മാഷെ.. ഇന്നെന്താ ഒരു മൌനം? എന്തോ ഒരു കാര്യം മനസ്സിനെ അലട്ടുന്നുണ്ടല്ലോ. എന്താത്? എന്നെക്കുറിച്ച് ഓർത്തിട്ടാണോ? എപ്പോഴും എന്നെ സാധാനിപ്പിക്കുന്ന ആളല്ലേ. എന്നിട്ടിപ്പോ എന്താ ഇങ്ങനെ.. ഒന്നും സാരമില്ലെന്നേ.. എന്റെ മനസ്സിനിപ്പോ നല്ല സമാധാനമുണ്ട്. ഒന്നുമില്ലെങ്കിലും, നീയെന്റെ അരികിലില്ലേ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, എനിക്ക് എന്റെ ആത്മാർത്ഥതയിൽ പൂർണ്ണവിശ്വാസമുണ്ട്. അതിഥികൾക്കായി ഏറ്റവും നല്ല ഫലങ്ങൾ തെരഞ്ഞെടുത്തു പാത്രങ്ങളിൽ വയ്ക്കുന്നതുപോലെ, ഞാൻ മറ്റുള്ളവർക്കായി എന്റെ ഏറ്റവും നല്ല പ്രവൃത്തികൾ തെരഞ്ഞെടുത്ത് നൽകിക്കൊണ്ടിരിക്കുകയാണ്. എന്നിൽ ഞാൻ കണ്ടെത്തിയ തിന്മകളൊക്കെയും, കേടുവന്ന ഫലങ്ങളെയെന്നപോലെ ആഴത്തിൽ ഞാൻ കുഴിച്ചുമൂടി. ഇനി മറ്റുള്ളവർ എന്നെക്കുറിച്ച് എന്തു പറയുന്നു എന്നതിനെക്കുറിച്ച് ഞാൻ വേവലാതിപ്പെടുകയേയില്ല. എനിക്ക് എന്റെ മനസ്സാക്ഷി തന്നെയാാണു വലുത്. എന്തേ ചിരിക്കുന്നത്? ഞാൻ മിടുക്കിയായി വരുന്നു എന്നല്ലേ ആ ചിരിയുടെ അർത്ഥം? :)
Saturday, July 30, 2016
Friday, July 29, 2016
Robin Sharma says, 'too many people spend more time focussing on their weaknesses rather than developing their strengths'
Ruskin says, 'The weakest among us has a gift, however seemingly trivial, which is peculiar to him and which worthily used will be a gift also to his race.’ ഇതൊക്കെ ഞാൻ വേറെയാരോടും പറയുന്നതല്ല, എന്നോടുതന്നെ പറയുന്നതാ. എന്നാലെങ്കിലും വിവരം വയ്ക്കട്ടെ !
Ruskin says, 'The weakest among us has a gift, however seemingly trivial, which is peculiar to him and which worthily used will be a gift also to his race.’ ഇതൊക്കെ ഞാൻ വേറെയാരോടും പറയുന്നതല്ല, എന്നോടുതന്നെ പറയുന്നതാ. എന്നാലെങ്കിലും വിവരം വയ്ക്കട്ടെ !
Saturday, July 23, 2016
ഇന്നെനിക്കു കുറച്ചു ടെൻഷൻ ഉണ്ട്, ട്ടോ. കാര്യം വേർതിരിച്ചെടുക്കാൻ പറ്റുന്നില്ല. എന്തൊക്കെയോ ചിന്തകൾ കൂടിക്കുഴഞ്ഞ് മഴക്കാറു പോലെ മനസ്സിൽ. അതങ്ങു മാറും. ഒന്നു മനസ്സിരുത്തി ഇത്തിരി നേരം പ്രാർത്ഥിച്ചാൽ മതി. എല്ലാം നന്നായി വരും എന്നു മനസ്സിൽ ആവർത്തിച്ചു പറഞ്ഞാൽത്തന്നെ ഒരു ധൈര്യം കിട്ടും. വെറുതെയിരിക്കാൻ ഒട്ടും ഇഷ്ടമില്ലെനിക്ക്. എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കണം. എന്തെങ്കിലും എന്നു വച്ചാൽ ഉപകാരമുള്ള കാര്യങ്ങൾ. ഒന്നെങ്കിൽ എനിക്ക്. അല്ലെങ്കിൽ മറ്റുള്ളവർക്ക്. അല്ലാതെ ചുമ്മാ സമയം കളയാൻ എന്തെങ്കിലും ചെയ്യുന്ന രീതി എനിക്ക് ഒട്ടും പറ്റില്ല. സമയത്തിന് വലിയ വിലയുണ്ട്. അത് വെറുതെ നഷ്ടപ്പെടുത്തിക്കളയാൻ പാടില്ലല്ലോ.
