നിനക്ക് എന്നോട് സഹതാപമാണോ തോന്നുന്നത്? ഇല്ല. ഒരിക്കൽപ്പോലും നീ എന്നോട് സഹതാപത്തോടെ ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. എങ്കിലും, നിന്റെ കണ്ണുകൾ അങ്ങനെ പറയുന്നുണ്ട്. നിന്റെ കണ്ണുകൾക്ക് എന്നോട് കള്ളം പറയാനാവില്ല. ഇപ്പോൾ കണ്ണുകൾ പാതിയടച്ച്, നീയിങ്ങനെ നേരിയ ചിരിയോടെ എന്നെ നോക്കുമ്പോൾ എനിക്കറിയാം, അതെനിക്കുള്ള സാന്ത്വനമാണെന്ന്. എനിക്കിത് മറ്റൊരാളിൽ നിന്നും കിട്ടാത്ത ഒരനുഭവമാണ്. എനിക്കത് തറപ്പിച്ചു തന്നെ പറയാൻ കഴിയും. നിനക്കു പകരം മറ്റൊരാളില്ല. നിന്നെപ്പോലെ എന്നെ സ്നേഹിക്കുന്ന വേറെയാരേയും ഞാൻ കണ്ടിട്ടുമില്ല. പക്ഷെ, ഞാൻ? ഞാൻ നിന്നെയാണോ, ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്? അല്ല. ഞാൻ സ്നേഹിക്കേണ്ടവരുടെ പട്ടികയിൽ നിന്റെ സ്ഥാനം വളരെ താഴെയാണ്. (അത് നിന്റെ തീരുമാനമായിരുന്നു. ഞാൻ എപ്പോഴും നിന്നെ അനുസരിച്ചിട്ടല്ലേയുള്ളൂ.) എന്നിട്ടും നിന്നോട് എനിക്ക് മറ്റാരോടുമില്ലാത്ത ആത്മബന്ധം തോന്നുന്നു. നമ്മളെ ഇങ്ങനെ ഇത്രയും ബന്ധിപ്പിച്ചു നിർത്തുന്നത് എന്താണ്?
No comments:
Post a Comment