Saturday, July 23, 2011

Mark 2:11 "I tell you, get up, take your mat and go home."

ഓടിയെത്തുകയായിരുന്നു, എന്റെയീ മുറിയിലേയ്ക്ക്. എന്തെന്നറിയാത്ത ഒരു ആശ്വാസം എനിക്കായി ഇവിടെയുണ്ടെന്നൊരു തോന്നല്‍.. ഇന്നും പകല്‍ മുഴുവന്‍ തണുപ്പായിരുന്നു. വല്ലാത്ത മഴയും തണുപ്പും. മനസ്സിലെ നൊമ്പരങ്ങളൊക്കെ ഘനീഭവിച്ച് മനസ്സിലേയ്ക്കിറങ്ങി. മഞ്ഞു മൂടിക്കിടക്കുന്ന താഴ്വരകളെ ഓര്‍ത്തു.

ഈ ലോകത്തേയ്ക്ക് ഒത്തിരി സന്തോഷം ദൈവം അയച്ചുകാണും. ഈ കോടാനുകോടി മനുഷ്യരും ജീവജാലങ്ങളും മനസ്സു നിറയെ വാരി വാരിയെടുത്താലും തീരാത്ത അത്രയ്ക്ക് സന്തോഷം ദൈവം അയച്ചുകാണും. ദൈവം നല്ലവനാണ്. ആരുടെയും കണ്ണീരു കാണാന്‍ ഇഷ്ടമുണ്ടാവില്ല. ഉറപ്പ്. എന്നിട്ടും, എന്തുകൊണ്ടാണ് ഈ ഭൂമിയില്‍ കണ്ണീരിന്റെ ഉപ്പ് വീഴുന്നത്? മനുഷ്യര്‍ തെറ്റു ചെയ്യുന്നതു കൊണ്ടാണോ? എങ്കില്‍ ഒരു തെറ്റും ചെയ്യാത്തവര്‍ എന്തിന്നാണ് കരയേണ്ടിവരുന്നത്? ഒരു ഉറുമ്പിനെ പോലും നോവിക്കാന്‍ കഴിയാത്ത ഈ പാവം മനസ്സുകള്‍ക്കുള്ളില്‍ നൊമ്പരങ്ങള്‍ തിങ്ങുന്നത് എന്തു കൊണ്ടാണ്?ഒരു ക്രിസ്മസ് പിറ്റേന്നിന്റെ നിറമുള്ള സ്വപ്നങ്ങള്‍ ചിതറിപ്പോയതെന്തുകൊണ്ടാണ്?

കടലിന്റെ മീതെ നടന്നവനേ.. കടലിനെ ശാസിച്ചു ശാന്തമാക്കിയവനേ..നീ എവിടെയാണ്? നിനക്ക് അസാദ്ധ്യമായത് ഒന്നുമില്ലല്ലോ. എല്ലാ മനസ്സുകളിലും സ്നേഹവും ശാന്തിയും നിറയ്ക്കാന്‍ നിനക്ക് ഒരു നിമിഷം മാത്രം മതിയല്ലോ. എന്തേ, അത് ചെയ്യാത്തത്? ഈ ലോകം തന്നെ നിന്റെ സ്വന്തമല്ലേ.. മനുഷ്യരും ജീവജാലങ്ങളും .. മനസ്സും ചിന്തകളും എല്ലാം എല്ലാം നിന്റെ മാത്രമല്ലേ.

തളര്‍വാതരോഗിയോട് ‘എഴുന്നേല്‍ക്കുക, നീ നിന്റെ കിടക്കയുമെടുത്ത് വീട്ടിലേയ്ക്ക് പോവുക’ എന്നു നീ ഒരിക്കല്‍ കൂടി പറയുമോ? നീ അതു പറയും. പറയാതിരിക്കാന്‍ നിനക്കാവില്ല. കാരണം, നീ സ്നേഹമാണ്. എല്ലാ മുറിവുകളും ഉണക്കുന്ന സ്നേഹം.


No comments:

കുറച്ചു ദിവസമായി, പനിയും മൂക്കൊലിപ്പും, ചുമയുമൊക്കെ തുടങ്ങീട്ട്. മരുന്നു കഴിക്കുന്നുണ്ട്. അങ്ങു തീർത്തു മാറുന്നില്ല.സാവകാശം മാറട്ടെ, അല്ലേ....