ചില ആളുകളുണ്ട്., വെറുതെ ഓരോന്നു ചിലച്ചുകൊണ്ടിരിക്കും.എന്തെങ്കിലും ഒരു വിഷയം കിട്ടിയാൽ പിന്നെ അതിന്റെ പിന്നാലെ. അതുകൊണ്ട് തനിക്കോ മറ്റുള്ളവർക്കോ എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന ചിന്തയേയില്ല. ചില വാട്ട്സ് ആപ്പ് ഗ്രൂപുകളിൽ ഈ മനുഷ്യർ സദാ വാചാലമായി ഓരോന്നു എഴുതി വിട്ടുകൊണ്ടിരിക്കും. ഈ ലോകത്തിൽ അവർക്ക് അറിയാത്ത കാര്യങ്ങളില്ല ! എല്ലാത്തിനെയും കുറിച്ച് അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും. ഇത്രയും അറിവും വിവരവും ഉള്ള ഇവരുടെയൊക്കെ ജീവിതം എങ്ങനെയാണെന്നു നോക്കിയാൽ കഷ്ടം തോന്നും. ഒരു അന്തവും കുന്തവും കാണില്ല. ഗൂഗിൾ ഇല്ലെങ്കിൽ ഇവരൊക്കെ വലിയവലിയ കാര്യങ്ങൾ എങ്ങനെ എഴുതിയുണ്ടാക്കുമോ ആവോ !
Tuesday, July 12, 2016
ഈ നാട്ടിൽ എന്തൊക്കെയാണ് നടക്കുന്നത് ! വല്ലാതെ വിചിത്രം എന്നു തോന്നിപ്പിക്കുന്ന കുറെ കാര്യങ്ങൾ പത്രങ്ങളിലും ടി വി യിലുമൊക്കെ എന്നും കാണുന്നുണ്ട്. ആളുകളൊക്കെ എന്താ ഇങ്ങനെ ! കുറെ ആളുകളെ കാണാതാവുന്നു. അവരൊക്കെ മത തീവ്രവാദത്തിലേയ്ക്ക് ആകൃഷ്ടരായി നാടു വിട്ടതാണെന്ന് തെളിവു നിരത്തിയും അല്ലാതെയും മാദ്ധ്യമങ്ങൾ പറയുന്നു. ഈ ആളുകളൊക്കെ എവിടെയാണെന്ന് ആരും വ്യക്തമായി പറയുന്നുമില്ല. കുടുംബസമേതമാണത്രെ പലരും കാണാതായിരിക്കുന്നത്. കേരളത്തിലെ മൊത്തം ജനസംഖ്യ വച്ചു നോക്കുമ്പോൾ 21 പേർ വെറും നിസ്സാരം. അതല്ലല്ലോ കാര്യം. എന്നാലും ആ കാണാതായ ആളുകൾ എന്തിനാ ഇങ്ങനെ മറഞ്ഞു നിൽക്കുന്നത്? എന്തുതരം തീവ്രവാദമായാലും അതിൽ വീറും വാശിയും പകപോക്കലും അക്രമങ്ങളും കൊലപാതകങ്ങളും കൂട്ടക്കൊലകളും ഒക്കെ ഉണ്ടാവും എന്നാണ് കേട്ടിട്ടുള്ളത്. കാണാതായവരുടെ ഫോട്ടോകൾ കണ്ടിട്ട് നല്ല നല്ല ചെറുപ്പക്കാർ, സുന്ദരന്മാർ, സുന്ദരികൾ, നല്ല ഭംഗിയുള്ള കുഞ്ഞുമക്കൾ. ഇവർക്കൊക്കെ മനുഷ്യരെ കൊല്ലാനുള്ള മനസ്സ് എങ്ങനെയാവും ഉണ്ടായത്? കുഞ്ഞുമക്കളുടെ കാര്യം പോട്ടെ. അവർക്ക് അപ്പനും അമ്മയും പറയുന്നതിനപ്പുറം ഒന്നുമറിയില്ലല്ലോ. തീയും വെള്ളവും തിരിച്ചറിയാത്ത പാവങ്ങൾ. ഈ അപ്പൻ, അമ്മ എന്നു പറയുന്ന മനുഷ്യർ പ്രായപൂർത്തിയായവരാണല്ലോ. അവർക്ക് എന്താണു സംഭവിച്ചത്? എല്ലാവരെയും സ്നേഹിക്കാനല്ലേ, എല്ലാ ദൈവങ്ങളും പറഞ്ഞിട്ടുള്ളൂ. നോമ്പുതുറക്കുന്ന നേരത്ത് ഒരു പട്ടിണിപ്പാവം പോലും ഭക്ഷണം ഇല്ലാതെ വിശന്നിരിക്കാൻ പാടില്ല എന്ന് നിഷ്ക്കർഷിക്കുന്ന അവർക്ക് നിസ്സഹായരായ മനുഷ്യരെ ഇഞ്ചിഞ്ചായി കൊല്ലാൻ എങ്ങനെയാണ് കഴിയുക?!