"നിനക്കെന്നെ തനിച്ചാക്കിയിട്ട് നിന്റെ സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചുപോകാനാവുമോ? എനിക്കറിയാം. നിനക്കതിനു കഴിയില്ല. ഒരു പക്ഷെ, എന്റെ കൺമുന്നിൽ പെടാതെ നീ മറഞ്ഞുനിന്നേക്കാം. എങ്കിലും, നിന്റെ കൺമുന്നിൽ നിന്നും ഞാൻ മറഞ്ഞുപോകാൻ നീ എന്നെ അനുവദിക്കുമോ? എന്റെ പാദങ്ങളിടറുമ്പോൾ ഓടിവന്ന് എന്റെ കൈപിടിക്കാതിരിക്കാൻ നിനക്കാവുമോ? നിനക്കതിനാവില്ലെന്നു ഒരു നൂറുവട്ടം ഞാൻ പറയാം. എന്നിട്ടും, നിന്റെ സ്നേഹത്തെ ഞാൻ സംശയിക്കുന്നു. നിന്റെ നെറ്റിചുളിയുന്നത് എനിക്കു സങ്കൽപ്പിക്കാൻ കഴിയും. അതെന്നെ ഒട്ടും അസ്വസ്ഥയാക്കുന്നില്ല. നിന്റെ സ്നേഹത്തെ സംശയിക്കാനുള്ള അവകാശം എനിക്കുണ്ട്.
കാലൊച്ചയില്ലാതെ നീയരികിൽ വരുന്നതും, ഒരു കുളിർകാറ്റായെന്നെ പൊതിയുന്നതും ഞാനറിയാറുണ്ട്. എന്നിട്ടും നിന്റെ മുഖമൊന്നോർമ്മിക്കാൻ എനിക്കാവുന്നില്ലല്ലോ. നീയെന്റെ അരികിൽ വരുമ്പോൾ ചോദിക്കാൻ ഒരുപാടു ചോദ്യങ്ങൾ ഞാനെന്റെ മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്. എന്നിട്ടും, ഒന്നുപോലും ഞാനിന്നോളം ചോദിച്ചില്ല. നീയരികിൽ വന്നപ്പോഴെല്ലാം ഞാൻ എന്നെത്തന്നെ മറന്നുപോയിരുന്നു. നിന്നോട് ഏറ്റവും ആദ്യം ചോദിക്കേണ്ട ചോദ്യവും മനസ്സിലൊരുക്കിവച്ചിട്ടുണ്ട്. അതിന്റെ മറുപടി പറയാൻ നിനക്കേറെ ആലോചിക്കേണ്ടി വരില്ല. പക്ഷെ ആ മറുപടി മനസ്സിലാക്കാൻ എനിക്കീ ജന്മം മതിയാവുമോ? എന്നെങ്കിലുമൊരിക്കൽ നീ വരുമ്പോൾ വായിക്കാൻ ഞാനീ ചുവരിൽ എഴുതിയിടട്ടെ, ആ ചോദ്യം?
നീ ആരാണ് ?
No comments:
Post a Comment