ഞാനീ മുറിയിൽ പലതവണ ഈയിടെ വന്നു പോയി. നിന്നോട് ഒന്നും മിണ്ടിയില്ല. പിണങ്ങരുത്. മറന്നുപോവുന്നതിനു മുൻപ് കുറെ കാര്യങ്ങൾ എഴുതിവയ്ക്കാനുണ്ടായിരുന്നു. നീ കണ്ടതല്ലേ. ഓ ! സമാധാനമായി ! ഈ പുഞ്ചിരി മതി എനിക്ക്.. അതിലെല്ലാം ഉണ്ട്.. നിനക്ക് എന്നോടു പറയാനുള്ളതെല്ലാം... ഇപ്പോൾ ഞാൻ പോകട്ടെ?
Sunday, August 28, 2016
2016 ആഗസ്റ്റ് 21 ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സന്തോഷ് എച്ചിക്കാനം എഴുതിയ ഒരു കഥയുണ്ട്. ‘ബിരിയാണി’. ഈ കഥ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു. ഈ കഥയിൽ പുതുമയുണ്ട്. അത് വിഷയത്തിലല്ല. കഥ എഴുതിയിരിക്കുന്ന രീതിയിലാണ്. പൊയിനാച്ചിയിലെ കലന്തൻ ഹാജി എന്ന എൺപത്തിയാറുകാരൻ കുബേരന്റെ കൊച്ചുമകന്റെ കല്ല്യാണം. അവിടെ പണിക്കു വന്നിരിക്കുന്ന ബീഹാറുകാരൻ ഗോപാൽ യാദവ്. ഒരു ദരിദ്രഗ്രാമീണൻ. ഭക്ഷണത്തിനു പോലും വക കണ്ടെത്താൻ കഴിയാതെ അലഞ്ഞുതിരിഞ്ഞ് ഒടുവിൽ എങ്ങനെയോ ഭാര്യ മാതംഗിയോടൊപ്പം പൊയിനാച്ചിയിൽ എത്തിപ്പെട്ട ഒരു പച്ചപ്പാവം മനുഷ്യൻ. ബസുമതി അരിയുടെ മണം കേട്ട് കൊതിയോടെ നോക്കിനിന്ന ഭാര്യക്ക് 50 ഗ്രാം ബസുമതി അരി വാങ്ങിക്കൊടുത്ത സ്നേഹധനനായ ഭർത്താവ്. ആ അരി കുറേശ്ശേയായി ഭാര്യ വായിലിട്ട് ചവച്ച് അതിന്റെ മണം ആസ്വദിച്ചു കഴിക്കുന്നത് നിർവൃതിയോടെ നോക്കിനിന്നവൻ. കലന്തൻ ഹാജിയുടെ വീട്ടിലെ കല്ല്യാണവിരുന്നിനായി ഏറ്റവും മുന്തിയതരം ബസുമതി അരി എത്തിയിരിക്കുന്നു. അതും ഒരു ലോഡ്. പഞ്ചാബിൽ നിന്ന്. അത് വന്നപ്പോൾ നാടു മുഴുവൻ മുല്ല പൂത്ത സുഗന്ധമായിരുന്നുവത്രെ! ഗോപാൽ യാദവിനെ ഏൽപ്പിച്ചജോലി അയാളുടെ പൊക്കത്തിനൊപ്പം ആഴവും വീതിയുമുള്ള ഒരു കുഴി ഉണ്ടാക്കുക എന്നതായിരുന്നു. മണ്ണു കിളച്ചും വെട്ടിമാറ്റിയും കുഴി തീർത്തുകഴിയുമ്പോഴേയ്ക്കും അയാൾ തളർന്ന് ആ കുഴിയിൽ തന്നെ ബോധമറ്റു കിടന്നു. കണ്ണുതുറക്കുമ്പോൾ സൽക്കാരമെല്ലാം