Wednesday, August 13, 2014

എന്നെ ഈ നേരത്ത് തീരെ പ്രതീക്ഷിച്ചില്ല, അല്ലെ... എന്തേ ഇന്നെന്റെ മുഖത്ത് നോക്കാന്‍ ഒരു ചമ്മല്‍? ഞാന്‍ കണ്ടുപിടിച്ചു എന്ന് മനസ്സിലായി, അല്ലെ.. ചിരിക്കണ്ട... ഇന്നലെ ബസ്സിലിരുന്ന് അത് തന്നെയാണ് ആലോചിച്ചുകൊണ്ടിരുന്നത്.  അന്നത്തെ വീഴ്ചയുടെ കാര്യം. ഒക്കെ നിനക്കറിയാമായിരുന്നു. അല്ലെങ്കില്‍ പിന്നെ എങ്ങിനെയാണ് ഞാന്‍ വീണപ്പോള്‍ നീ വളരെ കൃത്യമായി നിന്റെ കൈകളില്‍ എന്നെ താങ്ങിയത്?

ഞാന്‍ എപ്പോള്‍ വന്നാലും ഈ മുറിയില്‍ നീയുണ്ടാവും, എന്നെയും കാത്ത്.

നിന്നെ എനിക്ക് മനസ്സിലാവുന്നേയില്ല ! നീ എന്റെ ആരാണ്?
ഇന്ന് വല്ലാത്തൊരു തണുപ്പ്.. ഉള്ളില്‍ പനിയുള്ളതുപോലെ..

( ഈ നോട്ടം.. ഇത് എങ്ങനെയാണ് സാധ്യമാവുന്നത് ! എന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേയ്ക്ക് എത്ര അനായാസമായാണ് നീ നോക്കുന്നത് ! )

പേടിക്കാനൊന്നുമില്ല... ഇന്നലെത്തന്നെ ഞാന്‍ നിന്നോടത് പറഞ്ഞാല്‍ മതിയായിരുന്നു.  ഇന്നലെ രാവിലെ ഞാനൊന്ന് വീണു.  അടുക്കളഭാഗത്തെ സിമന്റിട്ട മുറ്റത്ത്  ബ്ലീച്ചിംഗ് പൌഡര്‍ വിതറാന്‍ ഇറങ്ങിയതാണ്. മഴ പെയ്ത് നനഞ്ഞു കിടന്നത് കാര്യമാക്കാതിരുന്നതിന്റെ ശിക്ഷയാവണം. കാല്‍ വഴുക്കി. മലര്‍ന്നടിച്ചു വീണു. ആകെ പേടിച്ചുപോയി. എഴുന്നേറ്റ് മേലാകെ നോക്കി. മുറിവും ചതവും ഒന്നും കണ്ടില്ല. ഒരു വേദനയും എങ്ങുമില്ല. ഇനിയെങ്ങാനും മരവിപ്പ് കൊണ്ട് വേദന തോന്നാതിരിക്കുന്നതാണോ എന്ന്‍  പെട്ടെന്നൊരു ചിന്ത മനസ്സില്‍ കയറി. ആരോടും ഒന്നും പറയാന്‍ നിന്നില്ല. കുളിമുറിയില്‍ കയറി തലവഴിയെ തണുത്തവെള്ളം കോരിയൊഴിച്ചു. പിന്നെ ഒന്നും സംഭവിക്കാത്തതു പോലെ പതിവ് ജോലികളൊക്കെ തീര്‍ത്ത് ഓഫീസില്‍ പോയി.

ഇപ്പോള്‍ ചെറിയൊരു തണുപ്പും മേലുവേദനയും  ഉണ്ട്.  അത്  പിന്നെ ഉണ്ടാവാതിരിക്കുമോ ! അത് പോലെയല്ലേ വീണത് ! ഇത്രയല്ലേ വന്നുള്ളൂ.  ശരിയ്ക്കും ദൈവാധീനമുണ്ട്.  ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട് ആ വീഴ്ചയുടെ ഓരോ നിമിഷവും. എന്നെ ആരോ കൈകളില്‍ താങ്ങിയിരുന്നു. ഞാനൊന്ന് കൂടി ഓര്‍ത്തു നോക്കട്ടെ , അതാരായിരുന്നുവെന്ന്...



