Saturday, June 21, 2014

ഹൃദയമിടിപ്പുകള്‍


'ഇത് രക്ഷപെടാന്‍ ദൈവം തന്ന ഒരവസരമാണ്.  ഈ കെട്ടിയിരിക്കുന്ന വടത്തില്‍ തൂങ്ങിയാടി നമുക്കീ വെള്ളച്ചാട്ടത്തിനക്കരെ കടക്കാന്‍ കഴിയും. നീ തളര്‍ന്നു കഴിഞ്ഞു എന്നെനിക്കറിയാം.  ഞാനും ക്ഷീണിതനാണ്. എങ്കിലും,  എനിക്ക് നിന്നെ ഉപേക്ഷിച്ചു  പോവാന്‍ വയ്യ. നീ എന്റെ നെഞ്ചില്‍ ചേര്‍ന്ന് എന്നെ മുറുകെ പിടിച്ചാല്‍ മാത്രം മതി. ഒരു കാര്യം മാത്രം നീ ഓര്‍മ്മ വയ്ക്കുക. എന്റെ ഹൃദയമിടിപ്പുകള്‍ക്കൊപ്പം നിന്റെ ഹൃദയവും മിടിക്കണം. നമ്മുടെ ഹൃദയങ്ങള്‍ മിടിക്കുന്നത്‌ ഒരുമിച്ചായിരിക്കണം.  എങ്കില്‍ നമ്മള്‍ അക്കരെയെത്തിയിരിക്കും.'




ഇത്രയും മതി, ഈ പോസ്റ്റ്‌.





-

Monday, June 16, 2014

നല്ല തലവേദന. തൊണ്ടവേദന. പനിയുണ്ടെന്നു തോന്നുന്നു. മൂക്കൊലിപ്പിന്റെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട ! അപ്പൊ പിന്നെ മേലുവേദനയുടെ കാര്യം പറയണോ? ഓ, പറഞ്ഞിട്ടൊരു കാര്യവും ഇല്ല. തെറ്റ് എന്റെ തന്നെ. രണ്ടു ദിവസം നോണ്‍-സ്റ്റോപ്പ്‌  ജോലികളായിരുന്നു. ടോയ്ലറ്റുകള്‍,കുളിമുറികള്‍ ഇത്യാദികള്‍ വെടുപ്പാക്കുക.  (വെടുപ്പാക്കുക എന്നതു 'ഇന്ദുലേഖ ' ഈയിടെ പുനര്‍വായന നടത്തിയതിന്റെ വാങ്ങലാണ്. പേടിക്കാനില്ല.) ഏറ്റവും കഷ്ടം, എന്ന് പറയേണ്ടത് ഭിത്തിയില്‍ പതിച്ചിരിക്കുന്ന ടൈല്‍സ്  തേച്ചുകഴുകുന്ന കൃത്യമാണ്. കുനിഞ്ഞും നിവര്‍ന്നും നടുവിന്റെ പണിക്കുറ്റം  ഏതാണ്ട് തീര്‍ന്നു കിട്ടി. വീട്ടിലിടുന്ന ഉടുപ്പുകളൊക്കെ എപ്പോഴും വാഷിംഗ് മെഷീനില്‍ ഇടാതെ ഇടയ്ക്കൊക്കെ  കല്ലില്‍ അടിച്ചുനനയ്ക്കുന്നതാണ് ഉത്തമം. ഇതൊക്കെ അറിഞ്ഞുവച്ചുകൊണ്ട് ചെയ്യാതിരിക്കുന്നത് തെറ്റല്ലേ, എന്ന് മനസ്സാക്ഷി ചോദിച്ചാലോ എന്നോര്‍ത്ത് തുണികള്‍ കല്ലില്‍ അടിച്ച് അലക്കിവിരിച്ചു. കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി മഴ നനയേണ്ടതായി വന്നു.  ജോലികളുടെ ലിസ്റ്റ് സമയപരിമിതികള്‍ മൂലം എഴുതുന്നില്ല. രാത്രി നല്ലപോലെ ഉറങ്ങണം എന്ന് കരുതിയാണ് കിടന്നത്. മേലുവേദന യുടെ കടുപ്പം കൊണ്ട് അതും നടന്നില്ല. രാവിലെയാല്‍ പിന്നെ വീണ്ടും തനിയാവര്‍ത്തനങ്ങള്‍. ഹും. ..ഇതൊക്കെ ഈ മനസ്സാക്ഷിയെന്ന ഒറ്റയൊരാള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ്. ക്ഷമിക്കുന്നതിനും ഇല്ലേ, ഒരതിരൊക്കെ ?