ക്ഴിഞ്ഞ് ആളുകൾ പോയിത്തുടങ്ങിയിരുന്നു. വണ്ടികൾ തിരിച്ചു പോവുന്ന ശബ്ദങ്ങൾ. കുഴി തയ്യാറായോ എന്നു നോക്കാൻ വന്നവർ അയാളെ കൈപിടിച്ച് കയറ്റി. പിന്നെ വലിയ വീപ്പ നിറച്ച് സുഗന്ധം പരത്തുന്ന ബിരിയാണി കുഴിയിലേയ്ക്ക് കമഴ്ത്തി. പിന്നെയും. പിന്നെയും. കുഴിനിറയും വരെ. ഒടുവിൽ പൊട്ടിക്കാത്ത ഒരു ചെമ്പ് ബിരിയാണി കൂടി കമഴ്ത്തി. അത് മണ്ണിട്ടു മൂടി ചവിട്ടി അമർത്താൻ ഗോപാൽ യാദവിനോട് ആ വീട്ടിലെ ചെറുക്കൻ പറയുന്നുണ്ട്. അയാൾക്ക് അനങ്ങാൻ കഴിയുന്നില്ല. കിടക്കുന്നത് ബസ്മതിയാണ്. ഒടുവിൽ അയാൾ ചവിട്ടി.നെഞ്ചിൽത്തന്നെ. അയാൾ ഒരു കരച്ചിൽ കേട്ടു.ഒരു ഞരക്കം. പിന്നെ അതും നേർത്ത്നേർത്ത് ഇല്ലാതായി. പണിയെടുപ്പിക്കാൻ വന്ന ചെറുക്കൻ ചോദിച്ചു, “ഭായീ... ഭായിക്കെത്ര മക്കളാ?” “ഒരു മോള് “ “എന്താ പേര്?” “ബസ്മതി” നിക്കാഹ് കയിഞ്ഞാ?” “ഇല്ല” പഠിക്ക്യാണോ?” “അല്ല” “പിന്നെ?” “മരിച്ചു” “എങ്ങനെ?” വിശന്നിട്ട്”.
Saturday, August 27, 2016
ഈ ലക്കം (ജൂലൈ 2016) ഗ്രന്ഥാലോകം മാസികയിൽ എൻ.എസ്.മാധവന്റെ ‘ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ’ എന്ന നോവലിനു വേണ്ടി ചിത്രങ്ങൾ വരച്ച ബോണി തോമസിന്റെ ലേഖനമുണ്ട്.ആ പുസ്തകം ഞാൻ ഇതേവരെ വായിച്ചിട്ടില്ല എന്നത് വലിയൊരു കുറവു തന്നെയാണ്. എനിക്കത് എത്രയും പെട്ടെന്നു തന്നെ വായിക്കണം. ലന്തൻ ബത്തേരി ഒരു സാങ്കല്പിക സാഹിത്യദ്വീപാണ് എന്നത് എന്നെ കുറച്ചൊന്നുമല്ല, അത്ഭുതപ്പെടുത്തുന്നത്. എൻ.എസ്.മാധവൻ എന്ന വലിയ സാഹിത്യകാരന്റെ പ്രതിഭയ്ക്കു മുന്നിൽ പ്രണാമം. കൊച്ചി തുറമുഖത്തിനടുത്ത് പോഞ്ഞിക്കര എന്ന ദ്വീപീൽ നിന്ന് ഇല്ലാത്ത ബോണിഫേസ് പാലവും, അതു ചെന്നെത്തുന്ന ഇല്ലാത്ത ലന്തൻ ബത്തേരിയും, അതിലെ ജീവിതങ്ങളും അദ്ദേഹം എഴുതിയുണ്ടാക്കിയിരിക്കുന്നു ! ബോണി തോമസ് -9846983388 പനോരമ ഗാർഡൻസ്, പണ്ടാരച്ചിറ റോഡ്, കൊച്ചുകടവന്ത്ര, എറണാകുളം.