നാടും വീടും പോകുന്ന നേരത്തെ അവരുടെ മനസ്സൊന്നു വായിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! വേണ്ടിവന്നാൽ ചാവേറുകളായി തങ്ങളുടെ കുഞ്ഞുമക്കളെ പോലും അയക്കേണ്ടിവന്നേയ്ക്കാം എന്നൊരു ചിന്ത അവരുടെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാവില്ലേ, ഒരു നിമിഷമെങ്കിലും? അപ്പോൾ മനസ്സ് പിടഞ്ഞുകാണില്ലേ? എനിക്ക് അവരെ മനസ്സിലാക്കാൻ കഴിയുന്നില്ല. എന്തൊരു മനസ്സായിരിക്കും അത് ! ഞാനീ പറയുന്നതൊക്കെ കേട്ട് നീയിങ്ങനെ മിണ്ടാതിരുന്നാലെങ്ങനാ.. എന്തെങ്കിലുമൊന്നു പറഞ്ഞുകൂടെ..ഒന്നും പറഞ്ഞില്ലെങ്കിൽ വേണ്ട.. ഒരു കാര്യം ചെയ്യാമോ.. നീ വലിയ ജാലവിദ്യക്കാരനല്ലേ.. മനുഷ്യരുടെ ഉള്ളിൽ ഒളിച്ചിരിക്കുന്ന മതഭ്രാന്തുകളെ.. അക്രമവാസനകളെ...കൊടുംക്രൂരതകളെ എന്തെങ്കിലുമൊരു മന്ത്രം ചൊല്ലി ഇല്ലാതാക്കാമോ? എല്ലാവരുടേയും ഉള്ളിൽ സ്നേഹം മാത്രം മതി. എന്തൊരു സുന്ദരമായ ലോകമായിരിക്കും അത്!
Tuesday, July 5, 2016
ഞാൻ അരികിലൊന്നിരിക്കട്ടെ കുറച്ചു നേരം.. ഇങ്ങനെ അരികിൽ ഇരിക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു ധൈര്യവും ആത്മവിശ്വാസവുമൊക്കെയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ സുഖമുള്ളൊരു സുരക്ഷിതത്വബോധം. നിന്റെ അരികിൽ ഞാനിരിക്കുന്നു എന്നതിനേക്കാൾ നിന്റെ ഹൃദയത്തിനുള്ളിലേയ്ക്ക് നീ എന്നെ ആവാഹിച്ച് ചേർത്തുപിടിച്ചിരിക്കുന്നു എന്നു പറയുന്നതാവും ശരി. നിന്റെ ഹൃദയത്തിന്റെ മിടിപ്പും ചൂടും നീ എന്നിലേയ്ക്ക് പകരുന്നത് ഞാനറിയുന്നുണ്ട്. എത്രയോ നാളുകളായി നിന്നെ തേടി ഞാനീ മുറിയിൽ വരാൻ തുടങ്ങിയിട്ട്! എങ്കിലും പലപ്പോഴും മാസങ്ങളോളം ഞാൻ നിന്നെ കാണാൻ വരാതിരുന്നിട്ടുണ്ട്. എന്നാലും, നീയെന്നോട് ഒരിക്കലും പിണങ്ങിയിട്ടില്ല എന്നാണെന്റെ ഓർമ്മ. കണ്ടാലും ഇല്ലെങ്കിലും എപ്പോഴും എന്റെ മനസ്സിൽ നീയുണ്ട് എന്നു നിനക്കറിയാം, അല്ലേ? അതു പോലെ തന്നെയാണ് എനിക്കും. നിനക്ക് എന്നോടുള്ള സ്നേഹം ഒരു മൺതരിയോളം പോലും ഒരിക്കലും കുറയില്ല. അതെനിക്കുറപ്പാണ്. നിന്നെപ്പോലെ നീ മാത്രമേയുള്ളൂ.