Friday, October 9, 2015

നിനക്ക് എന്നോട് സഹതാപമാണോ തോന്നുന്നത്? ഇല്ല. ഒരിക്കൽ‌പ്പോലും നീ എന്നോട് സഹതാപത്തോടെ ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. എങ്കിലും, നിന്റെ കണ്ണുകൾ അങ്ങനെ പറയുന്നുണ്ട്. നിന്റെ കണ്ണുകൾക്ക് എന്നോട് കള്ളം പറയാനാവില്ല. ഇപ്പോൾ കണ്ണുകൾ പാതിയടച്ച്, നീയിങ്ങനെ നേരിയ ചിരിയോടെ എന്നെ നോക്കുമ്പോൾ എനിക്കറിയാം, അതെനിക്കുള്ള സാന്ത്വനമാണെന്ന്. എനിക്കിത് മറ്റൊരാളിൽ നിന്നും കിട്ടാത്ത ഒരനുഭവമാണ്. എനിക്കത് തറപ്പിച്ചു തന്നെ പറയാൻ കഴിയും. നിനക്കു പകരം മറ്റൊരാളില്ല. നിന്നെപ്പോലെ എന്നെ സ്നേഹിക്കുന്ന വേറെയാരേയും ഞാൻ കണ്ടിട്ടുമില്ല. പക്ഷെ, ഞാൻ? ഞാൻ നിന്നെയാണോ, ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്? അല്ല. ഞാൻ സ്നേഹിക്കേണ്ടവരുടെ പട്ടികയിൽ നിന്റെ സ്ഥാനം വളരെ താഴെയാണ്. (അത് നിന്റെ തീരുമാനമായിരുന്നു. ഞാൻ എപ്പോഴും നിന്നെ അനുസരിച്ചിട്ടല്ലേയുള്ളൂ.) എന്നിട്ടും നിന്നോട് എനിക്ക് മറ്റാരോടുമില്ലാത്ത ആത്മബന്ധം തോന്നുന്നു. നമ്മളെ ഇങ്ങനെ ഇത്രയും ബന്ധിപ്പിച്ചു നിർത്തുന്നത് എന്താണ്?                                                        

Sunday, August 16, 2015

നിന്നെ ഓർക്കാത്ത ദിവസങ്ങളില്ല. എത്ര ആഗ്രഹിച്ചെന്നോ, നിന്റെ അരികിൽ ഇതുപോലെ ഒന്നിരിക്കാൻ.. എത്ര ആഗ്രഹിച്ചിട്ടും, ഒരു കാര്യവുമില്ല. എപ്പോഴും ഓരോ തിരക്കുകൾ..ഒന്നും മാറ്റിവയ്ക്കാൻ പറ്റാത്തവ.. എനിക്ക് ആരെയും വേദനിപ്പിക്കാൻ കഴിയില്ല. അതുകൊണ്ട്, എന്റെ പല ആഗ്രഹങ്ങളും ഞാൻ തന്നെകണ്ടില്ലെന്നു നടിക്കുകയാണ്. അതൊന്നും സാരമില്ല, അല്ലേ... നീയിങ്ങനെ ഹൃദയത്തോടെന്നെ ചേർക്കുമ്പോൾ എന്റെ ആവലാതികളും, സങ്കടങ്ങളുമെല്ലാം എത്ര വേഗത്തിലാണ് ഇല്ലാതാവുന്നത് ! 