മനുഷ്യമനസ്സിലെ ആഗ്രഹങ്ങൾ കടലിലെ തിരമാലകൾ പോലെയാണ്.. ഒരിക്കലും നിലയ്കാത്ത തിരമാലകൾ പോലെ ആഗ്രഹങ്ങളും, മോഹങ്ങളും ഒന്നിനു പിന്നാലെ ഒന്നായി മനസ്സിനെ പ്രക്ഷുബ്ധമാക്കുമ്പോഴാണ് അസ്വസ്ഥതകളിലേയ്ക്കും, ഒടുവിൽ ഭ്രാന്തമായ ചിന്തകളിലേയ്ക്കും, ചെയ്തികളിലേയ്ക്കും മനുഷ്യൻ വീണുപോവുന്നത്. ഈ സത്യത്തെ ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞ്, മനുഷ്യന്റെ കണ്ണുതുറപ്പിക്കാൻ ശ്രമിച്ച ബുദ്ധദേവന് ഒരു കോടി നമസ്ക്കാരം ! കുറേ നാളുകളായി, ഞാൻ ഈ സത്യത്തെ എന്നിലേയ്ക്ക് ആവാഹിച്ചെടുക്കാൻ ശ്രമിക്കുകയാണ്. ഒരുപാട് ആഗ്രഹങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്ന ആളല്ല, ഈ പാവം ഞാൻ. എന്നാലും, ചിലപ്പോഴെങ്കിലും, മനസ്സ് അസ്വസ്ഥമായി തളർന്നു പോവാറുണ്ട്. അപ്പോഴൊക്കെ ഞാൻ എന്റെ മനസ്സിനോട് ‘ എന്തേയിങ്ങനെ?’ എന്ന് ദയനീയമായി ചോദിക്കാറുമുണ്ട്. അതിനു മറുപടിയായി മനസ്സിന് ഒരു നൊമ്പരക്കഥ പറയാനുണ്ടാവും. ഈ കഥകൾ പറഞ്ഞുപറഞ്ഞ് മനസ്സും, കേട്ടുകേട്ട് ഞാനും തളർന്നപ്പോൾ ഞങ്ങൾ ഒരു ഒത്തുതീർപ്പിലെത്തി. ഇനി ചോദ്യങ്ങളില്ല. ഉത്തരങ്ങളുമില്ല. സന്തോഷങ്ങളെ ആസ്വദിക്കുക. സങ്കടങ്ങളോട് നിസ്സംഗത പുലർത്തുക. ഉദാഹരണത്തിന്, കൈവിരലൊന്നു മുറിഞ്ഞു എന്നിരിക്കട്ടെ. മുറിവുണങ്ങും വരെ വേദനയുണ്ടാവും. അതിനെ ഭയപ്പെടാതെ, അതിനെ താലോലിച്ചു വഷളാക്കാതെ, ആ സത്യത്തെ അംഗീകരിക്കുക. പിന്നെ ഒന്നു കൂടി ചെയ്യാവുന്നതാണ്. ഇനിയും കൈവിരൽ മുറിയാതിരിക്കാൻ ശ്രദ്ധിക്കാം. തെറ്റുകൾ പറ്റാതിരിക്കാൻ, എല്ലാവരിലും നന്മയുണ്ടാവാൻ, സന്തോഷവും സമാധാനവും ഉണ്ടാവാൻ, ആത്മാർത്ഥമായി ശ്രമിക്കാം, പ്രാർത്ഥിക്കാം. ഈ ഒരു ഒത്തുതീർപ്പിൽ ഞാനും എന്റെ മനസ്സും സംതൃപ്തരാണ്. എന്നുവച്ച്, എല്ലാം പൂർണ്ണമായും പരിഹരിക്കപ്പെട്ടു എന്നൊന്നും പറയനാവില്ല. ചിലപ്പോഴൊക്കെ ഒത്തുതീർപ്പു വ്യവസ്ഥകളൊക്കെ കാറ്റിൽ പറന്നുപോകും. അതൊന്നും സാരമില്ല. മനസ്സു വച്ചാൽ ഒക്കെ തിരിച്ചുപിടിക്കാനാവും. എല്ലാവർക്കും നല്ലതു വരാൻ എന്നും പ്രാർത്ഥിക്കും. അത് ഇന്നയാൾക്കു വേണ്ടി എന്നില്ല. എല്ലാവർക്കും വേണ്ടി. ആ പ്രാർത്ഥന തന്നെ വലിയൊരു ആശ്വാസമാണ്. എല്ലാവരെയും സ്നേഹിക്കുന്ന, കൈപിടിച്ചു നടത്തുന്ന, എല്ലാ നൊമ്പരങ്ങളും മായ്ച്ചുകളയുന്ന ആരോ ഒരാൾ ഉണ്ടല്ലോ എന്ന ആശ്വാസം.