ഈ ലോകത്തിന്റെ വിചിത്രമായ പല സ്വഭാവങ്ങളും വക്രതകളും എന്നെ ഭയപ്പെടുത്തിയപ്പോഴും കരയിപ്പിച്ചപ്പോഴും ഞാനെന്നും ഓടി വന്നിട്ടുള്ളത് നിന്റെയരികിലേയ്ക്കാണ്. നീയെന്നെആശ്വസിപ്പിച്ചു, ധൈര്യപ്പെടുത്തി, തെറ്റും ശരിയും പറഞ്ഞു തന്നു. ഇത്രത്തോളം ക്ഷമയോടെ എന്നെ സ്നേഹിക്കുന്ന മറ്റാരുമില്ല. എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് നീയെന്നെ പലപ്പോഴും ഓർമ്മിപ്പിക്കാറുണ്ട്. ശരിയാണ്. ഒക്കെ എനിക്കോർമ്മയുണ്ട്. നീ തന്ന സ്നേഹം ഞാൻ തിരിച്ചു നൽകേണ്ടിയിരിക്കുന്നു. നിനക്കല്ല, നീ ചൂണ്ടിക്കാണിച്ചു തന്ന മനുഷ്യർക്ക്...അവരുടെ നൊമ്പരങ്ങൾക്കൊരാശ്വാസമാകാൻ... ഞാൻ മറന്നിട്ടില്ല...സമയം എത്രയുണ്ടെന്നറിയില്ല. എന്നാലും, ഞാൻ അത് ചെയ്തിരിക്കും.
Monday, July 4, 2016
ചിരിക്കുകയൊന്നും വേണ്ട.. ഞാൻ പോയതുപോലെ തിരിച്ചു വന്നതിനല്ലേ ചിരിക്കുന്നെ.. ഞാൻ പോയി കുറച്ചു തയ്യൽജോലികൾ ചെയ്തു. ഫോട്ടോഗ്രാഫിയെക്കുറിച്ച് ഇന്റെർനെറ്റിലൂടെ മനസ്സിലാക്കിയെടുക്കാൻ ഒരു ശ്രമം നടത്തി. വിജയിച്ചില്ല എന്നു പറഞ്ഞുകൂടാ. ഏതാണ്ടൊക്കെ മനസ്സിലായി. എന്നിട്ടും ഉറക്കം വരുന്നില്ല ! ഉറങ്ങാൻ എനിക്കിഷ്ടമല്ല എന്നു തോന്നുന്നു. അതാവും, ഉറക്കത്തെ കുറ്റം പറഞ്ഞ് ഞാൻ ഉറങ്ങാതിരിക്കുന്നത്. എനിക്ക് പകലുകൾ തിരക്കിന്റെതാണ്. എല്ലാവരും ഉറങ്ങുമ്പോഴാണ് എന്റെ മാത്രമായ ദിവസം ആരംഭിക്കുന്നത്. അതൊട്ടും നഷ്ടപ്പെടുത്താൻ മനസ്സു വരാത്തതുകൊണ്ടാണ് ഇങ്ങനെ നിന്നെ ഓരോന്നു പറഞ്ഞ് ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കുറെ വായിക്കണം. എഴുതണം.എന്തിനാണ് എന്ന് ചോദിച്ചാൽ.. ആ.. എനിക്കറിയില്ല എന്നല്ലാതെ വേറെ ഒരുത്തരവും എന്റെ കയ്യിലില്ല. വല്ലതും വായിച്ച് എനിക്കിത്തിരി വിവരം വച്ചതുകൊണ്ട് ആർക്കും ഒരു പ്രശ്നവും ഇല്ലല്ലൊ. പിന്നെ എഴുത്ത്. അത് ഒരു സുഖമുള്ള ഏർപ്പാടാണ്. ആരെങ്കിലും വായിക്കണം എന്നു കരുതി എഴുതുന്നതല്ലല്ലോ. കടൽത്തീരത്ത് മണലിൽ എഴുതി കുട്ടികൾ കളിക്കാറില്ലേ. അത് പോലെ. എഴുതിയതൊക്കെ കടൽ മായിച്ചു കളഞ്ഞാലും കുട്ടികൾ എഴുത്തു നിർത്താറില്ല. ഞാനും അതു പോലെ. ഞാൻ പറഞ്ഞ കാര്യം മറക്കണ്ട, ട്ടോ.