കുറച്ചു ദിവസമായി, പനിയും മൂക്കൊലിപ്പും, ചുമയുമൊക്കെ തുടങ്ങീട്ട്. മരുന്നു കഴിക്കുന്നുണ്ട്. അങ്ങു തീർത്തു മാറുന്നില്ല.സാവകാശം മാറട്ടെ, അല്ലേ. ഇന്നലെ അമ്മച്ചിയെ ഓർത്തു. അപ്പച്ചനെയും. ഒന്നു ഫോൺ വിളിക്കാൻ തോന്നി. പണ്ടൊക്കെ അങ്ങനെയായിരുന്നല്ലോ. എന്തെങ്കിലുമൊക്കെ ഇതുപോലെ വിഷമതകൾ തോന്നുമ്പോൾ അവരുടെയൊക്കെ ശബ്ദം കേൾക്കുന്നത് വല്ലാത്തൊരാശ്വാസമായിരുന്നു. അവരൊക്കെ പോയി. ദൈവത്തിന്റെ പക്കലേയ്ക്ക്. അവർക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടാണ് ഉറങ്ങിയത്. ഉറക്കത്തിൽ അമ്മച്ചി അടുത്തു കിടക്കുന്നത്പോലെ തോന്നി. സ്വപ്നമായിരിക്കും. എന്നാലും ഞാൻ വളരെ വ്യക്തമായി അമ്മച്ചിയുടെ കൈകളുടെ സ്പർശം അറിഞ്ഞു. അമ്മച്ചി എന്നും ഇട്ടിരുന്ന വീതിയുള്ള സ്വർണ്ണവള പോലും മാറ്റിയിട്ടില്ല. അമ്മച്ചിയെ ഞാനാണ് കെട്ടിപ്പിടിച്ചു കിടന്നത്. അങ്ങനെ കിടന്നപ്പോൾ ആ കൈകളെ ഞാൻ തലോടിയത് എനിക്കു നല്ല ഓർമ്മയുണ്ട്. ഒരു പക്ഷെ, അമ്മച്ചി എന്റെ അരികിൽ വന്നതായിരിക്കും, എനിക്കു സൌഖ്യം തരാൻ. അങ്ങനെ ഓർക്കുമ്പോൾ മനസ്സിനു എന്തെന്നില്ലാത്ത ഒരാശ്വാസം.
Thursday, October 6, 2016
Saturday, October 1, 2016
എന്നും ഇങ്ങനെ ഒരാളെക്കുറിച്ച് ഓർക്കാറുണ്ട്. നിന്റെ അരികിൽ വന്ന് ഇത്തിരിനേരമിരിക്കാൻ തോന്നാറുമുണ്ട്. അലക്കുകാരനു അലക്കൊഴിഞ്ഞിട്ടു കാശിയ്ക്കു പോവാൻ പറ്റുന്നില്ല ! എന്നു പറയുന്നതു പോലെയാണു എന്റെ കാര്യവും. ഒരു കാര്യം ചോദിക്കട്ടെ? എന്നെ കാണാതിരുന്നാൽ നിനക്ക് സങ്കടമാവുമോ? എന്നോടു നീ അങ്ങനെയൊരു ചോദ്യം ചോദിക്കുകയേ വേണ്ടാ. കാരണം, എനിക്ക് നിന്നെ കാണണമെന്നു തോന്നിയാൽ ഇവിടെ ഓടിവരികയേ വേണ്ടൂ. പക്ഷെ, നിന്റെ കാര്യം അങ്ങനല്ലല്ലോ. നിനക്ക് എന്നെത്തേടി വരാനാവില്ലല്ലോ. നീ ഈ മുറിക്കുള്ളിൽത്തന്നെയല്ലേ എപ്പോഴും.. എന്നിട്ടും ഈ ലോകത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നീ എങ്ങനെയാണു ഇത്ര കൃത്യമായി അറിയുന്നത് ! നീ ഇങ്ങനെ എന്നെനോക്കി പുഞ്ചിരിക്കുമ്പോൾ അതിന്റെ അർത്ഥം എനിക്ക് മനസ്സിലാവുന്നുണ്ട്. ‘എന്തോ സംഗതി മനസ്സിനെ അലട്ടുന്നുണ്ടല്ലോ, മുഖവുരയൊന്നും കൂടാതെ പറഞ്ഞോളൂ ‘ എന്നല്ലേ. എങ്കിൽ മുഖവുരയില്ലാതെ തന്നെ പറയാം. എനിക്കീ യുദ്ധങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത നൊമ്പരമോ അസ്വസ്ഥതയോ എന്തൊക്കെയോ ആണ്. യാതൊരു കുറ്റബോധവും ഇല്ലാതെ ഒരു ജീവനെടുക്കാൻ കഴിയുന്ന