Sunday, May 31, 2009

എന്റെ ചുവരെഴുത്തുകൾ-4

ഇന്നലെ ഞാൻ കണ്ട സ്വപ്നത്തിൽ നീയുണ്ടായിരുന്നു. നിന്റെ ശബ്ദം ഞാൻ കേട്ടത് ഇപ്പോഴുമെന്റെ കാതിൽ നിന്നും മാഞ്ഞിട്ടില്ല. നീയെന്നെ പേരു ചൊല്ലി വിളിച്ചില്ല. എങ്കിലും ഞാൻ വിളികേട്ടത് എനിക്കോർമ്മയുണ്ട്. നീ എന്തൊക്കെയാണ് എന്നോട് പറഞ്ഞത്? ഓർമ്മിച്ചെടുക്കാൻ എനിക്കാവുന്നില്ലല്ലോ.എങ്കിലും, ഒരുകാര്യം എനിക്കോർമ്മയുണ്ട്. നിന്റെ കണ്ണുകളിൽ എന്നോടുള്ള സ്നേഹം നിറഞ്ഞുനിന്നിരുന്നു. എനിക്കുറപ്പുണ്ട്. നീയെന്നെ വല്ലാതെ സ്നേഹിച്ചിരുന്നു. ആ സ്വപ്നം കണ്ടുതീരും‌മുൻപെ പാതിരാക്കാറ്റെന്നെ കവിളിൽ തട്ടിയുണർത്തി. കണ്ണുകൾ പിന്നെയും ഇറുകെയടച്ച്, ആ സ്വപ്നം കണ്ണിൽനിന്നും മറയാതിരിക്കാൻ ഞാനേറെ പണിപ്പെട്ടു. എന്നിട്ടും, നീയും ആ സ്വപ്നവും എവിടെയോ മറഞ്ഞുപോയി. ഇനിയും നീയെന്നരികിൽ വരുമോ, വീണ്ടുമൊരു ഒരു സ്വപ്നത്തിലെങ്കിലും?

“എന്നെ മകനെപ്പോലെ സ്നേഹിക്കുന്നെന്നു പറഞ്ഞിട്ട്, പിന്നെന്തിനാ എന്നെ ഒഴിവാക്കിയത്? ഞാനെത്ര വിഷമിച്ചെന്നറിയുമോ? ഒന്നു വിളിക്കാമായിരുന്നില്ലേ എന്നെ? ഞാനെത്ര വിളിച്ചിട്ടും, ഒരിക്കൽ പോലും ഫോൺ എടുത്തില്ല. എന്നെ എന്തിനാ, അങ്ങനെ സങ്കടപ്പെടുത്തിയത്? ഒരുപാട് സ്നേഹം എനിക്കു തന്നിട്ട്, ഒരു സ്വപ്നം പോലെ മറഞ്ഞുപോയതെന്തിനാണ്? എനിക്കീ സ്നേഹം വേണം. ഒരിക്കൽ ആരുമില്ലെന്നു കരുതി കുറെയേറെ സങ്കടപ്പെട്ടതാണ്. ഇനിയുമങ്ങനെ വിചാരിക്കാൻ വയ്യ. എന്തിനാണീ മൌനം? എന്തെങ്കിലുമൊന്നു പറഞ്ഞുകൂടെ?”

ഒന്നും പറയാൻ കഴിഞ്ഞില്ല. എന്റെ കണ്ണുനിറഞ്ഞിരിക്കുന്നത് അവൻ കണ്ടതുമില്ല. ഞാന‌വനെ എത്ര സ്നേഹിക്കുന്നെന്ന് എങ്ങനെ പറഞ്ഞുമനസ്സിലാക്കും? എന്റെ തൊണ്ടയിൽ കുരുങ്ങിക്കിടക്കുന്ന ഗദ്‌ഗദങ്ങൾ അവൻ കേൾക്കണ്ട. നീയൊന്നു പറയുമോ, അവനോട്? അവന്റെ സ്വപ്നങ്ങളിൽ നീ പോയി വരിക. അതുവരെ ഞാനിവിടെ കാത്തിരിക്കാം.