ചുമ്മാ ഇങ്ങനെ കേട്ടോണ്ടിരിക്കാതെ ഞാനെന്താ ചെയ്യുക എന്നൊന്ന് പറയ്യ്..എനിക്ക് തീരെ വയ്യാണ്ടാവണ്ണ്ട് .. ഇനി പറഞ്ഞില്ലാന്നു വേണ്ടാ ! 

Monday, June 2, 2014

ഇന്നു കുറേ കാര്യങ്ങള്‍ ചെയ്തു തീര്‍ത്തു. നീ പറഞ്ഞാലേ അനുസരിക്കൂ എന്നായിട്ടുണ്ട് ! ഈ മനസ്സിന്റെയൊരു കാര്യം !! ചിലപ്പോ, എനിക്ക് ഒട്ടും പിടിക്കാറില്ല അതിന്റെ ഓരോ സ്വഭാവങ്ങള്‍. ഇന്നലെ മുതല്‍ വലിയൊരു അന്വേഷണത്തിന്റെ തിരക്കിലാണ്. ആരെയെങ്കിലും ഇപ്പൊ വേദനിപ്പിക്കുന്നുണ്ടോ എന്ന്‍ ! ഞാന്‍ വലിയൊരു വൃത്തം വരച്ചു. പിന്നെ അതിനുള്ളില്‍.. പിന്നെ അതിനുള്ളില്‍.. അങ്ങനെ കുറെ വൃത്തങ്ങള്‍. അടുപ്പവും ബന്ധവും കണക്കാക്കി ഓരോ പേരുകള്‍ എഴുതി. ഓരോ മുഖവും മനസ്സിലോര്‍ത്തു. ഞാന്‍ വേദനിപ്പിക്കുന്നുണ്ടോ എന്ന്  അവരുടെയൊക്കെ മനസ്സില്‍ കയറി നോക്കി. ഞാന്‍ അറിഞ്ഞുകൊണ്ട് ആരെയും വേദനിപ്പിക്കുന്നില്ലെന്നു മാത്രമേ എനിക്ക് മനസ്സിലായുള്ളൂ. അതൊന്നും പോരല്ലോ. പ്രത്യേകിച്ച് ഏറ്റവും  ചെറിയ വൃത്തത്തിനുള്ളില്‍ നില്‍ക്കുന്ന ഒരാളുടെ. ആ മനസ്സ് കൃത്യമായി വായിക്കാന്‍  കഴിയുന്നില്ല. എങ്ങനെയാണ് അതൊന്നു വായിച്ചെടുക്കുക? വായിക്കുമ്പോള്‍ എന്തായിരിക്കും അതിനുള്ളില്‍? നന്മ എത്ര? തിന്മ എത്ര? സന്തോഷം എത്ര? സങ്കടങ്ങള്‍ എത്ര? നിസ്സഹായത എത്ര? ബലഹീനതകള്‍ എത്ര? കഴിവുകള്‍ എത്ര? കഴിവില്ലായ്മകള്‍ എത്ര? സ്നേഹം എത്ര? വൈരാഗ്യം എത്ര? ........ ഒക്കെ എത്രയെന്കിലുമാവട്ടെ.  എനിക്ക് ആ മനസ്സിനെ സ്നേഹിക്കാതിരിക്കാനാവില്ല. ഞാനല്ലാതെ വേറെയാരുമില്ല...

നീ വിഷമിക്കല്ലേ.. ഞാന്‍ കരയുകയല്ല.. അറിയാതെ കണ്ണില്‍....


Saturday, May 31, 2014

ആളുകള്‍ എത്ര സ്വാര്‍ത്ഥരാണ് !! പത്രം കയ്യിലെടുക്കുമ്പോള്‍ പേടിയാണ്. എന്താണ് വായിക്കാന്‍ പോകുന്നതെന്ന പേടി.   നശിപ്പിക്കുക, കൊല്ലുക  ഇതൊക്കെ ആളുകള്‍ എത്ര അനായാസമാണ് ചെയ്യുന്നത് !! ആര്‍ക്ക്, എന്ത് ചെയ്യാന്‍ കഴിയും, ഇതിനെതിരെ? പലരും പലതും പരിഹാരമായി പറയുന്നുണ്ട്. ഉം. ഇതൊക്കെ എത്രയോ നാളായി പറയുന്ന കാര്യങ്ങളാണ്.  നിയമവും പോലീസുമൊക്കെ  നോക്കുകുത്തികള്‍ പോലെ നില്‍ക്കുമ്പോള്‍ ആര്‍ക്കും എന്തും ആവാമല്ലോ.

