Wednesday, May 23, 2012

ഒരു വലിയ കറുത്ത ചിത്രശലഭം


ഇന്നേയ്ക്ക് മൂന്നാം ദിവസം, എന്റെ കൈ മുറിഞ്ഞിട്ട്. ഇന്നലെ ഓഫീസില്‍ നിന്നും ഒരാള്‍ വിളിച്ചിരുന്നു..അവിടെ വലിയ സംസാരമായത്രെ. ഉറക്കെയുള്ള സംസാരമൊന്നുമല്ല.. ശബ്ദം താഴ്ത്തി അടക്കിപ്പിടിച്ച സംസാരം. ആരെയാണ് ഇവരിതൊക്കെ ഒളിക്കുന്നത്? കേള്‍ക്കേണ്ടവര്‍ ഉണ്ടെങ്കില്‍ എല്ലാം കേള്‍ക്കുക തന്നെ ചെയ്യും, എത്ര അടക്കിപ്പിടിച്ചു സംസാരിച്ചാലും.

പ്രകൃതിയില്‍ എന്തോ ചില കാര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട് എന്നു എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്.  ചില ചീത്തക്കാര്യങ്ങള്‍ സംഭവിക്കുന്നതിനു ദിവസങ്ങള്‍ മുമ്പ് തന്നെ വല്ലത്തൊരു ഭയം അല്ലെങ്കില്‍ അസ്വസ്ഥത മനസ്സില്‍ പടര്‍‌ന്നു കയറാറുണ്ട്.  ഒരാഴ്ചയായി അത്തരം ഒരു അസ്വസ്ഥത എന്റെ മനസ്സിലും ഉണ്ടായിരുന്നു.  ആ മുറിയില്‍ ഇരിക്കാന്‍ സത്യത്തില്‍ എനിക്ക് ഇഷ്ടമായിരുന്നു.  ഒരു സ്നേഹകവചം എനിക്കു ചുറ്റും ഉള്ളതുപോലെ തോന്നിയിരുന്നു.  കഴിഞ്ഞയാഴ്ച മുതല്‍ക്കാണ് ഈ അസ്വസ്ഥത തോന്നിത്തുടങ്ങിയത്.  ആരോടെന്നില്ലാത്ത ഒരു ദേഷ്യം. ചെയ്യുന്നതൊന്നും  ശരിയാവുന്നില്ല എന്ന തോന്നല്‍. മനസ്സിരുത്തി ഒന്നും വായിക്കാന്‍ പറ്റുന്നില്ല.  കൈ മുറിഞ്ഞു കഴിഞ്ഞപ്പോള്‍ ഒക്കെ ശാന്തം. പഴയതുപോലെ എല്ലാം. ഞാനിരിക്കുന്ന മുറിയെക്കുറിച്ച് സഹപ്രവര്‍‌ത്തകര്‍ ഓരോന്നു പറഞ്ഞു കേട്ടപ്പോള്‍ അതെക്കുറിച്ച് ഞാനെന്റെ ഒരു സുഹൃത്തിനോട്  സംസാരിച്ചു.  ഞാനൊരു തമാശ പോലെയാണ് പറഞ്ഞതെങ്കിലും അദ്ദേഹം പ്രതികരിച്ചത് ഒരു തമാശ കേട്ടതുപോലെയല്ല.  പിന്നീട്, വാക്കുകള്‍ വളരെ സൂക്ഷിച്ച് അളന്നുകുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.  നിനക്കു സത്യത്തില്‍ പേടി തോന്നുന്നുണ്ടോ എന്നദ്ദേഹം ചോദിച്ചു.  ഇല്ലെന്നു ഞാന്‍ തറപ്പിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹം ഒന്ന് അമര്‍‌ത്തി മൂളി. പിന്നെ സാവകാശം   പറഞ്ഞു, ‘പേടി തോന്നാത്തതു നല്ലത്’.  പിന്നെ, കുറച്ചൊന്നാലോചിച്ചിട്ട് അദ്ദേഹം എന്നോട്,  ഒരു  നാണയമെടുത്ത് മേശപ്പുറത്തു വച്ചിട്ട്  കുറച്ചുനേരം മുറിയില്‍ നിന്നു മാറിനില്‍ക്കാന്‍ പറഞ്ഞു.. എത്ര ചോദിച്ചിട്ടും എന്തിന് എന്ന എന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി തന്നില്ല.  അതുകൊണ്ടു തന്നെ ഞാന്‍ അങ്ങനെ ചെയ്യാനും പോയില്ല. ഇത്രയൊക്കെ ആയ സ്ഥിതിക്ക് അദ്ദേഹത്തോട് ഇനിയൊന്നും ചോദിക്കാനും വയ്യ. 