Monday, May 18, 2009

എന്റെ ചുവരെഴുത്തുകൾ - 3

മനസ്സു വല്ലാതെ തളർന്നുപോകുന്ന നിമിഷങ്ങളിലൊക്കെ അരികിലെവിടെയോ നീയുണ്ട്, എന്ന വിശ്വാസം എന്നെ ശക്തിപ്പെടുത്താറുണ്ട്. നീയാരാണ് എന്നതിനേക്കാളുപരി, നീയെനിക്കാരാണ് എന്നതല്ലേ പ്രധാനം? നീയാരുമാവട്ടെ, നീയെനിക്കാരൊക്കെയോ ആണ്. മനസ്സുകൊണ്ട് തനിച്ചാവുക എന്നത് ഏറ്റവും വലിയ നിർഭാഗ്യമാണ്, അല്ലേ?

അന്ന് വൃദ്ധസദനത്തിന്റെ പടികൾ തിരക്കിട്ട് കയറിച്ചെല്ലുമ്പോൾ, എത്രയും പെട്ടെന്നു തിരികെപ്പോരണമെന്നായിരുന്നു, മനസ്സിൽ. ഫോൺ ചെയ്തപ്പോൾ അക്കാര്യം പ്രത്യേകം പറഞ്ഞതുമാണ്. അതിഥികൾക്കുള്ള മുറിയിൽ കാത്തിരുന്നു. ടീപ്പോയിൽ കിടന്ന മാഗസിൻ ഒന്നു മറിച്ചുനോക്കാനുള്ള ക്ഷമ പോലുമുണ്ടായിരുന്നില്ല. കർട്ടൻ മാറ്റി മുറിയിലേക്ക് കടന്നു വരുമ്പോൾ ചുളിവുകൾ വീണ ആ മുഖത്ത് ആഹ്ലാദത്തിന്റെ വേലിയേറ്റം. എന്റെയുള്ളം അറിയാതൊന്നു പിടഞ്ഞുപോയി. കണ്ടയുടനെ, ‘പോകാൻ തിരക്കുണ്ട്’‘ എന്നെങ്ങനെ പറയും? വരേണ്ടിയിരുന്നില്ല എന്നു തോന്നി. പക്ഷെ, അദ്ദേഹം പറഞ്ഞു, “പോവാൻ തിരക്കുണ്ടല്ലേ.. പൊയ്ക്കോളൂ. ഈ തിരക്കിനിടയിലും നീ വന്നല്ലോ. ഈ വൃദ്ധന് നിന്റെ ഇന്നത്തെ ഈ വരവ് വിചാരിക്കാതെ വീണുകിട്ടിയ സന്തോഷമാണ്.“

അദ്ദേഹം എന്റെ ആരാണെന്നു ചോദിച്ചാൽ, ‘ആരുമല്ല’ എന്നു പറയാൻ എനിക്കാവില്ല. ഏതാനും വർഷങ്ങൾക്ക് മുൻപ് ഓഫീസിലെ ജോലിത്തിരക്കിടയിൽ എന്തോ ഒരു കടലാസുമായി എന്റെ മുറിയിൽ കടന്നുവന്ന, വാർദ്ധക്യത്തിനു കീഴടങ്ങിയ ആ രൂപം എന്തുകൊണ്ടെന്നറിയില്ല മനസ്സിൽ ഒരു നൊമ്പരത്തിന്റെ തിരയിളക്കി. വൃദ്ധസദനത്തിലാണെന്നറിഞ്ഞപ്പോൾ ഒന്നുകൂടി മനസ്സു നൊന്തു. പിന്നെ, ഒരു മകളുടെ സ്നേഹം, ചോദിക്കാതെ തന്നെ ഞാൻ കൊടുത്തു, ഇന്നോളം.

