ആളുകള്‍ എത്ര സ്വാര്‍ത്ഥരാണ് !! പത്രം കയ്യിലെടുക്കുമ്പോള്‍ പേടിയാണ്. എന്താണ് വായിക്കാന്‍ പോകുന്നതെന്ന പേടി. നശിപ്പിക്കുക, കൊല്ലുക ഇതൊക്കെ ആളുകള്‍ എത്ര അനായാസമാണ് ചെയ്യുന്നത് !! ആര്‍ക്ക്, എന്ത് ചെയ്യാന്‍ കഴിയും, ഇതിനെതിരെ? പലരും പലതും പരിഹാരമായി പറയുന്നുണ്ട്. ഉം. ഇതൊക്കെ എത്രയോ നാളായി പറയുന്ന കാര്യങ്ങളാണ്. നിയമവും പോലീസുമൊക്കെ നോക്കുകുത്തികള്‍ പോലെ നില്‍ക്കുമ്പോള്‍ ആര്‍ക്കും എന്തും ആവാമല്ലോ.
നീ എന്നെയിങ്ങനെ സഹതാപത്തോടെ നോക്കണ്ട. എന്റെ ആത്മരോഷം കണ്ടിട്ടാണോ? എങ്കില്‍ വേണ്ട. ഞാന്‍ ശരിക്കും മനസ്സ് നൊന്തു പറഞ്ഞതാണ്. ഈ മുറിയില്‍ ഇരുന്നാല്‍ പോരാ. നാട്ടില്‍ നടക്കുന്നതൊക്കെ അറിയണം.ഉം. പിന്നെയും ചിരിക്കുന്നു. എനിക്ക് മനസ്സിലാവുന്നുണ്ട്. ഒന്നും പറയാതെ, ഒന്നും കാണാതെ, ഒന്നും കേള്‍ക്കാതെ നീ എങ്ങനെയാണ് എല്ലാം അറിയുന്നത്!? വല്ലാത്ത ഒരാള്‍ തന്നെ !
ഒരു കാര്യം ചോദിക്കട്ടെ? എന്നെ ഒന്നു സഹായിക്കുമോ? എനിക്ക് സമയബന്ധിതമായി കുറച്ചു കാര്യങ്ങള്‍ ചെയ്യാനുണ്ട്. ചെയ്തിട്ടും ചെയ്തിട്ടും തീരുന്നില്ല. ശരിയാവുന്നില്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി. കാര്യങ്ങള്‍ ചെയ്യാനുള്ള മനസ്സ് ഒന്നൊരുക്കിത്തരാമോ? ഞാന്‍ പറഞ്ഞിട്ട് മനസ്സ് അനുസരിക്കുന്നില്ല. നീ പറഞ്ഞാല്‍ ഉറപ്പായും അനുസരിക്കും. എനിക്ക് അധികം വൈകാതെ എല്ലാം തീര്‍ക്കണം.
ഞാന്‍ പൊയ്ക്കോട്ടേ?
( ഇന്നലെ സന്ധ്യയ്ക്ക് ബസ്സില്‍ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോള്‍ നീ എന്റെ പിന്നില്‍ ഉണ്ടായിരുന്നു, അല്ലെ ? ഉം.. :) )