Tuesday, August 12, 2014

ഏയ്... അത്രയ്ക്കൊന്നും ഇല്ലാന്നേ.. ഇത്തിരി വിഷമം ഉണ്ടെന്നത് നേര്.. അതിപ്പോ, ഒട്ടും വിഷമിക്കാതിരിക്കാന്‍ ആര്ക്കെന്കിലുമൊക്കുമോ ! ഇതൊക്കെ കേള്‍ക്കാന്‍ ഇവിടിങ്ങനെ ഒരാള്‍ ഉള്ളതുകൊണ്ടാ.. അല്ലെങ്കില്‍ എന്ത് സങ്കടം ! എന്ത് പരാതി ! ഒന്നോര്‍ത്താല്‍ ഇതല്ലേ സത്യമായ ജീവിതം .. ഈ പരാതികളും സങ്കടങ്ങളും കണ്ണീരും ചിരിയുമൊക്കെ ചേര്‍ന്നത്.. 

ഓ ! ഭയങ്കരം തന്നെ ! ഈ എന്നെക്കൊണ്ട് ഞാന്‍ തോറ്റു ! എല്ലാം ഞാന്‍ തന്നെ പറയും ! ഇനിയെപ്പോഴാ നന്നാവുന്നെ ! ആ... ആര്‍ക്കറിയാം !!

Monday, August 4, 2014

അടുത്ത മാസം അതായത് 2014 സെപ്തംബര്‍ 30.

Wednesday, July 23, 2014



നീ ഒരുപാട് ദൂരെ പോവുമ്പോള്‍ ഞാന്‍ എന്ത് ചെയ്യും?


 നീ എന്റെ ഹൃദയത്തിലുണ്ടാവും, ഞാന്‍ നിന്നിലും..

Monday, July 7, 2014

ധൈര്യം

എന്നെക്കുറിച്ച്, എന്റെ ഇനിയുള്ള ജീവിതത്തെക്കുറിച്ച് , എന്നില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച്, എനിക്ക് ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങളെ കുറിച്ച് .. അങ്ങനെയങ്ങനെ പല കാര്യങ്ങളെ കുറിച്ചും എനിക്ക് മനസ്സ് തുറന്ന്‍ ഒന്ന് സംസാരിക്കാന്‍ ആഗ്രഹമുണ്ട്. ആരോട്, എപ്പോള്‍ എന്നതാണ് പ്രശ്നം. എല്ലാരും തിരക്കിലാണ്. ഇനി ആരെങ്കിലും കേള്‍ക്കാന്‍ തയ്യാറായാല്‍ തന്നെ അവര്‍ക്ക് വേറെ ജോലിയൊന്നും ഇല്ലാഞ്ഞിട്ടല്ല. അവരുടെ മഹാമനസ്കത കൊണ്ടും എന്നോടുള്ള സ്നേഹം കൊണ്ടുമാണ്. അതോര്‍ക്കുമ്പോള്‍ ആ നല്ല മനുഷ്യരെ എന്തിനാ ബുദ്ധിമുട്ടിക്കുന്നെ എന്ന്  എന്റെ മനസ്സ് എന്നെ ശാസിക്കും.അങ്ങനെയെങ്കില്‍ എന്നോട് സംസാരിക്കാനുള്ള ആ ദൌത്യം ഈ പറയുന്ന മനസ്സിന് തന്നെ ഏറ്റെടുക്കാന്‍ പാടില്ലേ എന്നായി ഞാന്‍. അപ്പോള്‍ മനസ്സൊന്നു ചിരിച്ചു. ഓ, ഇങ്ങനെ ചിരിക്കാന്‍ ആര്‍ക്കാ വയ്യാത്തത് !അങ്ങനെയിരിക്കെയാണ് ഈ മുറിയില്‍ വന്നു പെട്ടതും, നിന്നെ കണ്ടുമുട്ടിയതും. എന്നെക്കുറിച്ച് എനിക്കറിയാവുന്നതെല്ലാം നിനക്കും അറിയാം.എന്നിട്ടിപ്പോ, ദാ ഒരു പറച്ചില്‍ !