പക്ഷെ അന്നത്തെ ദിവസം തിരിച്ചുപോകാൻ ഞാൻ ഒത്തിരി തിരക്കു കൂട്ടി. പോകാനിറങ്ങുമ്പോൾ പെട്ടെന്നു പറഞ്ഞു, ‘ഒരു നിമിഷം നിൽക്കുമോ? ഞാനും പുറത്തേക്കിറങ്ങുന്നുണ്ട്.’ മനസ്സില്ലാമനസ്സോടെ നിന്നു. വേഗം അകത്തേയ്ക്കുപോയി ഷൂസ് തൂക്കിയെടുത്ത് വരാന്തയിലെ കസേരയിൽ വന്നിരുന്നു, ഷൂസ് ധരിച്ചു. എന്റെ മുഖത്തു നോക്കി നന്നായൊന്നു പുഞ്ചിരിച്ചു. പിന്നെ, വീഴാതിരിക്കാൻ പണിപ്പെട്ട്, പടികളിറങ്ങി കൂടെ നടന്നു.
നടക്കുന്നതിനിടയിൽ സാവകാശം പറഞ്ഞു, “നമുക്കെന്തെങ്കിലും കഴിക്കാം അല്ലേ” പെട്ടെന്നു ദേഷ്യമാണ് വന്നത്. “വേണ്ട.. എനിക്കു പോകാൻ തിരക്കുണ്ട്”. ശാന്തമായി മറുപടി വന്നു. “വേണ്ടെങ്കിൽ വേണ്ട. പോകുന്ന വഴി ബേക്കറിയിൽ നിന്ന് ഒരു ചായ കഴിച്ചാൽ മതി. അതിന് അധികം സമയമൊന്നും വേണ്ട.”

മനസ്സിൽ ദേഷ്യം പിന്നെയും നുരഞ്ഞുപൊങ്ങി. തിരക്കുണ്ടെന്നു പറഞ്ഞിട്ട് പിന്നെയും.. എല്ലാവരും സ്വാർത്ഥരാണ്. ഒന്നും പറയാതെ കൂടെ നടന്നു. ബേക്കറിയിൽ നല്ല തിരക്കായിരുന്നു. ചായ കഴിച്ച് പുറത്തിറങ്ങുമ്പോൾ ഇരുട്ടിത്തുടങ്ങിയിരുന്നു. അദ്ദേഹം എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു, പക്ഷെ ഞാൻ ഒന്നും ശ്രദ്ധിച്ചില്ല. യാത്ര പറഞ്ഞെന്നു വരുത്തി ആദ്യം വന്ന ഓട്ടോയിൽ ചാടിക്കയറി. ഓട്ടോ നീങ്ങിത്തുടങ്ങിയപ്പോൾ ഞാൻ തിരിഞ്ഞു നോക്കി. ആ ചുക്കിച്ചുളിഞ്ഞ മുഖത്തെ പ്രകാശം കെട്ടുപോയിരുന്നു. പാതിവഴിയിൽ തനിച്ചായതുപോലെ .. കൂട്ടം തെറ്റിപ്പോയതുപോലെ .. വല്ലാതെ പകച്ച ഒരു മുഖഭാവം. എന്റെ മനസ്സ് ആ നിമിഷം ഒരായിരം കഷണങ്ങളായ് നുറുങ്ങിപ്പോയി.. ഓട്ടോയിലിരുന്നു തന്നെ ഞാൻ മൊബൈൽ ഫോണിൽ വിളിച്ചു, “ സൂക്ഷിച്ചു പോകണം. ഇരുട്ടായിട്ടുണ്ട്, ഓട്ടോയിൽ പോയാൽ മതി. ചെന്ന ഉടനെ എന്നെ വിളിക്കണം.’‘ കൂടുതൽ പറയാൻ നിൽക്കാതെ ഞാൻ ഫോൺ കട്ട് ചെയ്തു. കാരണം, എന്റെ ശബ്ദം ഇടറിത്തുടങ്ങിയിരുന്നു.

ഞാൻ നിന്നെക്കുറിച്ചോർത്തു. നിന്നെക്കുറിച്ചുമാത്രം.
നീയെന്നെ വിട്ടു പോകുമോ
?

