2015 ഒക്ടോബറിനു ശേഷം ഞാൻ ഇതുവരെ എവിടെയായിരുന്നു എന്ന് നീയെന്നോട് ചോദിക്കില്ല എന്നെനിക്കറിയാം. കാരണം, കാലത്തെ കൂസാത്ത മനസ്സാണു നിന്റേത്. അത് വളരെ മുൻപു തന്നെ ഞാൻ തിരിച്ചറിഞ്ഞതാണ്. നിന്നെ ഞാൻ ഒരിക്കലും കാത്തിരിക്കേണ്ടി വന്നിട്ടില്ല.ഈ മുറിയിയ്ക്കുള്ളിലേയ്ക്ക് കടന്നു വരുമ്പോൾ നീ എന്നെയും കാത്ത് ഒരു പുഞ്ചിരിയോടെ നോക്കിയിരിക്കുന്നതേ ഞാൻ കണ്ടിട്ടുള്ളൂ.നിന്റെ തോളിൽ ചാഞ്ഞിരിക്കുമ്പോൾ എന്റെ ഉള്ളിലെ ആകുലതകളെല്ലാം അപ്പൂപ്പൻതാടികൾ പോലെ മെല്ലെ മെല്ലെ എവിടേയ്ക്കോ പറന്നകന്നു പോവും.പക്ഷെ ഇപ്പോൾ എന്റെ മനസ്സിനെ അലട്ടുന്നത് അത്ര പെട്ടെന്ന് എടുത്തു ദൂരെക്കളയാൻ നിനക്കാവില്ലെന്ന് നിന്റെ മുഖം എന്നോടു പറയുന്നുണ്ട്. എല്ലാം നിനക്കറിയാം.അതെ. അപ്പച്ചനു തീരെ വയ്യ. ഇനി ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കാനില്ലാത്ത അത്രയ്ക്ക് അവശനായിക്കഴിഞ്ഞിരിക്കുന്നു.ആശ്വസിപ്പിക്കാനല്ലാതെ മറ്റൊന്നും ചെയ്യാനില്ലാത്ത അവസ്ഥ. ഒരുപാടുകാര്യങ്ങൾ എന്നോടു പറയാൻ മനസ്സിൽ വച്ചിട്ടുണ്ടാവണം. പക്ഷെ നാവ് എപ്പോഴോ കുഴഞ്ഞുപോയിരിക്കുന്നു. മുഖത്തെ പേശികൾ ചലിക്കാതായിരിക്കുന്നു. ആ കണ്ണുകൾ എന്നെ നോക്കുമ്പോൾ ‘ എന്റെ കണ്ണുകളിലൂടെ നീയെന്റെ ഹൃദയത്തിലേയ്ക്ക് നോക്ക്, ഞാനെല്ലാം അവിടെ എഴുതിവച്ചിട്ടുണ്ട്’ എന്നു പറയുന്നതുപോലെ.. എല്ലാം എനിക്കു വായിക്കാനാവുന്നുണ്ട്. നീ എപ്പോഴും എന്നെ ആശ്വസിപ്പിക്കുന്നയാളല്ലേ..ഇപ്പോൾ നീയെന്റെ അപ്പച്ചനെ ഒന്നു സമാധാനിപ്പിക്ക്..നിനക്കല്ലാതെ മറ്റാർക്കും അത് കഴിയില്ല.
No comments:
Post a Comment