'നന്നാവുന്നെങ്കില്‍ ഇപ്പൊ നന്നാവണം. ധൈര്യംകാണിക്കണം . നാളെ പല്ലും നഖവും കൊഴിഞ്ഞ് ഒരു മൂലയ്ക്ക് ഇരിക്കുമ്പോ നന്നായിട്ടും, ധൈര്യം കാണിച്ചിട്ടും ഒരു കാര്യോമില്ല !'

ഓ, കേട്ട്.. നന്നാവാം. 

Saturday, June 21, 2014

ഹൃദയമിടിപ്പുകള്‍


'ഇത് രക്ഷപെടാന്‍ ദൈവം തന്ന ഒരവസരമാണ്.  ഈ കെട്ടിയിരിക്കുന്ന വടത്തില്‍ തൂങ്ങിയാടി നമുക്കീ വെള്ളച്ചാട്ടത്തിനക്കരെ കടക്കാന്‍ കഴിയും. നീ തളര്‍ന്നു കഴിഞ്ഞു എന്നെനിക്കറിയാം.  ഞാനും ക്ഷീണിതനാണ്. എങ്കിലും,  എനിക്ക് നിന്നെ ഉപേക്ഷിച്ചു  പോവാന്‍ വയ്യ. നീ എന്റെ നെഞ്ചില്‍ ചേര്‍ന്ന് എന്നെ മുറുകെ പിടിച്ചാല്‍ മാത്രം മതി. ഒരു കാര്യം മാത്രം നീ ഓര്‍മ്മ വയ്ക്കുക. എന്റെ ഹൃദയമിടിപ്പുകള്‍ക്കൊപ്പം നിന്റെ ഹൃദയവും മിടിക്കണം. നമ്മുടെ ഹൃദയങ്ങള്‍ മിടിക്കുന്നത്‌ ഒരുമിച്ചായിരിക്കണം.  എങ്കില്‍ നമ്മള്‍ അക്കരെയെത്തിയിരിക്കും.'




ഇത്രയും മതി, ഈ പോസ്റ്റ്‌.





-

Monday, June 16, 2014

നല്ല തലവേദന. തൊണ്ടവേദന. പനിയുണ്ടെന്നു തോന്നുന്നു. മൂക്കൊലിപ്പിന്റെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട ! അപ്പൊ പിന്നെ മേലുവേദനയുടെ കാര്യം പറയണോ? ഓ, പറഞ്ഞിട്ടൊരു കാര്യവും ഇല്ല. തെറ്റ് എന്റെ തന്നെ. രണ്ടു ദിവസം നോണ്‍-സ്റ്റോപ്പ്‌  ജോലികളായിരുന്നു. ടോയ്ലറ്റുകള്‍,കുളിമുറികള്‍ ഇത്യാദികള്‍ വെടുപ്പാക്കുക.  (വെടുപ്പാക്കുക എന്നതു 'ഇന്ദുലേഖ ' ഈയിടെ പുനര്‍വായന നടത്തിയതിന്റെ വാങ്ങലാണ്. പേടിക്കാനില്ല.) ഏറ്റവും കഷ്ടം, എന്ന് പറയേണ്ടത് ഭിത്തിയില്‍ പതിച്ചിരിക്കുന്ന ടൈല്‍സ്  തേച്ചുകഴുകുന്ന കൃത്യമാണ്. കുനിഞ്ഞും നിവര്‍ന്നും നടുവിന്റെ പണിക്കുറ്റം  ഏതാണ്ട് തീര്‍ന്നു കിട്ടി. വീട്ടിലിടുന്ന ഉടുപ്പുകളൊക്കെ എപ്പോഴും വാഷിംഗ് മെഷീനില്‍ ഇടാതെ ഇടയ്ക്കൊക്കെ  കല്ലില്‍ അടിച്ചുനനയ്ക്കുന്നതാണ് ഉത്തമം. ഇതൊക്കെ അറിഞ്ഞുവച്ചുകൊണ്ട് ചെയ്യാതിരിക്കുന്നത് തെറ്റല്ലേ, എന്ന് മനസ്സാക്ഷി ചോദിച്ചാലോ എന്നോര്‍ത്ത് തുണികള്‍ കല്ലില്‍ അടിച്ച് അലക്കിവിരിച്ചു. കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി മഴ നനയേണ്ടതായി വന്നു.  ജോലികളുടെ ലിസ്റ്റ് സമയപരിമിതികള്‍ മൂലം എഴുതുന്നില്ല. രാത്രി നല്ലപോലെ ഉറങ്ങണം എന്ന് കരുതിയാണ് കിടന്നത്. മേലുവേദന യുടെ കടുപ്പം കൊണ്ട് അതും നടന്നില്ല. രാവിലെയാല്‍ പിന്നെ വീണ്ടും തനിയാവര്‍ത്തനങ്ങള്‍. ഹും. ..ഇതൊക്കെ ഈ മനസ്സാക്ഷിയെന്ന ഒറ്റയൊരാള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ്. ക്ഷമിക്കുന്നതിനും ഇല്ലേ, ഒരതിരൊക്കെ ?