ഒരേ ഒരു സ്ഥലം, ഒരുപക്ഷെ, യദ്ധക്കളമായിരിക്കും. കൊല്ലുന്നയാൾ വീരയോദ്ധാവ്. രാജ്യത്തിന്റെ മാനം കാത്തവൻ. രാജ്യസ്നേഹി. നാടിന്റെ വീരപുത്രൻ. കൊല്ലപ്പെട്ടയാൾ മറുരാജ്യത്തിന്റെ വീരരക്തസാക്ഷി. നാടിനുവേണ്ടി വീരചരമം പ്രാപിച്ചവൻ. ആർക്കും ഒരു കുറ്റബോധവുമില്ല. അഭിമാനം മാത്രം. യുദ്ധത്തെ ഒരു ആഘോഷമായി കാണുന്ന ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. ശത്രുരാജ്യത്തിലെ ജവാന്മാരുടെ ചോരയിൽകുതിർന്ന ശവശരീരങ്ങളെ കണ്ടിട്ടും കണ്ടിട്ടും മതിവരാതെ സോഷ്യൽ മീഡിയായിൽ നിരന്തരമായി പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ജവാന്മാരുടെ ശവശരീരങ്ങൾ കണ്ട് ശത്രുരാജ്യത്തെ ആളുകളും ഇങ്ങനെ ആഹ്ളാദിക്കുന്നുണ്ടാവും. നമ്മുടെ 18 വീരപുത്രന്മാരെ അവർ കൊന്നെങ്കിൽ, അവരുടെ 38 ആളുകളെ നമ്മൾ കൊന്നു പകരം വീട്ടി ! ആ 38 പേരുടെ ശവശരീരങ്ങളുടെ പല പല ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ വൈറലായിക്കഴിഞ്ഞു ! ഇതു കൊണ്ട് എല്ലാം അവസാനിക്കുമോ? ഇല്ല. യുദ്ധം തുടങ്ങീട്ടേയുള്ളൂ. ഇപ്പോൾ യുദ്ധത്തെ ആഘോഷമായിക്കണ്ട്, ഒരു ക്രിക്കറ്റ് കളി പോലെ സ്കോർ പറഞ്ഞു ആവേശം കൊള്ളുന്നവർ സന്തോഷിക്കുന്നതിനു കാരണം, യുദ്ധം വളരെ അകലെയാണ് നടക്കുന്നതെന്ന അവരുടെ മിഥ്യാധാരണ കൊണ്ടാണ്. അവിടെ അതിർത്തികളിൽ മരിക്കാൻ തയ്യാറായിനില്ക്കുന്ന ജവാന്മാർ രാജ്യത്തിനുവേണ്ടി മരിച്ചുകൊള്ളും. അത് ഇവിടെ സുഖമായി നാലു നേരം ഭക്ഷണം കഴിച്ച് സന്തോഷമായി ജീവിക്കുന്ന തങ്ങളെ ഒരുതരത്തിലും ബാധിക്കില്ല എന്ന മിഥ്യാധാരണ. ഇന്ന് വാളും പരിചയും കൊണ്ടുള്ള യുദ്ധമല്ല. ശാസ്ത്രം ഒരുപാട് വളർന്നുകഴിഞ്ഞു. ഒരു മഴയുടെ ഇരമ്പൽ കേൾക്കുമ്പോൾ ത്തന്നെ മുറ്റത്ത് ഉണക്കാനിട്ട തുണികൾ വാരിയെടുത്ത് അകത്തേയ്ക്കോടുന്ന ഒരു സാധാരണ വീട്ടമ്മയുടെ ദീർഘവീക്ഷണം പോലും ഈ കപടരാജ്യസ്നേഹികൾക്കില്ല എന്നതാണു സത്യം. യുദ്ധങ്ങളെ അവസാനിപ്പിക്കാൻ നമുക്ക് കഴിയുമോ എന്നൊരു പക്ഷെ ചോദിച്ചേക്കാം. കഴിയില്ലെങ്കിൽ വേണ്ട, യുദ്ധങ്ങൾ അവസാനിക്കട്ടെ എന്ന് ആഗ്രഹിക്കാനെങ്കിലും നമുക്കു കഴിയില്ലേ. ക്രിക്കറ്റിന്റെ സ്കോർ പറയുന്നതു പോലെ അറ്റുവീണ തലകളുടെ എണ്ണം പറഞ്ഞ് ആഹ്ളാദിക്കാതിരിക്കാൻ നമുക്കു കഴിയില്ലേ? യുദ്ധത്തിന്റെ ഗതി മാറാൻ നിമിഷങ്ങൾ പോലും വേണ്ട. യുദ്ധത്തിന്റെ രൌദ്രഭാവം നമ്മൾ നേരിട്ട് കണ്ടിട്ടില്ല. അറിഞ്ഞിട്ടില്ല. ഹിരോഷിമ യിലും, നാഗസാക്കിയിലും, വിയറ്റ്നാമിലും