Saturday, May 16, 2009

എന്റെ ചുവരെഴുത്തുകൾ-2

"നിനക്കെന്നെ തനിച്ചാക്കിയിട്ട് നിന്റെ സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചുപോകാനാവുമോ? എനിക്കറിയാം. നിനക്കതിനു കഴിയില്ല. ഒരു പക്ഷെ, എന്റെ കൺ‌മുന്നിൽ പെടാതെ നീ മറഞ്ഞുനിന്നേക്കാം. എങ്കിലും, നിന്റെ കൺ‌മുന്നിൽ നിന്നും ഞാൻ മറഞ്ഞുപോകാൻ നീ എന്നെ അനുവദിക്കുമോ? എന്റെ പാദങ്ങളിടറുമ്പോൾ ഓടിവന്ന് എന്റെ കൈപിടിക്കാതിരിക്കാൻ നിനക്കാവുമോ? നിനക്കതിനാവില്ലെന്നു ഒരു നൂറുവട്ടം ഞാൻ പറയാം. എന്നിട്ടും, നിന്റെ സ്നേഹത്തെ ഞാൻ സംശയിക്കുന്നു. നിന്റെ നെറ്റിചുളിയുന്നത് എനിക്കു സങ്കൽ‌പ്പിക്കാൻ കഴിയും. അതെന്നെ ഒട്ടും അസ്വസ്ഥയാക്കുന്നില്ല. നിന്റെ സ്നേഹത്തെ സംശയിക്കാനുള്ള അവകാശം എനിക്കുണ്ട്.

കാലൊച്ചയില്ലാതെ നീയരികിൽ വരുന്നതും, ഒരു കുളിർകാറ്റായെന്നെ പൊതിയുന്നതും ഞാനറിയാറുണ്ട്. എന്നിട്ടും നിന്റെ മുഖമൊന്നോർമ്മിക്കാൻ എനിക്കാവുന്നില്ലല്ലോ. നീയെന്റെ അരികിൽ വരുമ്പോൾ ചോദിക്കാൻ ഒരുപാടു ചോദ്യങ്ങൾ ഞാനെന്റെ മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്. എന്നിട്ടും, ഒന്നുപോലും ഞാനിന്നോളം ചോദിച്ചില്ല. നീയരികിൽ വന്നപ്പോഴെല്ലാം ഞാൻ എന്നെത്തന്നെ മറന്നുപോയിരുന്നു. നിന്നോട് ഏറ്റവും ആദ്യം ചോദിക്കേണ്ട ചോദ്യവും മനസ്സിലൊരുക്കിവച്ചിട്ടുണ്ട്. അതിന്റെ മറുപടി പറയാൻ നിനക്കേറെ ആലോചിക്കേണ്ടി വരില്ല. പക്ഷെ ആ മറുപടി മനസ്സിലാക്കാൻ എനിക്കീ ജന്മം മതിയാവുമോ? എന്നെങ്കിലുമൊരിക്കൽ നീ വരുമ്പോൾ വായിക്കാൻ ഞാനീ ചുവരിൽ എഴുതിയിടട്ടെ, ആ ചോദ്യം?

നീ ആരാണ് ?

Thursday, May 14, 2009

എന്റെ ചുവരെഴുത്തുകൾ

ഈ പഴയ ജാലകത്തിലൂടെ അകത്തേയ്ക്ക് എത്തിനോക്കാൻ ആരും വരാറില്ല. ഇനിയെങ്ങാനും, ഞാനറിയാതെ ആരെങ്കിലും വരുന്നുണ്ടാവുമോ? എനിക്കറിയില്ല. കുറെ നാളുകളായി ഞാനീ മുറിക്കുള്ളിൽ തനിച്ചിരിക്കുകയായിരുന്നു. ആരോടും മിണ്ടാതെ, ഒന്നും പറയാതെ, ഏതൊക്കെയോ ചിന്തകളിൽ സ്വയം നഷ്ടപ്പെട്ട് വെറുതെ കൂനിക്കൂടിയിരുന്നു. ഞാൻ എന്തിനാണങ്ങനെ ചെയ്തത്? ഈ ജാലകം പോലും ഞാൻ മറന്നുപോയോ? ( എല്ലാ വാതിലുകളും അടയുമ്പോൾ ഒരു ജാലകമെങ്കിലും തുറന്നുകിടക്കുന്നുണ്ടാവുമെന്നു എന്നെ ഓർമ്മപ്പെടുത്തിയതാരാണ്? )