Friday, August 26, 2016
Monday, August 22, 2016
കഴിഞ്ഞ പോസ്റ്റിന്റെ തുടർച്ചയാണിത്. എം.ടി.യെക്കുറിച്ച് പിന്നെയും എഴുതാൻ തോന്നിപ്പോവുന്നു. ‘സ്നേഹാദരങ്ങളോടെ’ എന്ന പുസ്തകത്തിലെ ആദ്യത്തെ അദ്ധ്യായം ശ്രീ.വി.എ.കേശവൻ നായരെക്കുറിച്ചാണ്. അദ്ദേഹത്തെക്കുറിച്ച് പറയുന്നതിനു മുന്നോടിയായി സ്വന്തം പത്രാധിപത്തൊഴിലിനെക്കുറിച്ചും അതിൽ വന്നു പെട്ടിരുന്ന ധർമ്മസങ്കടങ്ങളെക്കുറിച്ചും പറയുന്നുണ്ട്. ആപ്പീസിൽ നിന്നും വാങ്ങുന്ന ശമ്പളപ്പാക്കറ്റിനേക്കാൾ വലുതാണ് ഒരു നല്ല സാഹിത്യസൃഷ്ടി കയ്യിൽക്കിട്ടുമ്പോഴുള്ള സന്തോഷം എന്ന് അദ്ദേഹം പറയുമ്പോൾ അതു വായിക്കുന്ന നമ്മളും അറിയാതെ ഒന്നു ചിരിച്ചുപോവും. ശ്രീ.വി.എ.കേശവൻ നായർ എഴുതിയ ‘കാലത്തിന്റെ കലവറയിൽ നിന്ന്’ എന്ന ലേഖനപരമ്പര എഡിറ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ അതുവരെ അനുഭവിച്ചിരുന്ന വിരസതയിൽ നിന്ന് മോചനം കിട്ടി എന്ന് എം.ടി. സാക്ഷ്യപ്പെടുത്തുന്നത് ശ്രീ.കേശവൻ നായരുടെ പ്രതിഭയ്ക്കുള്ള അഭിനന്ദനവും അംഗീകാരവുമാണ്. ( ഇടയ്ക്ക് നല്ല ആത്മകഥകളെ കുറിച്ച് പറയുന്ന കൂട്ടത്തിൽ അദ്ദേഹം ചാർലി ചാപ്ലിന്റെ ആത്മകഥയെക്കുറിച്ച് പറയുന്നുണ്ട്. ഞാനത് വായിച്ചിട്ടില്ല. വായിക്കണം, വൈകാതെ തന്നെ. മനസ്സിൽ കുറിച്ചൂവച്ചു.)