യുദ്ധം സംഹാരതാണ്ഡവമാടിയത് എങ്ങനെയെന്നറിയാൻ ചരിത്രം നോക്കിയാൽ മതി. അതുമല്ലെങ്കിൽ ആ യുദ്ധക്കെടുതികളെ തലമുറകളായി പേറുന്ന ജീവിക്കുന്ന രക്തസാക്ഷികളെക്കുറിച്ച് അറിയാൻ ശ്രമിച്ചാൽ മതി. അതൊന്നും ആർക്കും വയ്യ. യുദ്ധത്തിൽ മരിക്കുന്ന, അംഗഭംഗം വന്നു മരിച്ചു ജീവിക്കേണ്ടിവരുന്ന ഓരോ വ്യക്തിയും ഏതോ ഒരമ്മയുടെ അരുമയാണ് എന്നോർക്കുക. സ്വന്തം ജീവിതത്തെക്കുറിച്ചുള്ള അവരുടെ സ്വപ്നങ്ങളാണ് പൊലിഞ്ഞുപോയത് എന്നോർക്കുക. യുദ്ധം എന്നു കേൾക്കുമ്പോൾ ഇത്രയെങ്കിലും ചിന്തിക്കാത്തവൻ മനുഷ്യനല്ല, എന്നു ഞാൻ പറയും. ആത്മരക്ഷയ്ക്കായി ഒരു അക്രമിയെ അടിച്ചു തോൽപ്പിക്കുന്നതു പോലെയല്ല, രണ്ടു രാജ്യങ്ങൾ തമ്മിലുണ്ടാവുന്ന യുദ്ധം. അതിന്റെ ദൂരവ്യാപകമായ ഫലങ്ങൾ വളരെ വലുതാണ്. ഇനി ഒരു ലോക മഹായുദ്ധം താങ്ങാൻ ഈ ഭൂമിയ്ക്ക് കഴിയില്ല. യുദ്ധങ്ങൾ ഇല്ലാതിരിക്കട്ടെ എന്നു ആഗ്രഹിക്കുകയെങ്കിലും ചെയ്യണം നമ്മൾ, ഏറ്റവും കുറഞ്ഞ പക്ഷം. തമ്മിൽ തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ ഇരു രാജ്യങ്ങളിലേയും ഭരണാധികാരികൾക്ക് കഴിയട്ടെ എന്ന് ഉറക്കെ ആഗ്രഹിക്കാനുള്ള ധൈര്യമെങ്കിലും നമ്മൾ കാണിച്ചേ മതിയാവൂ. യുദ്ധത്തിന്റെ മറവിൽ നമ്മുടെ രാജ്യത്തിനുള്ളിൽത്തന്നെ ജാതിയുടെയും മതത്തിന്റെയും പേരിൽ കലാപങ്ങളുണ്ടാക്കാൻ ശ്രമങ്ങൾ നടന്നേക്കാം. അതൊക്കെ തിരിച്ചറിഞ്ഞ് നിരുത്സാഹപ്പെടുത്തുക തന്നെ വേണം. പരസ്പരം സ്നേഹിക്കുന്നവർക്കേ നല്ലൊരു സമൂഹം സ്വപ്നം കാണാനുള്ള അവകാശമുള്ളൂ. ഇത് എന്റെ യുദ്ധചിന്തകൾ. എനിക്കിത് നിന്നോടെങ്കിലും പറഞ്ഞില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല. അതു കൊണ്ടാണ് നിന്നെ പിടിച്ചിരുത്തി ഇങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നത് :) നിന്നോടല്ലാതെ ആരോടാണ് ഞാനിതൊക്കെ പറയുക ! :)
Subscribe to:
Posts (Atom)
കുറച്ചു ദിവസമായി, പനിയും മൂക്കൊലിപ്പും, ചുമയുമൊക്കെ തുടങ്ങീട്ട്. മരുന്നു കഴിക്കുന്നുണ്ട്. അങ്ങു തീർത്തു മാറുന്നില്ല.സാവകാശം മാറട്ടെ, അല്ലേ....
-
Alone…In the crowd.... When I was a small girl, my ambition was to be a good girl and to win the hearts of all. I felt proud of myself, wh...
-
A magical blend of wonderful scenic beauties of nature ! A perfect rainbow on the blue sky which is decorated with white clouds.. the mighty...