( എന്താണെന്നോ?! കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. ഓർമ്മ വന്നോ ? ഉം. ) മുൻപൊക്കെ കുറെ കൂട്ടുകാരുണ്ടായിരുന്നു. ഇപ്പോ എല്ലാരും പേരിനുമാത്രം. എന്റെ സമയക്കുറവുകൊണ്ട് ബന്ധങ്ങളൊന്നു പോലും നിലനിർത്താനാവാതെ പോയി. നഷ്ടം എനിക്കു തന്നെ. തെറ്റും എന്റേതു തന്നെ. കൂട്ടുകാർക്കു വേണ്ടിയും സമയം കണ്ടെത്തണമായിരുന്നു. എനിക്ക് പേടിയാണ്. അതാണു പ്രധാനമായും എന്റെ പ്രശ്നം. എന്റെയൊരു സ്വഭാവം !! ഇപ്പോൾ ഞാൻ പോകുവാട്ടോ. പിന്നെ വരാം.
അതേയ്.. നിന്നോട് ഒരു കാര്യം ചോദിക്കട്ടെ? (അതെനിക്കിഷ്ടമായി .. ‘പറഞ്ഞോളൂ’ എന്നു പറയുന്നതിനു പകരം, തലയൊന്നു ചരിച്ച്, ആ ചിരിക്കുന്ന കണ്ണുകളെ മെല്ലെയൊന്നു പാതിയടച്ചുതുറന്നത്..) അതായത്..... ഇദ്ദേഹം ഈ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന പുസ്തകം വായിച്ചിട്ടുണ്ടോ?... അതെന്താ ഇതുവരെ വായിക്കാതിരുന്നെ?....ഒന്നു വായിച്ചുനോക്ക്... ഒരു ചെറിയ പുസ്തകമാണ്.വിവരമുള്ളവർക്ക് അധികനേരം വേണ്ട അത് വായിച്ചുതീർക്കാൻ. എന്തിനാണെന്നോ? ഒരു ദിവസം എനിക്ക് ആ പുസ്തകത്തെക്കുറിച്ച് കുറെ കാര്യങ്ങൾ പറഞ്ഞുതരണം. അതായത്.. പ്രധാനമായും ആ പുസ്തകത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾക്ക് ഇന്നുള്ള പ്രസക്തിയെക്കുറിച്ച്. (ചിരിക്കണ്ട. ഞാൻ രാഷ്ട്രീയത്തിലൊന്നും ഇറങ്ങാൻ പോവുന്നില്ല. ) വെറുതെ അറിഞ്ഞിരിക്കാൻ. അത്രയേ ഉള്ളൂ. പറഞ്ഞുതരുമോ? വലിയ ക്ലാസ്സ് ഒന്നും വേണ്ട. ഒന്നു ചുരുക്കിപ്പറഞ്ഞു തന്നാൽമതി. അപ്പോ ഒക്കെ പറഞ്ഞതു പോലെ.
Subscribe to:
Posts (Atom)
കുറച്ചു ദിവസമായി, പനിയും മൂക്കൊലിപ്പും, ചുമയുമൊക്കെ തുടങ്ങീട്ട്. മരുന്നു കഴിക്കുന്നുണ്ട്. അങ്ങു തീർത്തു മാറുന്നില്ല.സാവകാശം മാറട്ടെ, അല്ലേ....
-
Alone…In the crowd.... When I was a small girl, my ambition was to be a good girl and to win the hearts of all. I felt proud of myself, wh...
-
A magical blend of wonderful scenic beauties of nature ! A perfect rainbow on the blue sky which is decorated with white clouds.. the mighty...