നീ എന്നെയിങ്ങനെ സഹതാപത്തോടെ നോക്കണ്ട. എന്റെ ആത്മരോഷം കണ്ടിട്ടാണോ? എങ്കില്‍ വേണ്ട. ഞാന്‍ ശരിക്കും മനസ്സ് നൊന്തു പറഞ്ഞതാണ്.  ഈ മുറിയില്‍ ഇരുന്നാല്‍ പോരാ. നാട്ടില്‍ നടക്കുന്നതൊക്കെ അറിയണം.ഉം. പിന്നെയും ചിരിക്കുന്നു. എനിക്ക് മനസ്സിലാവുന്നുണ്ട്. ഒന്നും പറയാതെ, ഒന്നും കാണാതെ, ഒന്നും കേള്‍ക്കാതെ നീ എങ്ങനെയാണ് എല്ലാം അറിയുന്നത്!? വല്ലാത്ത ഒരാള്‍ തന്നെ ! 

ഒരു കാര്യം ചോദിക്കട്ടെ? എന്നെ ഒന്നു സഹായിക്കുമോ? എനിക്ക് സമയബന്ധിതമായി കുറച്ചു കാര്യങ്ങള്‍ ചെയ്യാനുണ്ട്. ചെയ്തിട്ടും ചെയ്തിട്ടും തീരുന്നില്ല. ശരിയാവുന്നില്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി. കാര്യങ്ങള്‍ ചെയ്യാനുള്ള  മനസ്സ് ഒന്നൊരുക്കിത്തരാമോ? ഞാന്‍ പറഞ്ഞിട്ട് മനസ്സ് അനുസരിക്കുന്നില്ല. നീ പറഞ്ഞാല്‍ ഉറപ്പായും അനുസരിക്കും. എനിക്ക് അധികം വൈകാതെ എല്ലാം തീര്‍ക്കണം.

ഞാന്‍ പൊയ്ക്കോട്ടേ?

( ഇന്നലെ സന്ധ്യയ്ക്ക് ബസ്സില്‍ നിന്നിറങ്ങി റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ നീ എന്റെ പിന്നില്‍ ഉണ്ടായിരുന്നു, അല്ലെ ? ഉം.. :)   )

Friday, May 23, 2014

തൂവല്‍സ്പര്‍ശം

ഇന്നലെ ഞാന്‍ ശാന്തമായി ഉറങ്ങി. വിചിത്രമായ സ്വപ്നങ്ങളൊന്നും കണ്ടില്ല. രാവിലെ നേരത്തെ ഉണര്‍ന്നു. എന്തെന്നറിയില്ല, മനസ്സിലെ ഭാരം ആരോ എടുത്തു മാറ്റിയതു പോലെ തോന്നി. നീയാണോ അത് ചെയ്തത്? എപ്പോഴാണ് നീ അതു ചെയ്തത്? ഇന്നലെ ഈ മുറിയില്‍ നിന്റെ മുന്നിലിരിക്കുമ്പോള്‍ ഞാനൊന്നും പറഞ്ഞില്ലല്ലോ ! നീയും ഒന്നും പറഞ്ഞില്ല. നിന്റെ ഉള്ളംകൈയ്യില്‍ എന്റെ കൈകള്‍ അമര്ത്തിവച്ച്  ഒരു കൊച്ചുകുട്ടിയെ  എന്ന പോലെ നീയെന്നെ നോക്കിയിരുന്നതല്ലേയുള്ളൂ ! എപ്പോഴാണ് നീയെന്നെ സാന്ത്വനിപ്പിച്ചത്?!

വലിയൊരു തീരുമാനമാണ് ഞാനെടുത്തത്. ഈ തീരുമാനത്തിനു വലിയ ഭാരമുണ്ട്. ഇതെന്നെ തകര്‍ത്തു കളയുമോ എന്നെനിക്കറിയില്ല. എങ്കിലും എന്റെ ചുറ്റുമുള്ള എന്റെ പ്രിയപ്പെട്ടവര്‍ക്കായി ഞാനിത് ചെയ്തെ  മതിയാവൂ. എന്റെ എല്ലാ അവസ്ഥകളിലും, സുഖങ്ങളിലും ദുഃഖങ്ങളിലും, എനിക്ക് മനസ്സ് പങ്കുവയ്ക്കാന്‍ സ്നേഹമായും സാന്ത്വനമായും ഈ മുറിയില്‍ നീയുണ്ടാവും. അതു മതി, എനിക്ക്.

Thursday, May 22, 2014

മഞ്ഞ്

കഴിഞ്ഞ രാത്രിയില്‍ വിചിത്രമായ കുറെ സ്വപ്നങ്ങള്‍ കണ്ടു, മുറിഞ്ഞു മുറിഞ്ഞ് .. എല്ലാവരുടെയും ഓര്‍മ്മകളില്‍ നിന്നകന്ന്‍ .. മറവിയുടെ മഞ്ഞുമലകള്‍ക്കപ്പുറം ഞാന്‍...

Wednesday, May 21, 2014

വീണ്ടും..

ഞാന്‍ വീണ്ടും വന്നു. എല്ലാം നിനക്കറിയാം. എന്റെ ചിന്തകളും തീരുമാനങ്ങളും, എല്ലാം. വല്ലാതെ തളരുമ്പോള്‍ ഞാനിവിടെ എത്തുമെന്നും നിനക്കറിയാം. അല്ലെങ്കില്‍ വാതില്‍ക്കല്‍ നീയെന്നെ കാത്തുനില്‍ക്കുമായിരുന്നില്ല. എന്റെ തണുത്ത വിരലുകളില്‍ ഇങ്ങനെ  തഴുകുമായിരുന്നില്ല. ഞാനിവിടെ ഇരുന്നോട്ടെ, കുറച്ചുനേരം നിന്റെ അരികില്‍?

Monday, February 18, 2013

എനിക്കിന്നു നിന്റെ അരികില്‍ കുറേ നേരം ഇരിക്കണം. നിന്റെ അരികില്‍... ഇങ്ങനെ ചേര്‍ന്നിരുന്ന് എനിക്ക് നിന്നോടൊരുപാടു കാര്യങ്ങള്‍ പറയണം. അല്ലെങ്കില്‍ വേണ്ട. ഞാന്‍ ഒന്നും പറയുന്നില്ല. നീ തന്നെ എന്റെ മനസ്സു വായിച്ചാല്‍ മതി. എനിക്കൊന്നും പറയാന്‍ വയ്യ.. ഞാന്‍ നിന്റെ മാറിലെ ചൂടില്‍ ഒന്നു മയങ്ങിക്കോട്ടെ..നിനക്കെന്നോട് പറയാനുള്ളതെല്ലാം നിന്റെ ചുംബനങ്ങള്‍ എന്നോട് പറയും..

Saturday, February 9, 2013

നീ എപ്പോഴാണ് വന്നത്? എത്ര നേരമായി, എന്നെ ഇങ്ങനെ നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട്? നീ വന്നത് ഞാനറിഞ്ഞതേയില്ലല്ലോ!
നീ വരുന്നതും പോവുന്നതും ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല. എന്ത് മായാജാലമാണിത് ?!  

Thursday, January 31, 2013

 നിന്നോടെനിക്ക്  ഒരുപാട്  കാര്യങ്ങള്‍ പറയാനുണ്ട്. നിന്നോടല്ലാതെ മറ്റാരോടാണ് ഞാനെന്റെ മനസ്സിലുള്ളതൊക്കെ പറയുക? നിന്റെ തോളില്‍ ഇങ്ങനെ ചാരിയിരിക്കുമ്പോള്‍ മനസ്സിലെ കെട്ടുകളെല്ലാം മെല്ലെ മെല്ലെ അഴിയുന്നതു പോലെ.

Friday, January 25, 2013



നീയെവിടെയാണ്‌?
എനിക്കിപ്പോ, നിന്നെ കാണണം..
എന്നോടു പിണങ്ങിയിരിക്കല്ലേ ..
നീയല്ലാതെ എനിക്കാരുമില്ല..

എന്നെയൊന്നു നെഞ്ചില്‍ ചേര്‍ത്ത് പിടിക്കുമോ?
അമര്‍ത്തി ..ശ്വാസം മുട്ടിച്ച് ..എന്നെയൊന്നു ചേര്‍ത്തു പിടിയ്ക്കുമോ..
നിന്റെ ഹൃദയമിടിയ്ക്കുന്നത് എനിക്ക് കേള്‍ക്കണം.
നിന്റെ കൈകള്‍ക്കുള്ളില്‍ കിടന്ന് ഞാനീ രാത്രി ഉറങ്ങിക്കോട്ടെ?





കുറച്ചു ദിവസമായി, പനിയും മൂക്കൊലിപ്പും, ചുമയുമൊക്കെ തുടങ്ങീട്ട്. മരുന്നു കഴിക്കുന്നുണ്ട്. അങ്ങു തീർത്തു മാറുന്നില്ല.സാവകാശം മാറട്ടെ, അല്ലേ....