മനസ്സിലിരുന്ന് എന്തൊക്കെയോ വിങ്ങുന്നതു പോലെ. എന്തൊക്കെയോ പറയണമെന്നുണ്ട്. ആരോടാണ് പറയേണ്ടത്? എന്തൊക്കെയോ എഴുതണമെന്നുണ്ട്. എവിടെയാണെഴുതേണ്ടത്? എവിടെ തുടങ്ങണം എന്നുപോലും അറിയില്ല. ഒരു നിമിഷം ഞാനൊന്നാലോചിക്കട്ടെ. അല്ലെങ്കിൽ, ഞാനെന്തിന് അങ്ങനെ ചിന്തിക്കണം? ഒന്നും മനസ്സിലിട്ട് ചിട്ടപ്പെടുത്താതെ, വാക്കുകൾ മിനുക്കിയെടുക്കാതെ, നെഞ്ചിനുള്ളിൽ വിങ്ങുന്നതെല്ലാം അതേപടി അക്ഷരങ്ങളിലൂടെ പുറത്തേക്കൊഴുക്കി എനിക്കെന്റെ മനസ്സിനെ മോചിപ്പിക്കാൻ കഴിയില്ലേ? ഒരിക്കൽ, എന്നെ വളരെ നന്നായി മനസ്സിലാക്കിയിട്ടുള്ള എന്റെ സുഹൃത്തെന്നോടു പറഞ്ഞു, എനിക്ക് ആത്മവിശ്വാസമില്ലെന്ന്. ശരിയായിരിക്കാം. അല്ല, ശരിയാണ്. ഞാൻ പലപ്പോഴും ജീവിതത്തോട് എന്തിനും ഏതിനും വിധേയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ജീവിതത്തിന്റെ ഒഴുക്കിനനുസരിച്ച് ഒഴുകിയൊഴുകിപ്പോകാനാണ് എനിക്കിഷ്ടം, അതെങ്ങോട്ടെന്നെ കൊണ്ടുപോകുന്നുവെന്നു അറിയില്ലെങ്കിൽ‌പ്പോലും. ഞാനെങ്ങോട്ടാണ് ഒഴുകിപ്പോകുന്നത്? അനന്തമായ മഹാസാഗരത്തിലേയ്ക്കോ?

ഒഴുക്കിനെതിരെ നീന്തിയാൽ തീരത്തടുക്കാമെങ്കിൽ, എന്തുകൊണ്ട് ഞാനത് ചെയ്യുന്നില്ല? ചിലന്തിവലയിൽ കുടുങ്ങിയ പ്രാണിയെപ്പോലെ, ചിലന്തിയെ കാത്തുകിടക്കുകയാണോ ഞാൻ? ഒന്നു ആഞ്ഞുകുതറിയാൽ ചിതറിത്തെറിക്കില്ലേ, ഈ ചിലന്തിവല? ഏതോ ഒരു ചിലന്തിവലയ്ക്കുള്ളിലെന്ന പോലെ കുരുങ്ങിക്കിടക്കുകയാണെന്റെ മനസ്സ്‌. രക്ഷപെട്ടേ മതിയാവൂ എന്ന് ഉറച്ചു തീരുമാനിക്കാൻ എന്റെ മനസ്സിപ്പോഴും മടിക്കുന്നതെന്തിന്? ഈ ചിന്തകൾ ഞാനിവിടെ മുറിക്കുകയാണ്. കാടുകയറിപ്പോവാൻ എനിക്കു വയ്യ. പറഞ്ഞുവന്നത് എഴുത്തിനെക്കുറിച്ചാണ്.