ചുമ്മാ ഇങ്ങനെ കേട്ടോണ്ടിരിക്കാതെ ഞാനെന്താ ചെയ്യുക എന്നൊന്ന് പറയ്യ്..എനിക്ക് തീരെ വയ്യാണ്ടാവണ്ണ്ട് .. ഇനി പറഞ്ഞില്ലാന്നു വേണ്ടാ ! 

Monday, June 2, 2014

ഇന്നു കുറേ കാര്യങ്ങള്‍ ചെയ്തു തീര്‍ത്തു. നീ പറഞ്ഞാലേ അനുസരിക്കൂ എന്നായിട്ടുണ്ട് ! ഈ മനസ്സിന്റെയൊരു കാര്യം !! ചിലപ്പോ, എനിക്ക് ഒട്ടും പിടിക്കാറില്ല അതിന്റെ ഓരോ സ്വഭാവങ്ങള്‍. ഇന്നലെ മുതല്‍ വലിയൊരു അന്വേഷണത്തിന്റെ തിരക്കിലാണ്. ആരെയെങ്കിലും ഇപ്പൊ വേദനിപ്പിക്കുന്നുണ്ടോ എന്ന്‍ ! ഞാന്‍ വലിയൊരു വൃത്തം വരച്ചു. പിന്നെ അതിനുള്ളില്‍.. പിന്നെ അതിനുള്ളില്‍.. അങ്ങനെ കുറെ വൃത്തങ്ങള്‍. അടുപ്പവും ബന്ധവും കണക്കാക്കി ഓരോ പേരുകള്‍ എഴുതി. ഓരോ മുഖവും മനസ്സിലോര്‍ത്തു. ഞാന്‍ വേദനിപ്പിക്കുന്നുണ്ടോ എന്ന്  അവരുടെയൊക്കെ മനസ്സില്‍ കയറി നോക്കി. ഞാന്‍ അറിഞ്ഞുകൊണ്ട് ആരെയും വേദനിപ്പിക്കുന്നില്ലെന്നു മാത്രമേ എനിക്ക് മനസ്സിലായുള്ളൂ. അതൊന്നും പോരല്ലോ. പ്രത്യേകിച്ച് ഏറ്റവും  ചെറിയ വൃത്തത്തിനുള്ളില്‍ നില്‍ക്കുന്ന ഒരാളുടെ. ആ മനസ്സ് കൃത്യമായി വായിക്കാന്‍  കഴിയുന്നില്ല. എങ്ങനെയാണ് അതൊന്നു വായിച്ചെടുക്കുക? വായിക്കുമ്പോള്‍ എന്തായിരിക്കും അതിനുള്ളില്‍? നന്മ എത്ര? തിന്മ എത്ര? സന്തോഷം എത്ര? സങ്കടങ്ങള്‍ എത്ര? നിസ്സഹായത എത്ര? ബലഹീനതകള്‍ എത്ര? കഴിവുകള്‍ എത്ര? കഴിവില്ലായ്മകള്‍ എത്ര? സ്നേഹം എത്ര? വൈരാഗ്യം എത്ര? ........ ഒക്കെ എത്രയെന്കിലുമാവട്ടെ.  എനിക്ക് ആ മനസ്സിനെ സ്നേഹിക്കാതിരിക്കാനാവില്ല. ഞാനല്ലാതെ വേറെയാരുമില്ല...