Thursday, June 18, 2015

അമ്മച്ചി ഉണ്ടായിരുന്നപ്പോൾ എന്തിനും ഏതിനും ഒരു ധൈര്യമായിരുന്നു. ഇപ്പോൾ ചിറകൊടിഞ്ഞപോലെയായി. കഴിഞ്ഞ ജനുവരി 25 നു അമ്മച്ചി പോയി. എനിക്കിപ്പോഴും മനസ്സിന്റെ വിങ്ങൽ മാറിയിട്ടില്ല. ഞാൻ കരുതിയത് കുറച്ചു ദിവസങ്ങൾ കൊണ്ട് മനസ്സു ശാന്തമാവുമെന്നാണ്. അങ്ങനെയുണ്ടായില്ല. മനസ്സിപ്പോഴും വിങ്ങിക്കരഞ്ഞുതന്നേയിരിക്കുന്നു. ഇതെഴുതുമ്പോഴും കണ്ണുനിറയുന്നുണ്ട്. എപ്പോഴെങ്കിലും കണ്ണാടിയിൽ നോക്കുമ്പോൾ എനിക്ക് അമ്മച്ചിയെ ഓർമ്മവരും. ഞാൻ അമ്മച്ചിയെപ്പോലെയാണ്. അങ്ങനെ എല്ലാ‍രും പറയാറുമുണ്ട്. കുറേക്കൂടി സ്നേഹിക്കണമായിരുന്നു. ഞാൻ സ്നേഹിച്ചിരുന്നു, ഒരുപാട്. എന്നാലും, പിന്നെയും കുറേക്കൂടി സ്നേഹിക്കാമായിരുന്നു. എന്റെ എല്ലാ പ്രാരാബ്ധങ്ങൾക്കിടയിലും ഞാൻ അപ്പച്ചനെയും അമ്മച്ചിയെയും പരിചരിക്കുകയും ശുശ്രൂഷിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. ഒരുപക്ഷെ, എന്റെ സഹോദരന്മാരെക്കാൾ കൂടുതൽ ഞാൻ അവരെ നോക്കിയിട്ടുണ്ട്. എന്നാലും, മനസ്സിന് വല്ലാത്ത കുറ്റബോധം. എന്തൊക്കെയോ കുറവു വന്നു പോയത് പോലെ.  ഒരുപക്ഷെ എനിക്ക് അമ്മച്ചിയോടുള്ള സ്നേഹം കൊണ്ട് തോന്നുന്നതായിരിക്കാം. എനിക്കറിയില്ല. അപ്പച്ചനിപ്പോഴുമുണ്ട്. തീരെ വയ്യ. കിടപ്പിലാണ്. ഞാൻ അരികിലുള്ളപ്പോൾ അപ്പച്ചന്റെ മുഖത്ത് നല്ല തെളിച്ചമാണ്. പോരാനിറങ്ങുമ്പോൾ മുഖം മങ്ങും. ചിലപ്പോൾ വാശിപിടിക്കും, എന്നെക്കാണണം എന്ന്.  നിവർത്തിയുള്ളപ്പോഴൊക്കെ ഞാൻ പോയി കാണും, അടുത്തിരുന്നു ആഹാരമൊക്കെ എടുത്തുകൊടുക്കും.  എല്ലാരോടും സ്നേഹം മാത്രമേയുള്ളൂ എന്റെ മനസ്സിൽ. അതുകൊണ്ടാവും മനസ്സിങ്ങനെ നൊമ്പരപ്പെടുന്നത്.  ഇതൊക്കെ പറയാൻ ഞാൻ നേരത്തേ തന്നെ നിന്റെയടുക്കൽ വരേണ്ടതായിരുന്നു. അതൊന്നും നടന്നില്ല. ഇപ്പോൾ നിന്റെയടുത്തിരിക്കുമ്പോൾ എന്തോ ഒരു സമാധാനം. ഞാനൊന്നുറങ്ങട്ടെ ?.. നീയുറങ്ങാതെ, അരികിൽ ഇരിക്കുമോ, ഞാൻ ഉറങ്ങും വരെ?

കുറച്ചു ദിവസമായി, പനിയും മൂക്കൊലിപ്പും, ചുമയുമൊക്കെ തുടങ്ങീട്ട്. മരുന്നു കഴിക്കുന്നുണ്ട്. അങ്ങു തീർത്തു മാറുന്നില്ല.സാവകാശം മാറട്ടെ, അല്ലേ....