Wednesday, August 13, 2014

ഇന്ന് വല്ലാത്തൊരു തണുപ്പ്.. ഉള്ളില്‍ പനിയുള്ളതുപോലെ..

( ഈ നോട്ടം.. ഇത് എങ്ങനെയാണ് സാധ്യമാവുന്നത് ! എന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേയ്ക്ക് എത്ര അനായാസമായാണ് നീ നോക്കുന്നത് ! )

പേടിക്കാനൊന്നുമില്ല... ഇന്നലെത്തന്നെ ഞാന്‍ നിന്നോടത് പറഞ്ഞാല്‍ മതിയായിരുന്നു.  ഇന്നലെ രാവിലെ ഞാനൊന്ന് വീണു.  അടുക്കളഭാഗത്തെ സിമന്റിട്ട മുറ്റത്ത്  ബ്ലീച്ചിംഗ് പൌഡര്‍ വിതറാന്‍ ഇറങ്ങിയതാണ്. മഴ പെയ്ത് നനഞ്ഞു കിടന്നത് കാര്യമാക്കാതിരുന്നതിന്റെ ശിക്ഷയാവണം. കാല്‍ വഴുക്കി. മലര്‍ന്നടിച്ചു വീണു. ആകെ പേടിച്ചുപോയി. എഴുന്നേറ്റ് മേലാകെ നോക്കി. മുറിവും ചതവും ഒന്നും കണ്ടില്ല. ഒരു വേദനയും എങ്ങുമില്ല. ഇനിയെങ്ങാനും മരവിപ്പ് കൊണ്ട് വേദന തോന്നാതിരിക്കുന്നതാണോ എന്ന്‍  പെട്ടെന്നൊരു ചിന്ത മനസ്സില്‍ കയറി. ആരോടും ഒന്നും പറയാന്‍ നിന്നില്ല. കുളിമുറിയില്‍ കയറി തലവഴിയെ തണുത്തവെള്ളം കോരിയൊഴിച്ചു. പിന്നെ ഒന്നും സംഭവിക്കാത്തതു പോലെ പതിവ് ജോലികളൊക്കെ തീര്‍ത്ത് ഓഫീസില്‍ പോയി.

ഇപ്പോള്‍ ചെറിയൊരു തണുപ്പും മേലുവേദനയും  ഉണ്ട്.  അത്  പിന്നെ ഉണ്ടാവാതിരിക്കുമോ ! അത് പോലെയല്ലേ വീണത് ! ഇത്രയല്ലേ വന്നുള്ളൂ.  ശരിയ്ക്കും ദൈവാധീനമുണ്ട്.  ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട് ആ വീഴ്ചയുടെ ഓരോ നിമിഷവും. എന്നെ ആരോ കൈകളില്‍ താങ്ങിയിരുന്നു. ഞാനൊന്ന് കൂടി ഓര്‍ത്തു നോക്കട്ടെ , അതാരായിരുന്നുവെന്ന്...



No comments:

കുറച്ചു ദിവസമായി, പനിയും മൂക്കൊലിപ്പും, ചുമയുമൊക്കെ തുടങ്ങീട്ട്. മരുന്നു കഴിക്കുന്നുണ്ട്. അങ്ങു തീർത്തു മാറുന്നില്ല.സാവകാശം മാറട്ടെ, അല്ലേ....