Monday, July 25, 2011

സ്നേഹത്തിന്റെ കണക്കുകള്‍

ഇന്നെനിക്ക് ഈ മുറിയുടെ ജനാലകളെല്ലാം തുറന്നിടാന്‍ തോന്നുന്നു. ചിലപ്പോഴൊക്കെ ഞാന്‍ ഇങ്ങനെയാണ്. വേറെ ചില നേരങ്ങളില്‍ ജനാലകളൊക്കെ അടച്ചിട്ട്, മുറിയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒളിച്ചിരിക്കാന്‍ തോന്നും. അത് പോട്ടെ.

ആ പുസ്തകത്തില്‍ എന്താണെഴുതിയിരിക്കുന്നത്? സ്നേഹത്തെക്കുറിച്ച് എന്താണ് പറഞ്ഞിട്ടുണ്ടാവുക? അകലെയേതോ ഒരു ഷെല്‍ഫിനുള്ളില്‍ ആ പുസ്തകം ഇരിപ്പുണ്ട്. എനിക്കത് കാണാം. വായിക്കാം. അത് നിറയെ ചോദ്യങ്ങളാണ്.

എന്തിനെയാണ് നീ സ്നേഹമെന്നു വിളിക്കുന്നത് ?

സ്നേഹമെന്നത്.....

എന്താ പറയുക? എനിക്കറിയില്ല. അറിയില്ലെന്നു പറഞ്ഞാല്‍ പറ്റില്ല. പറഞ്ഞേ മതിയാവൂ. പറയാം. പക്ഷെ, എനിക്കൊന്നാലോചിക്കണം. ഇതിന് ഉത്തരം കണ്ടെത്താന്‍ ഒറ്റ വഴിയേ ഉള്ളൂ. മറ്റൊരു ചോദ്യം എന്നോട് തന്നെ ഞാന്‍ ചോദിക്കണം. അതല്ലാതെ മറ്റു വഴിയൊന്നുമില്ല.

ഞാന്‍ ആരെയൊക്കെയാണ് സ്നേഹിക്കുന്നത്?

ഈ ചോദ്യത്തിനുള്ള മറുപടി എളുപ്പമാണ്. (എന്നു ഞാന്‍ കരുതുന്നു.) ഒരുപക്ഷെ, ഞാന്‍ ഏറ്റവും ആദ്യം സ്നേഹിച്ചത് എന്റെ അമ്മയുടെ ഗര്‍‌ഭപാത്രത്തെയായിരിക്കണം. അതിനുള്ളില്‍ ഒരു തൊട്ടിലില്‍ എന്ന പോലെ സുഖമുള്ള ചൂടില്‍ മയങ്ങുകയായിരുന്നില്ലേ, കുറെ നാള്‍‍. പിന്നെ, പൊക്കിള്‍ക്കൊടി മുറിച്ച് എന്നെ വേര്‍പെടുത്തിയപ്പോള്‍ ഞാനെന്റെ അമ്മയെ സ്നേഹിച്ചു തുടങ്ങി. അമ്മയുടെ മാറിലെ സ്നേഹത്തിന്റെ ഊഷ്മളതയില്‍ ഞാന്‍ പിന്നെയും മയങ്ങി. ഉണര്‍ന്നു കരഞ്ഞപ്പോഴൊക്കെ വിശപ്പറിയിക്കാതെ അമ്മയെന്നെ പാലൂട്ടി ഉറക്കിക്കാണും. അമ്മയെ ഞാന്‍ സ്നേഹിച്ചു. ഒരുപാട് ഒരുപാട്.

പിന്നെ, അച്ഛനെന്നെ മടിയിലിരുത്തി കൊഞ്ചിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അച്ഛനെ സ്നേഹിച്ചു തുടങ്ങി. അച്ഛന്റെ വിരല്‍ത്തുമ്പില്‍ പിടിച്ച് നടക്കുമ്പോള്‍ അച്ഛനെ ഞാന്‍ കൂടുതല്‍ സ്നേഹിച്ചു. മുത്തശ്ശനെയും മുത്തശ്ശിയെയും ഞാന്‍ സ്നേഹിച്ചു. മുത്തശ്ശന്റെ വളഞ്ഞ മുതുകില്‍ ഞാന്‍ ആനപ്പാപ്പാനായി. എന്തൊരു രസമായിരുന്നെന്നോ, ആ യാത്രയൊക്കെ. ഉറങ്ങാന്‍ നേരം ഞാന്‍ മുത്തശ്ശിക്കഥകള്‍ കേട്ടുറങ്ങി. കുതിരപ്പുറത്തു പാഞ്ഞു വന്ന്, രാജകുമാരിയെ രക്ഷിച്ച് അവളുടെ അച്ഛനമ്മമാരുടെ അരികില്‍ തിരികെയെത്തിക്കുന്ന മന്ത്രികുമാരനെ സ്വപ്നം കണ്ടു. ഉറക്കം പിടിക്കുന്നതുവരെ ഈണത്തില്‍ കഥപറഞ്ഞു തന്നിരുന്ന മുത്തശ്ശിയെ ഞാനൊരുപാട് സ്നേഹിച്ചിരുന്നു.