ഒരു കാര്യം ഞാന്‍ ഇപ്പോഴാണ് ഓര്‍ക്കുന്നത്. ഒരു ദിവസം രാവിലെ ഞാന്‍ ഓഫീസില്‍ കയരിച്ചെന്നപ്പോള്‍ എന്റെ അസിസ്റ്റന്റ് പെണ്‍കുട്ടി അരികില്‍ വന്ന് ചിരിച്ചുകൊണ്ടു പറഞ്ഞു, “ മാഡത്തിനെ ഒരാള്‍ രാവിലെ മുതല്‍ വെയ്‌റ്റ് ചെയ്യുന്നുണ്ട്, ട്ടോ.”  ആര് എന്ന എന്റെ ചോദ്യത്തിന് അവള്‍ ഫയല്‍ വയ്ക്കുന്ന റാക്കിന്റെ രണ്ടാമത്തെ തട്ടിലേയ്ക്ക് ചൂണ്ടിക്കാട്ടി. അല്പം ഇരുട്ടായതുകൊണ്ട് ഞാനൊന്നും കണ്ടില്ല.  പിന്നെ അവള്‍ പറഞ്ഞു, ഒരു വലിയ പറക്കുന്ന ജീവി അവിടെയിരിപ്പുണ്ടെന്ന് ! അതു കേട്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ പേടിച്ചു പോയി. ഒരു ഭൂതം അവിടെയിരിപ്പുണ്ട് എന്നു പറഞ്ഞാല്‍പ്പോലും ഞാന്‍ ഇത്രയ്ക്ക് പേടിക്കില്ലായിരുന്നു. ഈ പറക്കുന്ന ജീവികളെ എനിക്ക് അത്രയ്ക്ക് പേടിയാണ്.  ഞാന്‍ കരുതിയത് വവ്വാലോ ഇറിച്ചിലോ ആയിരിക്കുമെന്നാണ്.  പേടിച്ചു പേടിച്ച്  നോക്കുമ്പോള്‍ അതൊന്നുമല്ല. ഒരു വലിയ കറുത്ത ചിത്രശലഭം.  കണ്ടപാടെ ഞാന്‍ മുറിക്ക് വെളിയില്‍ ചാടി.  അസിസ്റ്റന്റ് കുട്ടിക്ക് ഒരു പേടിയുമില്ല. ചിത്രശലഭമല്ലേ. അവള്‍ ചിരിച്ചതേയുള്ളൂ. അവള്‍ രാവിലെ വന്ന് എന്റെ മുറി തുറന്നപ്പോള്‍ അത് അകത്തുണ്ട് പോലും. പെട്ടെന്ന് മുറി തുറന്നപ്പോള്‍ മുഖത്തേയ്ക്ക് പറന്നുവന്ന് പേടിപ്പിച്ചു. എന്നിട്ട് ചുരിദാറില്‍ വന്നിരുന്നു. അവള്‍ ചുരിദാര്‍ ഒന്നു കുടഞ്ഞപ്പോള്‍ പറന്ന് റാക്കിനടിയില്‍ ഒളിച്ചു.  അതാണ് സംഭവം. പാവമല്ലേ അതവിടെ ഇരുന്നോട്ടെ എന്നു പറഞ്ഞ് അവള്‍ പോയി. ഞാനും അതിനെ മറക്കാന്‍ ശ്രമിച്ച് ഫയലുകള്‍ നോക്കിക്കൊണ്ടിരുന്നു.  


കുറച്ചു കഴിഞ്ഞ് അത് പറന്നുപൊങ്ങി ട്യൂബ് ലൈറ്റിന്റെ അടിയില്‍ പോയി ഇരുന്നു. ഞാന്‍ പേടിച്ച് വെളിയില്‍ ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ അവള്‍ കയറിവന്നു. അവള്‍ക്ക് പിന്നെയും ചിരി. ഭാഗ്യത്തിന് അവള്‍ പോയ പിന്നാലെ അതും പറന്നു പുറത്തേയ്ക്ക് പോയി. പുറത്തേയ്ക്ക് എന്നുവച്ചാല്‍ ഇടനാഴിയിലേയ്ക്ക്.  ഇരുവശവും അടച്ചിട്ട മുറികളാണ്.  അതെങ്ങോട്ടു പൊയ്‌ക്കാണും എന്നറിയില്ല. പിന്നീട് അതിനെ അവിടെയെങ്ങും കണ്ടില്ല എന്ന് അവള്‍ പറഞ്ഞു. ഒരു കറുത്ത വലിയ ചിത്രശലഭം.  ഓര്‍ക്കുമ്പോള്‍ തന്നെ അറപ്പു തോന്നുന്നു. 


(എന്റെ കൈ നോവുന്നു. ഇനി ഞാന്‍ പിന്നെയെഴുതാം. ഒന്നു കിടക്കട്ടെ.)

കുറച്ചു ദിവസമായി, പനിയും മൂക്കൊലിപ്പും, ചുമയുമൊക്കെ തുടങ്ങീട്ട്. മരുന്നു കഴിക്കുന്നുണ്ട്. അങ്ങു തീർത്തു മാറുന്നില്ല.സാവകാശം മാറട്ടെ, അല്ലേ....