുമോ...

ഇപ്പോള്‍ ഞാനറിയുന്നു, ഈ ചുവരെഴുത്തുകള്‍ ഞാന്‍ മായ്ക്കുന്നത് ഇനിയും എഴുതാന്‍ വേണ്ടി മാത്രമാണെന്ന്.. അകലെയിരുന്ന് ആരോ ഇതു വായിക്കുന്നുണ്ട്.... ഉറപ്പായും.. അല്ലെങ്കില്‍.. എന്റെ മനസ്സ് ഇങ്ങനെ ശാന്തമാകില്ലല്ലോ...എന്റെ നെറ്റിയില്‍ ആ സ്പര്‍ശം.. എന്നെ വിട്ടു പോവല്ലേ ഒരിക്കലും..

കുറച്ചു ദിവസമായി, പനിയും മൂക്കൊലിപ്പും, ചുമയുമൊക്കെ തുടങ്ങീട്ട്. മരുന്നു കഴിക്കുന്നുണ്ട്. അങ്ങു തീർത്തു മാറുന്നില്ല.സാവകാശം മാറട്ടെ, അല്ലേ....