Wednesday, August 13, 2014

എന്നെ ഈ നേരത്ത് തീരെ പ്രതീക്ഷിച്ചില്ല, അല്ലെ... എന്തേ ഇന്നെന്റെ മുഖത്ത് നോക്കാന്‍ ഒരു ചമ്മല്‍? ഞാന്‍ കണ്ടുപിടിച്ചു എന്ന് മനസ്സിലായി, അല്ലെ.. ചിരിക്കണ്ട... ഇന്നലെ ബസ്സിലിരുന്ന് അത് തന്നെയാണ് ആലോചിച്ചുകൊണ്ടിരുന്നത്.  അന്നത്തെ വീഴ്ചയുടെ കാര്യം. ഒക്കെ നിനക്കറിയാമായിരുന്നു. അല്ലെങ്കില്‍ പിന്നെ എങ്ങിനെയാണ് ഞാന്‍ വീണപ്പോള്‍ നീ വളരെ കൃത്യമായി നിന്റെ കൈകളില്‍ എന്നെ താങ്ങിയത്?

ഞാന്‍ എപ്പോള്‍ വന്നാലും ഈ മുറിയില്‍ നീയുണ്ടാവും, എന്നെയും കാത്ത്.

നിന്നെ എനിക്ക് മനസ്സിലാവുന്നേയില്ല ! നീ എന്റെ ആരാണ്?
ഇന്ന് വല്ലാത്തൊരു തണുപ്പ്.. ഉള്ളില്‍ പനിയുള്ളതുപോലെ..

( ഈ നോട്ടം.. ഇത് എങ്ങനെയാണ് സാധ്യമാവുന്നത് ! എന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേയ്ക്ക് എത്ര അനായാസമായാണ് നീ നോക്കുന്നത് ! )

പേടിക്കാനൊന്നുമില്ല... ഇന്നലെത്തന്നെ ഞാന്‍ നിന്നോടത് പറഞ്ഞാല്‍ മതിയായിരുന്നു.  ഇന്നലെ രാവിലെ ഞാനൊന്ന് വീണു.  അടുക്കളഭാഗത്തെ സിമന്റിട്ട മുറ്റത്ത്  ബ്ലീച്ചിംഗ് പൌഡര്‍ വിതറാന്‍ ഇറങ്ങിയതാണ്. മഴ പെയ്ത് നനഞ്ഞു കിടന്നത് കാര്യമാക്കാതിരുന്നതിന്റെ ശിക്ഷയാവണം. കാല്‍ വഴുക്കി. മലര്‍ന്നടിച്ചു വീണു. ആകെ പേടിച്ചുപോയി. എഴുന്നേറ്റ് മേലാകെ നോക്കി. മുറിവും ചതവും ഒന്നും കണ്ടില്ല. ഒരു വേദനയും എങ്ങുമില്ല. ഇനിയെങ്ങാനും മരവിപ്പ് കൊണ്ട് വേദന തോന്നാതിരിക്കുന്നതാണോ എന്ന്‍  പെട്ടെന്നൊരു ചിന്ത മനസ്സില്‍ കയറി. ആരോടും ഒന്നും പറയാന്‍ നിന്നില്ല. കുളിമുറിയില്‍ കയറി തലവഴിയെ തണുത്തവെള്ളം കോരിയൊഴിച്ചു. പിന്നെ ഒന്നും സംഭവിക്കാത്തതു പോലെ പതിവ് ജോലികളൊക്കെ തീര്‍ത്ത് ഓഫീസില്‍ പോയി.

ഇപ്പോള്‍ ചെറിയൊരു തണുപ്പും മേലുവേദനയും  ഉണ്ട്.  അത്  പിന്നെ ഉണ്ടാവാതിരിക്കുമോ ! അത് പോലെയല്ലേ വീണത് ! ഇത്രയല്ലേ വന്നുള്ളൂ.  ശരിയ്ക്കും ദൈവാധീനമുണ്ട്.  ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട് ആ വീഴ്ചയുടെ ഓരോ നിമിഷവും. എന്നെ ആരോ കൈകളില്‍ താങ്ങിയിരുന്നു. ഞാനൊന്ന് കൂടി ഓര്‍ത്തു നോക്കട്ടെ , അതാരായിരുന്നുവെന്ന്...



Tuesday, August 12, 2014

ഏയ്... അത്രയ്ക്കൊന്നും ഇല്ലാന്നേ.. ഇത്തിരി വിഷമം ഉണ്ടെന്നത് നേര്.. അതിപ്പോ, ഒട്ടും വിഷമിക്കാതിരിക്കാന്‍ ആര്ക്കെന്കിലുമൊക്കുമോ ! ഇതൊക്കെ കേള്‍ക്കാന്‍ ഇവിടിങ്ങനെ ഒരാള്‍ ഉള്ളതുകൊണ്ടാ.. അല്ലെങ്കില്‍ എന്ത് സങ്കടം ! എന്ത് പരാതി ! ഒന്നോര്‍ത്താല്‍ ഇതല്ലേ സത്യമായ ജീവിതം .. ഈ പരാതികളും സങ്കടങ്ങളും കണ്ണീരും ചിരിയുമൊക്കെ ചേര്‍ന്നത്.. 

ഓ ! ഭയങ്കരം തന്നെ ! ഈ എന്നെക്കൊണ്ട് ഞാന്‍ തോറ്റു ! എല്ലാം ഞാന്‍ തന്നെ പറയും ! ഇനിയെപ്പോഴാ നന്നാവുന്നെ ! ആ... ആര്‍ക്കറിയാം !!

Monday, August 4, 2014

അടുത്ത മാസം അതായത് 2014 സെപ്തംബര്‍ 30.

കുറച്ചു ദിവസമായി, പനിയും മൂക്കൊലിപ്പും, ചുമയുമൊക്കെ തുടങ്ങീട്ട്. മരുന്നു കഴിക്കുന്നുണ്ട്. അങ്ങു തീർത്തു മാറുന്നില്ല.സാവകാശം മാറട്ടെ, അല്ലേ....