എന്റെയീ മുറിയ്ക്കുള്ളിലെ നാലു ചുവരുകളിൽ എന്റെയുള്ളിലെ വിഹ്വലതകളെക്കുറിച്ച്, ആശങ്കകളെക്കുറിച്ച്, നൊമ്പരങ്ങളെക്കുറിച്ച്, എന്റെ ഓർമ്മകളിലെ പ്രണയത്തെക്കുറിച്ച്, മോഹങ്ങളെക്കുറിച്ച്, മോഹഭംഗങ്ങളെക്കുറിച്ച് എഴുതിനിറച്ചാലോ?അതെനിക്കാവുമെന്നു മനസ്സു പറയുന്നു. അതൊക്കെ വായിക്കാൻ ഈ മുറിയിലേയ്ക്ക് ആരും കടന്നു വരില്ലായിരിക്കാം. എങ്കിലും, എന്നെങ്കിലുമൊരിക്കൽ ആ ചുവരെഴുത്തുകൾ എന്നെ ചിലന്തിവലകളിൽ നിന്നു മോചിപ്പിക്കാതിരിക്കുമോ?

ഈ രാത്രിയിൽ ഞാനിങ്ങനെ എഴുതട്ടെ.

“എന്നെ സ്നേഹിക്കാൻ, എന്റെ പാദങ്ങളിടറുമ്പോൾ കൈപിടിക്കാൻ ആരോ എന്നരികിൽ ഉണ്ടെന്നെനിക്കറിയാം, അതാരെന്നറിയില്ലെങ്കിൽ‌പ്പോലും. അതു നീയായിരിക്കാം. അല്ല, അതു നീ തന്നെയാണ്. നീയെന്നെ വിട്ടുപോകുമോ? എല്ലാം കേട്ട്, ഒരു കാഴ്ചക്കാരനെപ്പോലെ നോക്കിനിന്ന് ഒടുവിൽ നീയും കടന്നു പോകുമോ? നീയൊരു കുളിർകാറ്റുപോലെയാണ്. നിന്നിൽ ജന്മാന്തരങ്ങൾ കടന്നുവന്ന വസന്തത്തിൻ സുഗന്ധമുണ്ട്, കണ്ണീരിന്റെ ഉപ്പുള്ള നനവുണ്ട്, മോഹങ്ങളെരിയുന്ന വേനലും, താരാട്ടിന്റെ കുളിരുള്ള ശിശിരവുമുണ്ട്. നീയറിയാത്തതായി ഒന്നുമില്ല.നീ എന്നെ വിട്ടുപോകുമോ?”

Monday, November 24, 2008

Temptation

Still I wonder,
How I became stranger for you
Still I wonder,
How our laughter turned to silence
Still I wonder,
How you learnt to be so serious
Still I wonder,
How you could ignore my love

But, no wonder,
If I kill myself and live....

Friday, October 3, 2008

keep it up !

Alone, at my jaalakam..
What more to write? !!
mmm... I love it, being alone here.
I thought I would never improve !
I learnt not to disturb anybody
with my affection !
I learnt to be silent for hours !
Good ! What an improvement !!

Friday, September 19, 2008

If I were GOD....

When walk together

Talk about honesty and hardwork

When work together

Forget those funny words

If he goes ahead with work,

Stab from behind,

And mourn his death saying,

" Poor one ! He never knew how to live a life ! "

Sunday, September 14, 2008

Sleepless nights



Awake in the midnight, thinking of life !

What for?

To get up next morning with a pumpkin face

and a cabbage head !

Sun rises in the east and sets in the west !

No change !
Hahahah.......

Thursday, September 11, 2008

Love











Help ! Help ! anybody there !?






Dont worry... I am with u..





Wednesday, September 10, 2008

Tuesday, September 9, 2008

To the Land of Love ?

Tunes of silence
It is taking me away
To a distant land, where
The sun rises and sets
But the time stands still.

Like a tiny cotton seed,
Flying up and up
From a green valley,
Over the hilltops,
Across the blue sea

Passing through the watery clouds
To a land unknown
But heard, no trespassers
Will be prosecuted

Still it is a land of mystery


But I am not afraid
I am not confused
I know, He is with me
The One who plays
The Tunes of silence

Monday, September 8, 2008

No comments, please



Ode to the darkness...


Hide my face, when

I am humiliated and helpless..

Never let anybody see my tears

Never let anybody feel pity on me

Let me sit alone eyes closed, till

I conquer you....