നീ വിഷമിക്കല്ലേ.. ഞാന്‍ കരയുകയല്ല.. അറിയാതെ കണ്ണില്‍....


Saturday, May 31, 2014

ആളുകള്‍ എത്ര സ്വാര്‍ത്ഥരാണ് !! പത്രം കയ്യിലെടുക്കുമ്പോള്‍ പേടിയാണ്. എന്താണ് വായിക്കാന്‍ പോകുന്നതെന്ന പേടി.   നശിപ്പിക്കുക, കൊല്ലുക  ഇതൊക്കെ ആളുകള്‍ എത്ര അനായാസമാണ് ചെയ്യുന്നത് !! ആര്‍ക്ക്, എന്ത് ചെയ്യാന്‍ കഴിയും, ഇതിനെതിരെ? പലരും പലതും പരിഹാരമായി പറയുന്നുണ്ട്. ഉം. ഇതൊക്കെ എത്രയോ നാളായി പറയുന്ന കാര്യങ്ങളാണ്.  നിയമവും പോലീസുമൊക്കെ  നോക്കുകുത്തികള്‍ പോലെ നില്‍ക്കുമ്പോള്‍ ആര്‍ക്കും എന്തും ആവാമല്ലോ.

നീ എന്നെയിങ്ങനെ സഹതാപത്തോടെ നോക്കണ്ട. എന്റെ ആത്മരോഷം കണ്ടിട്ടാണോ? എങ്കില്‍ വേണ്ട. ഞാന്‍ ശരിക്കും മനസ്സ് നൊന്തു പറഞ്ഞതാണ്.  ഈ മുറിയില്‍ ഇരുന്നാല്‍ പോരാ. നാട്ടില്‍ നടക്കുന്നതൊക്കെ അറിയണം.ഉം. പിന്നെയും ചിരിക്കുന്നു. എനിക്ക് മനസ്സിലാവുന്നുണ്ട്. ഒന്നും പറയാതെ, ഒന്നും കാണാതെ, ഒന്നും കേള്‍ക്കാതെ നീ എങ്ങനെയാണ് എല്ലാം അറിയുന്നത്!? വല്ലാത്ത ഒരാള്‍ തന്നെ ! 

ഒരു കാര്യം ചോദിക്കട്ടെ? എന്നെ ഒന്നു സഹായിക്കുമോ? എനിക്ക് സമയബന്ധിതമായി കുറച്ചു കാര്യങ്ങള്‍ ചെയ്യാനുണ്ട്. ചെയ്തിട്ടും ചെയ്തിട്ടും തീരുന്നില്ല. ശരിയാവുന്നില്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി. കാര്യങ്ങള്‍ ചെയ്യാനുള്ള  മനസ്സ് ഒന്നൊരുക്കിത്തരാമോ? ഞാന്‍ പറഞ്ഞിട്ട് മനസ്സ് അനുസരിക്കുന്നില്ല. നീ പറഞ്ഞാല്‍ ഉറപ്പായും അനുസരിക്കും. എനിക്ക് അധികം വൈകാതെ എല്ലാം തീര്‍ക്കണം.

ഞാന്‍ പൊയ്ക്കോട്ടേ?