അങ്ങനെ അങ്ങനെ.. ഞാന്‍ വളര്‍ന്നു. ഒപ്പം എന്റെ സ്നേഹപ്രപഞ്ചവും. പള്ളിക്കൂടത്തിലെ കണക്കു മാഷിനെ എന്തുകൊണ്ടോ ഞാന്‍ സ്നേഹിച്ചില്ല. കണക്കുകള്‍ തെറ്റിയപ്പോള്‍ കൈവെള്ളയില്‍ വീണ ചൂരല്പാടുകളെ എനിക്ക് സ്നേഹിക്കാനാവുമായിരുന്നോ? ഇല്ല. പിന്നെ കോളേജില്‍ വച്ച് എപ്പോഴോ മനസ്സില്‍ പതിഞ്ഞുപോയ ഒരു മുഖം പിന്നെയും പിന്നെയും ഓര്‍ത്ത് അതിനെ സ്നേഹിച്ചു. ഒരിക്കല്‍ പ്പോലും ആ സ്നേഹം തിരിച്ചു കിട്ടിയില്ല. അന്ന് വല്ലാതെ കരഞ്ഞു. ഒരു പക്ഷെ അന്നായിരിക്കണം, എന്റെ സ്നേഹം എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്നില്ല എന്ന സത്യം ഞാന്‍ മനസ്സിലാക്കിയത്. പക്ഷെ ആ അറിവ് എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. അത്രയും നാള്‍ ഞാന്‍ സ്നേഹിക്കുന്ന എല്ലാവരും എന്നെയും സ്നേഹിക്കുന്നു എന്നു ഞാന്‍ വിശ്വസിച്ചിരുന്നു. സ്നേഹം തിരിച്ചു കിട്ടണം എന്ന് വാശി പിടിക്കാന്‍ പാടില്ലെന്ന് അന്ന് തിരിച്ചറിവുണ്ടായി. ഒരു പക്ഷെ, അതെന്നെ കൂടുതല്‍ സ്നേഹിക്കാനായിരിക്കും, പ്രേരിപ്പിച്ചത്. ബാല്യം മുതല്‍ എനിക്കുണ്ടായിരുന്ന കൂട്ടുകാരെല്ലാം എന്നെ സ്നേഹിച്ചിട്ടുണ്ടാവും. അങ്ങനെയല്ലാതാവാന്‍ തരമില്ല. കാരണം, ആരും എന്നോട് പിണങ്ങിപ്പോയിരുന്നില്ലല്ലോ.

പിന്നീട് വിവാഹം.. ഭര്‍ത്താവ് .. മക്കള്‍.. അവരെന്നെ സ്നേഹിക്കുന്നോ എന്ന് ഞാന്‍ ആലോചിച്ചില്ല. കാരണം, ഞാന്‍ അവരെ സ്നേഹിക്കുന്ന തിരക്കിലായിരുന്നു. അവരെന്നെ എത്ര സ്നേഹിക്കുന്നുണ്ട് എന്ന് ഒരിക്കലും ചിന്തിച്ചില്ല. അവരെ സ്നേഹിക്കുന്ന തിരക്കില്‍ എനിക്കതിനു കഴിഞ്ഞില്ല. അവരെന്നെ സ്നേഹിച്ചിട്ടുണ്ട്. എങ്കിലും, ചിലപ്പോഴെങ്കിലും അവരെന്നെ വേദനിപ്പിച്ചിട്ടുണ്ടാവാം. സ്നേഹിക്കാതിരുന്നിട്ടുണ്ടാവാം. അതെന്തു തന്നെയായിരുന്നാലും, ഒരു നിമിഷം പോലും എനിക്കവരെ സ്നേഹിക്കാതിരിക്കാന്‍ കഴിഞ്ഞിട്ടില്ല.. ഒരു പക്ഷെ, അമ്മയായപ്പോഴായിരിക്കും, ഞാന്‍ എല്ലാവരെയും കൂടുതല്‍ സ്നേഹിച്ചു തുടങ്ങിയത്. അഛനമ്മമാര്‍ മുതല്‍ എല്ലാവരെയും. ഈ ലോകത്തെ തന്നെ. മറ്റുള്ളവരുടെ നൊമ്പരങ്ങള്‍ മനസ്സിലാക്കിത്തുടങ്ങിയത് അന്നു മുതല്‍ക്കാണ്. മറ്റുള്ളവര്‍ക്കു വേണ്ടി സ്വന്തം സുഖങ്ങള്‍ മാറ്റി വയ്ക്കാന്‍ പഠിച്ചത് അന്നു മുതല്‍ക്കാണ്. എന്നെ സ്നേഹിക്കാത്തവരോട് എനിക്കൊരു പിണക്കവുമില്ല. എന്തിനു പിണങ്ങണം? എനിക്കവരെ സ്നേഹിക്കാന്‍ കഴിയുന്നുണ്ടല്ലോ. അവരെന്നെ സ്നേഹിക്കാതിരിക്കാന്‍ കാരണം, ഒരുപക്ഷെ എന്റെ തന്നെ തെറ്റുകളോ കുറവുകളോ ആയിരിക്കാം. തിരുത്തലുകള്‍ വല്ലാത്തൊരാശ്വാസമാണ്, പലപ്പോഴും. ഇപ്പോള്‍ ഞാന്‍ കണക്കെടുക്കുകയാണ്, എനിക്കു കിട്ടിയ സ്നേഹത്തിന്റെ. എത്ര കൂടുതല്‍, എത്ര കുറവ് എന്നറിയാനല്ല. ഇനിയെത്ര ഞാന്‍ തിരികെ കൊടുക്കാന്‍ ബാക്കിയുണ്ട് എന്നറിയാന്‍.



ജീവിതം ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തന്നു. എന്നിട്ടും, ഇപ്പോഴും എനിക്ക് പറയാനാവുന്നില്ലല്ലോ, എന്താണ് സ്നേഹമെന്ന് !

0 comments: