മനസ്സു വല്ലാതെ തളർന്നുപോകുന്ന നിമിഷങ്ങളിലൊക്കെ അരികിലെവിടെയോ നീയുണ്ട്, എന്ന വിശ്വാസം എന്നെ ശക്തിപ്പെടുത്താറുണ്ട്. നീയാരാണ് എന്നതിനേക്കാളുപരി, നീയെനിക്കാരാണ് എന്നതല്ലേ പ്രധാനം? നീയാരുമാവട്ടെ, നീയെനിക്കാരൊക്കെയോ ആണ്.
Monday, May 18, 2009
എന്റെ ചുവരെഴുത്തുകൾ - 3
മനസ്സു വല്ലാതെ തളർന്നുപോകുന്ന നിമിഷങ്ങളിലൊക്കെ അരികിലെവിടെയോ നീയുണ്ട്, എന്ന വിശ്വാസം എന്നെ ശക്തിപ്പെടുത്താറുണ്ട്. നീയാരാണ് എന്നതിനേക്കാളുപരി, നീയെനിക്കാരാണ് എന്നതല്ലേ പ്രധാനം? നീയാരുമാവട്ടെ, നീയെനിക്കാരൊക്കെയോ ആണ്.
Saturday, May 16, 2009
എന്റെ ചുവരെഴുത്തുകൾ-2
"നിനക്കെന്നെ തനിച്ചാക്കിയിട്ട് നിന്റെ സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചുപോകാനാവുമോ? എനിക്കറിയാം. നിനക്കതിനു കഴിയില്ല. ഒരു പക്ഷെ, എന്റെ കൺമുന്നിൽ പെടാതെ നീ മറഞ്ഞുനിന്നേക്കാം. എങ്കിലും, നിന്റെ കൺമുന്നിൽ നിന്നും ഞാൻ മറഞ്ഞുപോകാൻ നീ എന്നെ അനുവദിക്കുമോ? എന്റെ പാദങ്ങളിടറുമ്പോൾ ഓടിവന്ന് എന്റെ കൈപിടിക്കാതിരിക്കാൻ നിനക്കാവുമോ? നിനക്കതിനാവില്ലെന്നു ഒരു നൂറുവട്ടം ഞാൻ പറയാം. എന്നിട്ടും, നിന്റെ സ്നേഹത്തെ ഞാൻ സംശയിക്കുന്നു. നിന്റെ നെറ്റിചുളിയുന്നത് എനിക്കു സങ്കൽപ്പിക്കാൻ കഴിയും. അതെന്നെ ഒട്ടും അസ്വസ്ഥയാക്കുന്നില്ല. നിന്റെ സ്നേഹത്തെ സംശയിക്കാനുള്ള അവകാശം എനിക്കുണ്ട്.
കാലൊച്ചയില്ലാതെ നീയരികിൽ വരുന്നതും, ഒരു കുളിർകാറ്റായെന്നെ പൊതിയുന്നതും ഞാനറിയാറുണ്ട്. എന്നിട്ടും നിന്റെ മുഖമൊന്നോർമ്മിക്കാൻ എനിക്കാവുന്നില്ലല്ലോ. നീയെന്റെ അരികിൽ വരുമ്പോൾ ചോദിക്കാൻ ഒരുപാടു ചോദ്യങ്ങൾ ഞാനെന്റെ മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്. എന്നിട്ടും, ഒന്നുപോലും ഞാനിന്നോളം ചോദിച്ചില്ല. നീയരികിൽ വന്നപ്പോഴെല്ലാം ഞാൻ എന്നെത്തന്നെ മറന്നുപോയിരുന്നു. നിന്നോട് ഏറ്റവും ആദ്യം ചോദിക്കേണ്ട ചോദ്യവും മനസ്സിലൊരുക്കിവച്ചിട്ടുണ്ട്. അതിന്റെ മറുപടി പറയാൻ നിനക്കേറെ ആലോചിക്കേണ്ടി വരില്ല. പക്ഷെ ആ മറുപടി മനസ്സിലാക്കാൻ എനിക്കീ ജന്മം മതിയാവുമോ? എന്നെങ്കിലുമൊരിക്കൽ നീ വരുമ്പോൾ വായിക്കാൻ ഞാനീ ചുവരിൽ എഴുതിയിടട്ടെ, ആ ചോദ്യം?
നീ ആരാണ് ?
Thursday, May 14, 2009
എന്റെ ചുവരെഴുത്തുകൾ
ഈ പഴയ ജാലകത്തിലൂടെ അകത്തേയ്ക്ക് എത്തിനോക്കാൻ ആരും വരാറില്ല. ഇനിയെങ്ങാനും, ഞാനറിയാതെ ആരെങ്കിലും വരുന്നുണ്ടാവുമോ? എനിക്കറിയില്ല. കുറെ നാളുകളായി ഞാനീ മുറിക്കുള്ളിൽ തനിച്ചിരിക്കുകയായിരുന്നു. ആരോടും മിണ്ടാതെ, ഒന്നും പറയാതെ, ഏതൊക്കെയോ ചിന്തകളിൽ സ്വയം നഷ്ടപ്പെട്ട് വെറുതെ കൂനിക്കൂടിയിരുന്നു. ഞാൻ എന്തിനാണങ്ങനെ ചെയ്തത്? ഈ ജാലകം പോലും ഞാൻ മറന്നുപോയോ? ( എല്ലാ വാതിലുകളും അടയുമ്പോൾ ഒരു ജാലകമെങ്കിലും തുറന്നുകിടക്കുന്നുണ്ടാവുമെന്നു എന്നെ ഓർമ്മപ്പെടുത്തിയതാരാണ്? )
മനസ്സിലിരുന്ന് എന്തൊക്കെയോ വിങ്ങുന്നതു പോലെ. എന്തൊക്കെയോ പറയണമെന്നുണ്ട്. ആരോടാണ് പറയേണ്ടത്? എന്തൊക്കെയോ എഴുതണമെന്നുണ്ട്. എവിടെയാണെഴുതേണ്ടത്? എവിടെ തുടങ്ങണം എന്നുപോലും അറിയില്ല. ഒരു നിമിഷം ഞാനൊന്നാലോചിക്കട്ടെ. അല്ലെങ്കിൽ, ഞാനെന്തിന് അങ്ങനെ ചിന്തിക്കണം? ഒന്നും മനസ്സിലിട്ട് ചിട്ടപ്പെടുത്താതെ, വാക്കുകൾ മിനുക്കിയെടുക്കാതെ, നെഞ്ചിനുള്ളിൽ വിങ്ങുന്നതെല്ലാം അതേപടി അക്ഷരങ്ങളിലൂടെ പുറത്തേക്കൊഴുക്കി എനിക്കെന്റെ മനസ്സിനെ മോചിപ്പിക്കാൻ കഴിയില്ലേ? ഒരിക്കൽ, എന്നെ വളരെ നന്നായി മനസ്സിലാക്കിയിട്ടുള്ള എന്റെ സുഹൃത്തെന്നോടു പറഞ്ഞു, എനിക്ക് ആത്മവിശ്വാസമില്ലെന്ന്. ശരിയായിരിക്കാം. അല്ല, ശരിയാണ്. ഞാൻ പലപ്പോഴും ജീവിതത്തോട് എന്തിനും ഏതിനും വിധേയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ജീവിതത്തിന്റെ ഒഴുക്കിനനുസരിച്ച് ഒഴുകിയൊഴുകിപ്പോകാനാണ് എനിക്കിഷ്ടം, അതെങ്ങോട്ടെന്നെ കൊണ്ടുപോകുന്നുവെന്നു അറിയില്ലെങ്കിൽപ്പോലും. ഞാനെങ്ങോട്ടാണ് ഒഴുകിപ്പോകുന്നത്? അനന്തമായ മഹാസാഗരത്തിലേയ്ക്കോ?
ഒഴുക്കിനെതിരെ നീന്തിയാൽ തീരത്തടുക്കാമെങ്കിൽ, എന്തുകൊണ്ട് ഞാനത് ചെയ്യുന്നില്ല? ചിലന്തിവലയിൽ കുടുങ്ങിയ പ്രാണിയെപ്പോലെ, ചിലന്തിയെ കാത്തുകിടക്കുകയാണോ ഞാൻ? ഒന്നു ആഞ്ഞുകുതറിയാൽ ചിതറിത്തെറിക്കില്ലേ, ഈ ചിലന്തിവല? ഏതോ ഒരു ചിലന്തിവലയ്ക്കുള്ളിലെന്ന പോലെ കുരുങ്ങിക്കിടക്കുകയാണെന്റെ മനസ്സ്. രക്ഷപെട്ടേ മതിയാവൂ എന്ന് ഉറച്ചു തീരുമാനിക്കാൻ എന്റെ മനസ്സിപ്പോഴും മടിക്കുന്നതെന്തിന്? ഈ ചിന്തകൾ ഞാനിവിടെ മുറിക്കുകയാണ്. കാടുകയറിപ്പോവാൻ എനിക്കു വയ്യ. പറഞ്ഞുവന്നത് എഴുത്തിനെക്കുറിച്ചാണ്.
എന്റെയീ മുറിയ്ക്കുള്ളിലെ നാലു ചുവരുകളിൽ എന്റെയുള്ളിലെ വിഹ്വലതകളെക്കുറിച്ച്, ആശങ്കകളെക്കുറിച്ച്, നൊമ്പരങ്ങളെക്കുറിച്ച്, എന്റെ ഓർമ്മകളിലെ പ്രണയത്തെക്കുറിച്ച്, മോഹങ്ങളെക്കുറിച്ച്, മോഹഭംഗങ്ങളെക്കുറിച്ച് എഴുതിനിറച്ചാലോ?അതെനിക്കാവുമെന്നു മനസ്സു പറയുന്നു. അതൊക്കെ വായിക്കാൻ ഈ മുറിയിലേയ്ക്ക് ആരും കടന്നു വരില്ലായിരിക്കാം. എങ്കിലും, എന്നെങ്കിലുമൊരിക്കൽ ആ ചുവരെഴുത്തുകൾ എന്നെ ചിലന്തിവലകളിൽ നിന്നു മോചിപ്പിക്കാതിരിക്കുമോ?
ഈ രാത്രിയിൽ ഞാനിങ്ങനെ എഴുതട്ടെ.
“എന്നെ സ്നേഹിക്കാൻ, എന്റെ പാദങ്ങളിടറുമ്പോൾ കൈപിടിക്കാൻ ആരോ എന്നരികിൽ ഉണ്ടെന്നെനിക്കറിയാം, അതാരെന്നറിയില്ലെങ്കിൽപ്പോലും. അതു നീയായിരിക്കാം. അല്ല, അതു നീ തന്നെയാണ്. നീയെന്നെ വിട്ടുപോകുമോ? എല്ലാം കേട്ട്, ഒരു കാഴ്ചക്കാരനെപ്പോലെ നോക്കിനിന്ന് ഒടുവിൽ നീയും കടന്നു പോകുമോ? നീയൊരു കുളിർകാറ്റുപോലെയാണ്. നിന്നിൽ ജന്മാന്തരങ്ങൾ കടന്നുവന്ന വസന്തത്തിൻ സുഗന്ധമുണ്ട്, കണ്ണീരിന്റെ ഉപ്പുള്ള നനവുണ്ട്, മോഹങ്ങളെരിയുന്ന വേനലും, താരാട്ടിന്റെ കുളിരുള്ള ശിശിരവുമുണ്ട്. നീയറിയാത്തതായി ഒന്നുമില്ല.നീ എന്നെ വിട്ടുപോകുമോ?”
Subscribe to:
Posts (Atom)
കുറച്ചു ദിവസമായി, പനിയും മൂക്കൊലിപ്പും, ചുമയുമൊക്കെ തുടങ്ങീട്ട്. മരുന്നു കഴിക്കുന്നുണ്ട്. അങ്ങു തീർത്തു മാറുന്നില്ല.സാവകാശം മാറട്ടെ, അല്ലേ....
-
Alone…In the crowd.... When I was a small girl, my ambition was to be a good girl and to win the hearts of all. I felt proud of myself, wh...
-
A magical blend of wonderful scenic beauties of nature ! A perfect rainbow on the blue sky which is decorated with white clouds.. the mighty...