( ഇന്നലെ സന്ധ്യയ്ക്ക് ബസ്സില്‍ നിന്നിറങ്ങി റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ നീ എന്റെ പിന്നില്‍ ഉണ്ടായിരുന്നു, അല്ലെ ? ഉം.. :)   )

Friday, May 23, 2014

തൂവല്‍സ്പര്‍ശം

ഇന്നലെ ഞാന്‍ ശാന്തമായി ഉറങ്ങി. വിചിത്രമായ സ്വപ്നങ്ങളൊന്നും കണ്ടില്ല. രാവിലെ നേരത്തെ ഉണര്‍ന്നു. എന്തെന്നറിയില്ല, മനസ്സിലെ ഭാരം ആരോ എടുത്തു മാറ്റിയതു പോലെ തോന്നി. നീയാണോ അത് ചെയ്തത്? എപ്പോഴാണ് നീ അതു ചെയ്തത്? ഇന്നലെ ഈ മുറിയില്‍ നിന്റെ മുന്നിലിരിക്കുമ്പോള്‍ ഞാനൊന്നും പറഞ്ഞില്ലല്ലോ ! നീയും ഒന്നും പറഞ്ഞില്ല. നിന്റെ ഉള്ളംകൈയ്യില്‍ എന്റെ കൈകള്‍ അമര്ത്തിവച്ച്  ഒരു കൊച്ചുകുട്ടിയെ  എന്ന പോലെ നീയെന്നെ നോക്കിയിരുന്നതല്ലേയുള്ളൂ ! എപ്പോഴാണ് നീയെന്നെ സാന്ത്വനിപ്പിച്ചത്?!

വലിയൊരു തീരുമാനമാണ് ഞാനെടുത്തത്. ഈ തീരുമാനത്തിനു വലിയ ഭാരമുണ്ട്. ഇതെന്നെ തകര്‍ത്തു കളയുമോ എന്നെനിക്കറിയില്ല. എങ്കിലും എന്റെ ചുറ്റുമുള്ള എന്റെ പ്രിയപ്പെട്ടവര്‍ക്കായി ഞാനിത് ചെയ്തെ  മതിയാവൂ. എന്റെ എല്ലാ അവസ്ഥകളിലും, സുഖങ്ങളിലും ദുഃഖങ്ങളിലും, എനിക്ക് മനസ്സ് പങ്കുവയ്ക്കാന്‍ സ്നേഹമായും സാന്ത്വനമായും ഈ മുറിയില്‍ നീയുണ്ടാവും. അതു മതി, എനിക്ക്.

Thursday, May 22, 2014

മഞ്ഞ്

കഴിഞ്ഞ രാത്രിയില്‍ വിചിത്രമായ കുറെ സ്വപ്നങ്ങള്‍ കണ്ടു, മുറിഞ്ഞു മുറിഞ്ഞ് .. എല്ലാവരുടെയും ഓര്‍മ്മകളില്‍ നിന്നകന്ന്‍ .. മറവിയുടെ മഞ്ഞുമലകള്‍ക്കപ്പുറം ഞാന്‍...

Wednesday, May 21, 2014

വീണ്ടും..

ഞാന്‍ വീണ്ടും വന്നു. എല്ലാം നിനക്കറിയാം. എന്റെ ചിന്തകളും തീരുമാനങ്ങളും, എല്ലാം. വല്ലാതെ തളരുമ്പോള്‍ ഞാനിവിടെ എത്തുമെന്നും നിനക്കറിയാം. അല്ലെങ്കില്‍ വാതില്‍ക്കല്‍ നീയെന്നെ കാത്തുനില്‍ക്കുമായിരുന്നില്ല. എന്റെ തണുത്ത വിരലുകളില്‍ ഇങ്ങനെ  തഴുകുമായിരുന്നില്ല. ഞാനിവിടെ ഇരുന്നോട്ടെ, കുറച്ചുനേരം നിന്റെ അരികില്‍?

കുറച്ചു ദിവസമായി, പനിയും മൂക്കൊലിപ്പും, ചുമയുമൊക്കെ തുടങ്ങീട്ട്. മരുന്നു കഴിക്കുന്നുണ്ട്. അങ്ങു തീർത്തു മാറുന്നില്ല.സാവകാശം മാറട്ടെ, അല്ലേ....