എം.ടി.യുടെ ‘സ്നേഹാദരങ്ങളോടെ’ എന്ന പുസ്തകം വായിക്കുകയാണിപ്പോൾ. മലയാളസാഹിത്യകാരന്മാരിൽ പ്രമുഖരായവരെല്ലാം തന്നെ എം.ടി. യ്ക്ക് വളരെ അടുത്തറിയാവുന്നവരാണ് എന്ന് പല അഭിമുഖങ്ങളിലും കേട്ടിട്ടുണ്ട്. എന്നാലും, എം.ടി. യ്ക്ക് അവരോടെക്കെ ഇത്രയ്ക്ക് ആത്മബന്ധം ഉണ്ട് എന്നത് എന്നെ ശരിയ്ക്കും അത്ഭുതപ്പെടുത്തി. സത്യം പറഞ്ഞാൽ ഇപ്പോൾ എം.ടി. യോട് ആരാധനയും അസൂയയുമാണ് മനസ്സിൽ. ഒരു ജന്മത്തിൽ ഇത്രയും മഹാത്മാക്കളെ അടുത്തറിയാൻ ഭാഗ്യം കിട്ടുമോ!? ഒരാളെപ്പോലും നോവിക്കാത്ത എം.ടി. യുടെ ഈ പ്രകൃതം തന്നെയാവും അദ്ദേഹത്തിന്റെ എഴുത്തിന്റെ സൌന്ദര്യവും. എല്ലാവരിലും നന്മ കണ്ടെത്തുന്ന ഒരാൾ. തിന്മകളും കുറവുകളും ഇല്ലാത്ത മനുഷ്യരുണ്ടാവില്ല. എന്നിട്ടും, അതിലേക്കൊന്നും കണ്ണയക്കാതെ, അവരിലെ ജന്മസിദ്ധമായ കഴിവുകളെയും നന്മകളെയും ലളിതസുന്ദരമായ ആഖ്യാനത്തിലൂടെ എം.ടി. പരിചയപ്പെടുത്തുകയാണ്. എം.ടി. യുടെ ഓരോ വാക്കുകളിലും, വാചകങ്ങളിലും ലാളിത്യത്തിന്റെ സൌന്ദര്യം നിറഞ്ഞു തുളുമ്പുകയാണ്. ആരും കൊതിച്ചു പോവുന്ന സൌന്ദര്യം. എഴുത്തിന്റെ സൌന്ദര്യം.
Friday, August 19, 2016
ജീവിതത്തിന്റെ വേഗത കുറഞ്ഞുതുടങ്ങിയിരിക്കുന്നു. ഇത്രയും നാളും വിശ്രമം ഇല്ലാത്ത ഓട്ടമായിരുന്നു. ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്ന ചിന്ത ഒരു നിമിഷം പോലും വിശ്രമിക്കാൻ സമ്മതിച്ചില്ല. കുറെയേറെ കാര്യങ്ങൾ ചെയ്തു തീർത്തു. ഇനിയുള്ളത് സാവകാശം കഴീയുന്നതു പോലെ ചെയ്യാൻ ശ്രമിക്കും. ഈ ഓട്ടത്തിനിടയിലും ഒരുപാട് തരം ആളുകളെ കണ്ടു. പരിഹസിച്ചവരും വേദനിപ്പിച്ചവരും അവഗണിച്ച് നോവിച്ചവരും, സ്നേഹം മനസ്സിലൊളിപ്പിച്ച് അപരിചിതരെപ്പോലെ പെരുമാറിയവരും, അവരിലുണ്ട്. സ്നേഹം തന്നവരുണ്ട്. അനുകമ്പ തോന്നി സഹായിച്ചവരുണ്ട്. എല്ലാവരോടും ഇപ്പോഴെന്റെ മനസ്സിലുള്ളത് സ്നേഹവും നന്ദിയും മാത്രം. അവയൊന്നും ആർക്കും ആവശ്യമുണ്ടാവില്ല. എന്നാലും, എന്റെ മനസ്സിലുള്ളത് അവിടെ ഇരുന്നോട്ടെ. ഞാൻ ആരെയും മനപൂർവ്വം വേദനിപ്പിക്കാൻ ആഗ്രഹിച്ചിട്ടില്ല. അറിയാതെ എന്തെങ്കിലും വീഴ്ചകൾ വന്നുപോയിട്ടുണ്ടെങ്കിൽ അവരെന്നോട് പൊറുക്കട്ടെ.
Subscribe to:
Posts (Atom)
കുറച്ചു ദിവസമായി, പനിയും മൂക്കൊലിപ്പും, ചുമയുമൊക്കെ തുടങ്ങീട്ട്. മരുന്നു കഴിക്കുന്നുണ്ട്. അങ്ങു തീർത്തു മാറുന്നില്ല.സാവകാശം മാറട്ടെ, അല്ലേ....
-
Alone…In the crowd.... When I was a small girl, my ambition was to be a good girl and to win the hearts of all. I felt proud of myself, wh...
-
A magical blend of wonderful scenic beauties of nature ! A perfect rainbow on the blue sky which is decorated with white clouds.. the mighty...